മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയില്‍ മുംബൈ ഇന്ത്യന്‍സിന്റെ മാനംകാത്തത് മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. വാംഖഡെയില്‍ മുംബൈ 20 റണ്‍സിനു പൊരുതിത്തോറ്റ കളിയില്‍ ആഹ്ലാദിക്കാന്‍ വക നല്‍കിയ ഏക കാര്യം ഹിറ്റ്മാന്റെ അപരാജിത സെഞ്ച്വറിയാണ്. പുറത്താവാതെ 105 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 63 ബോളുകള്‍ നേരിട്ട രോഹിത്തിന്റെ ഇന്നിങ്‌സില്‍ 11 ഫോറും അഞ്ചു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
അദ്ദേഹത്തിന്റെ സെഞ്ച്വറിയില്ലായിരുന്നെങ്കില്‍ വലിയൊരു തോല്‍വിയിലേക്കു മുംബൈ കൂപ്പുകുത്തുമായിരുന്നു. കാരണം മറ്റാരും മുംബൈ ബാറ്റിങ് ലൈനപ്പില്‍ 35 റണ്‍സ് പോലും തികച്ചിരുന്നില്ല. രോഹിത്തിന്റെ ഈ സെഞ്ച്വറിയില്‍ വിരാട് കോലിയുടെ ആരാധകര്‍ ഒട്ടും ഹാപ്പിയല്ല. രോഹിത്തിന്റെ ഇന്നിങ്‌സ് അത്ര മികച്ചതൊന്നും അല്ലെന്നും സെഞ്ച്വറിക്കായി അവസാന ഘട്ടത്തില്‍ ഇന്നിങ്‌സിന്റെ വേഗത കുറച്ചതായും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

കോലി നേരത്തേ 67 ബോളില്‍ സെഞ്ച്വറി നേടിയപ്പോള്‍ അതു സെല്‍ഫിഷ് ഇന്നിങ്‌സെന്നു വിമര്‍ശിച്ചവരാണ് ഇപ്പോള്‍ രോഹിത് 61 ബോളില്‍ സെഞ്ച്വറി നേടിയപ്പോള്‍ വാനോളം പുകഴ്ത്തുന്നതെന്നും ഇവര്‍ പരിഹസിക്കുന്നു. ആദ്യത്തെ 73 റണ്‍സ് അതിവേഗത്തില്‍ അടിച്ചെടുത്ത രോഹിത് പിന്നീട് സെഞ്ച്വറി ലക്ഷ്യമിട്ട് മനപ്പൂര്‍വ്വം സ്ലോ ബാറ്റിങാണ് കാഴ്ചവച്ചതെന്നാണ് വിമര്‍ശകരുടെ പ്രധാനപ്പെട്ട ആരാപണം.
ആദ്യത്തെ 42 ബോളുള്‍ കഴിയുമ്പോള്‍ രോഹിത്തിന്റെ അക്കൗണ്ടില്‍ 73 റണ്‍സുണ്ടായിരുന്നു. സെഞ്ച്വറിയിലെത്താന്‍ അദ്ദേഹത്തിനു അപ്പോള്‍ വേണ്ടത് 27 റണ്‍സ് മാത്രം. പക്ഷെ അടുത്ത 21 ബോളില്‍ വെറും 32 റണ്‍സ് മാത്രമേ രോഹിത്തിനിനു നേടാനായിട്ടുള്ളൂ. ഇതിനെ സെല്‍ഷിഷ് ഇന്നിങ്‌സെന്നല്ലാതെ മറ്റെന്താണ് വിളിക്കാന്‍ സാധിക്കുകയെന്നാണ് കോലി ഫാസിന്റെ ചോദ്യം. മുംബൈ ഇന്നിങ്‌സിലെ 12 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ രണ്ടു വിക്കറ്റിനു 118 റണ്‍സാണ് ഉണ്ടായിരുന്നത്. 43 ബോളില്‍ 74 റണ്‍സോടെ രോഹിത്തും 12 ബോളില്‍ 21 റണ്‍സുമായി തിലക് വര്‍മയുമായിരുന്നു ക്രീസില്‍.

പിന്നീട് ഇതേ വേഗതയില്‍ സ്‌കോര്‍ ചെയ്യാന്‍ രോഹിത്തിനു സാധിച്ചില്ല. 13ാം ഓവറില്‍ രണ്ടു ബോളുകള്‍ കളിച്ച അദ്ദേഹം ഒരു സിംഗിളാണ് നേടിയത്. മതീശ പതിരാനയുടെ അടുത്ത ഓവറില്‍ ഒരു ബോളില്‍ ഒരു റണ്‍സും രോഹിത് നേടി. 15ാമത്തെ ഓവര്‍ ബൗള്‍ ചെയ്തത് ശര്‍ദ്ദുല്‍ ടാക്കൂറാണ്. ഈ ഓവറില്‍ മൂന്നു ബോളാണ് രോഹിത്തിനു ലഭിച്ചത്. നേടിയതാവട്ടെ സിംഗിള്‍ മാത്രം. തുഷാര്‍ പാണ്ഡെയെറിഞ്ഞ 16ാം ഓവറില്‍ രണ്ടു ബോളില്‍ ഒരു സിംഗിളാണ് അദ്ദേഹമെടുത്തത്.
നീണ്ട ഇടവേളയ്ക്കു ശേഷം 17ാം ഓവറിലാണ് രോഹിത്തിന്റെ ഒരു ഫോര്‍ കണ്ടത്. മുസ്തഫിസുര്‍ റഹ്‌മാനെറിഞ്ഞ ഓവറിലെ അഞ്ചാമത്തെ ബോളിലാണ് ഹിറ്റ്മാന്‍ ഫോര്‍ പായിച്ചത്. അടുത്ത ബോളില്‍ സിംഗിളുമെടുത്തു. 18ാം ഓവറില്‍ നാലു ബോളുകള്‍ രോഹിത്തിനു ലഭിച്ചെങ്കിലും ഇവയില്‍ നിന്നും സ്‌കോര്‍ ചെയ്യാനായത് അഞ്ചു റണ്‍സ് മാത്രം.
മുസ്തഫിസുറിന്റെ 19ാം ഓവറില്‍ അഞ്ചു ബോളുകളാണ് (രണ്ട് വൈഡ്) രോഹിത് നേരിട്ടത്. ഒരു സിക്‌സര്‍ അദ്ദേഹം പായിക്കുകയും ചെയ്തു. പതിരാനയെറിഞ്ഞ 20ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ ഫോറടിച്ചാണ് രോഹിത്ത് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. പക്ഷെ അദ്ദേഹം ഈ നേട്ടം ആഘോഷിക്കുകയൊന്നും ചെയ്തിരുന്നില്ല. കാരണം അപ്പോഴേക്കും മുംബൈ കളി തോറ്റു കഴിഞ്ഞിരുന്നു.