മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ വലിയ പ്രതീക്ഷ നല്‍കി ആദ്യ രണ്ട് മത്സരങ്ങളും രാജസ്ഥാന്‍ റോയല്‍സ് ജയിച്ചിരിക്കുകയാണ്. സഞ്ജുവും സംഘവും ഇത്തവണ കിരീടത്തിലേക്കെത്താന്‍ സാധ്യത കൂടുതലാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ആദ്യ രണ്ട് മത്സരത്തിലേയും രാജസ്ഥാന്റെ പ്രകടനം ഗംഭീരമായിരുന്നു. സഞ്ജു സാംസണിന്റെ ഗംഭീര ക്യാപ്റ്റന്‍സിയാണ് രാജസ്ഥാന്റെ ജയത്തില്‍ നിര്‍ണ്ണായകമായതെന്ന് നിസംശയം പറയാം.
എന്നാല്‍ മുംബൈക്കെതിരേ രാജസ്ഥാന്‍ റോയല്‍സിന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. മുംബൈയുടെ തട്ടകത്തിലേക്കെത്തുമ്പോള്‍ രാജസ്ഥാന് മുന്നിലുള്ള പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ കാര്യം ടോപ് ഓഡറിന്റെ മോശം ഫോമാണ്. ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ എന്നിവരെ ബാറ്റിങ്ങില്‍ വിശ്വസിക്കാനാവാത്ത അവസ്ഥയാണ്. ഇത്തവണ ഓറഞ്ച് ക്യാപ്പിലേക്കെത്താന്‍ കഴിവുള്ളവനെന്ന് എല്ലാവരും പറഞ്ഞ താരമാണ് ജയ്‌സ്വാള്‍.

എന്നാല്‍ ആദ്യ രണ്ട് മത്സരത്തിലും ജയ്‌സ്വാളിന് തിളങ്ങാനായിട്ടില്ല. ആത്മവിശ്വാസത്തോടെയല്ല താരം കളിക്കുന്നത്. അവസാന സീസണിലെ മികവ് ഇത്തവണ ജയ്‌സ്വാളിന് കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ രാജസ്ഥാന്റെ തുടക്കം പാളുകയാണ്. ജോസ് ബട്‌ലര്‍ മറ്റൊരു പ്രധാനപ്പെട്ട താരമാണ്. ഇംഗ്ലണ്ട് നായകന്‍ ഗംഭീര റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. ഒരു സീസണില്‍ നാല് സെഞ്ച്വറിയടക്കം നേടി താരം കസറിയിട്ടുണ്ട്.
എന്നാല്‍ അവസാന സീസണില്‍ ശരാശരി പ്രകടനം മാത്രം നടത്തിയ ബട്‌ലര്‍ ഈ സീസണിലും മോശം പ്രകടനം തുടരുകയാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനോ ഇംപാക്ട് സൃഷ്ടിക്കാനോ ബട്‌ലര്‍ക്ക് സാധിക്കുന്നില്ല. ഇതും രാജസ്ഥാനെ കാര്യമായി ബാധിക്കുന്നുണ്ട്. സഞ്ജുവിന്റെ സ്ഥിരതയും പ്രശ്‌നമാണ്. മധ്യനിരയില്‍ റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍ എന്നിവരുടെ മിടുക്കിനെ അമിതമായി രാജസ്ഥാന്‍ പ്രതീക്ഷിക്കുന്നു. രാജസ്ഥാന്റെ ടോപ് ഓഡറിന്റെ ബാറ്റിങ് പ്രകടനം നിരാശപ്പെടുത്തുന്നതാണ്.
രണ്ടാമത്തെ കാരണം രാജസ്ഥാന്‍ നിരയില്‍ പേസ് ഓള്‍റൗണ്ടറുടെ അഭാവമുണ്ട്. ആദ്യ രണ്ട് മത്സരവും ജയിച്ചതിന് പിന്നില്‍ ഭാഗ്യത്തിന്റെ പിന്തുണ കാര്യമായിട്ടുണ്ട്. ആര്‍ അശ്വിനെ അഞ്ചാം നമ്പറിലടക്കം ഉപയോഗിച്ച രാജസ്ഥാന്റെ തന്ത്രങ്ങള്‍ മുംബൈക്കെതിരേ ഫലം കണ്ടേക്കില്ല. പേസ് ഓള്‍റൗണ്ടറുടെ അഭാവം രാജസ്ഥാന്റെ ബൗളിങ് നിരയില്‍ പ്രതിഫലിക്കുന്നുണ്ട്. തട്ടകത്തിന്റെ ആനുകൂല്യം മുംബൈക്കൊപ്പമാണ്. സ്വന്തം മൈതാനത്ത് മുംബൈ ശക്തരാണ്.
ആദ്യത്തെ രണ്ട് മത്സരം മുംബൈ തോറ്റിരുന്നു. എന്നാല്‍ ഇപ്പോഴും കരുത്തുറ്റ ടീമാണ് മുംബൈ. അതുകൊണ്ടുതന്നെ തോല്‍പ്പിക്കുക എളുപ്പമാവില്ല. മുംബൈയെ സംബന്ധിച്ച് ഈ മത്സരം അഭിമാന പ്രശ്‌നമാണ്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് എതിരാളികളുടെ വായടപ്പിക്കാന്‍ രാജസ്ഥാനോട് ജയിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം നായകസ്ഥാനത്തുനിന്നടക്കം ഹാര്‍ദിക്കിനെ മാറ്റാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ശക്തമായ പോരാട്ടം മുംബൈ കാഴ്ചവെച്ചേക്കും.
കണക്കുകളില്‍ രാജസ്ഥാനെക്കാള്‍ മികച്ച നിരയാണ് മുംബൈ. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ടിം ഡേവിഡ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബാറ്റിങ് നിര ശക്തം. സൂര്യകുമാര്‍ യാദവിന്റെ അഭാവമുണ്ടെങ്കിലും മുംബൈ കരുത്തരുടെ നിരയാണ്. ബൗളിങ്ങില്‍ ജസ്പ്രീത് ബുംറയും സംഘവും ശക്തമാണ്. എന്നാല്‍ മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്താനായിട്ടില്ല. എന്നാല്‍ മികച്ച പരിശീലക സംഘമുള്ള മുംബൈ ഏത് പ്രതിസന്ധിയില്‍ നിന്നും തിരിച്ചുവരാന്‍ കഴിവുള്ളവരാണ്.
നേര്‍ക്കുനേര്‍ കണക്കില്‍ രാജസ്ഥാന്‍ തീരെ മോശമല്ല. മുംബൈയില്‍ ഇരു ടീമും 10 തവണ ഏറ്റുമുട്ടിയപ്പോള്‍ 6 തവണയാണ് മുംബൈ ജയിച്ചത്. നാല് തവണ രാജസ്ഥാനും ജയിച്ചു. സഞ്ജുവിന് മുംബൈക്കെതിരേ മികച്ച റെക്കോഡുണ്ട്. സ്പിന്നര്‍മാര്‍ക്ക് മുംബൈയില്‍ നിര്‍ണ്ണായക റോളുണ്ട്. ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവരുടെ ബൗളിങ് രാജസ്ഥാനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായിരിക്കുമെന്ന് പറയാം.