ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയക്കുതിപ്പ് തുടരുകയാണ്. അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ 7 വിക്കറ്റിന്റെ ഗംഭീര ജയമാണ് രാജസ്ഥാന്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 5 വിക്കറ്റിന് 196 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 6 പന്ത് ബാക്കി നിര്‍ത്തി വിജയലക്ഷ്യം മറികടന്നു. സഞ്ജു സാംസണിന്റെ (71*) ഗംഭീര ഫിഫ്റ്റിയാണ് രാജസ്ഥാന് കരുത്തായത്.
പൊതുവേ ശാന്തനായ താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ ജയിച്ചതിന് പിന്നാലെ പതിവില്‍ നിന്ന് വ്യത്യസ്തമായി ബാറ്റുയര്‍ത്തി അലറി വിളിച്ചാണ് സഞ്ജു ജയം ആഘോഷിച്ചത്. ഇത്തരമൊരു ആഘോഷം സഞ്ജു നടത്തിയത് സെലക്ടര്‍മാര്‍ക്കുള്ള മുന്നറിയിപ്പായാണ് ആരാധകര്‍ വിലയിരുത്തുന്നത്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ പോവുകയാണ്. റിഷഭ് പന്ത് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ടീമിലുണ്ടാവും.
രണ്ടാം നമ്പര്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍ എന്നിവരില്‍ ആര് വേണമെന്നതാണ് ചര്‍ച്ചകള്‍ക്ക് വഴി തുറക്കുന്നത്. കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗവിനെതിരേ മുന്നില്‍ നിന്ന് പടനയിച്ച് വിജയം നേടിക്കൊടുത്തതോടെ സഞ്ജു രാഹുലിനെ പിന്തുണക്കുന്ന പ്രമുഖര്‍ക്കെല്ലാമുള്ള മറുപടിയാണ് കളത്തിലെ ആഘോഷത്തിലൂടെ നല്‍കിയിരിക്കുന്നത്. സഞ്ജുവിന് സ്ഥിരതയില്ലെന്നതാണ് പ്രധാനമായും മലയാളി താരത്തിനെ പിന്നോട്ട് വലിക്കുന്ന കാര്യം.
എന്നാല്‍ ഇത്തവണ സ്ഥിരതയോടെ കളിക്കുന്ന സഞ്ജു നിലവില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുണ്ട്. കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെക്കാളെല്ലാം റണ്‍സ് സഞ്ജുവാണ് നേടിയത്. കൂടാതെ മത്സരം ഫിനിഷ് ചെയ്യാന്‍ കഴിവില്ലെന്ന ആക്ഷേപത്തിനും പ്രകടനത്തിലൂടെ അദ്ദേഹം മറുപടി നല്‍കി. 33 പന്ത് നേരിട്ട് 7 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജു കസറിയത്. എല്ലാ വിമര്‍ശകരുടേയും വായടപ്പിക്കാന്‍ സഞ്ജുവിന് സാധിച്ചു.

എന്നാല്‍ ഇപ്പോഴും സഞ്ജുവിനെക്കാള്‍ മുന്‍ഗണന രാഹുലിനാണുള്ളത്. സഞ്ജുവിന്റെ അന്താരാഷ്ട്ര ടി20യിലെ കണക്കുകള്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും നടക്കുന്ന ടി20 ലോകകപ്പില്‍ അനുഭവസമ്പത്തിന് സെലക്ടര്‍മാര്‍ മുന്‍ഗണന നല്‍കിയാല്‍ സഞ്ജു തഴയപ്പെടുകയും രാഹുല്‍ ലോകകപ്പ് കളിക്കുകയും ചെയ്യാനുള്ള സാധ്യതയാണ് കൂടുതല്‍. എന്തായാലും ഈ സീസണില്‍ വ്യക്തമായ ലക്ഷ്യത്തോടെ കളിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്.
എബി ഡിവില്ലിയേഴ്‌സിനുള്ള സഞ്ജുവിന്റെ മറുപടിയാണിതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. റിഷഭ് പന്തിനെപ്പോലെ മത്സരം ഫിനിഷ് ചെയ്യാന്‍ സഞ്ജുവിന് കഴിവില്ലെന്ന് ഡിവില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് തൊട്ടടുത്ത മത്സരത്തില്‍ത്തന്നെ രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ച് ഡിവില്ലിയേഴ്‌സിന് കടുത്ത മറുപടി നല്‍കാന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. വരുന്ന മത്സരങ്ങളിലും ഇതേ ഫോമില്‍ കളിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
എന്തായാലും സെലക്ടര്‍മാര്‍ക്ക് സഞ്ജുവിനെ പൂര്‍ണ്ണമായും അവഗണിക്കുക എളുപ്പമല്ല. അങ്ങനെ തഴഞ്ഞാല്‍ വലിയ വിമര്‍ശനം തന്നെ സഞ്ജുവിനെതിരേ ഉയര്‍ന്നേക്കും. അനായാസം റണ്‍സുയര്‍ത്താന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് സഞ്ജു. പ്രത്യേകിച്ച് സ്പിന്നര്‍മാര്‍ക്കെതിരേ ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ സഞ്ജുവിന് കഴിവുണ്ട്. സ്ഥിരതയില്ലെന്ന ആക്ഷേപത്തിന് ഇപ്പോള്‍ പ്രകടനം കൊണ്ടും സഞ്ജു മറുപടി നല്‍കുമ്പോള്‍ സെലക്ടര്‍മാര്‍ക്ക് മാറ്റിനിര്‍ത്തുക എളുപ്പമാവില്ല.
നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം നിര്‍ണ്ണായകമാവും. രോഹിത് രാഹുലിനെ പിന്തുണച്ചാല്‍ സഞ്ജുവിന് കരക്കിരുന്ന് കളി കാണേണ്ടി വരും. എന്തായാലും ഇത്തവണ സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫിന്റെ തൊട്ടടുത്തേക്കെത്തിയിരിക്കുകയാണ്. കപ്പിലേക്കെത്താന്‍ ഇവര്‍ക്ക് സാധിക്കുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്. സഞ്ജുവിന്റെ ആരാധകരെയെല്ലാം സന്തോഷിപ്പിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്.