ഐപിഎല്ലിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസവും ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനുമായ എംഎസ് ധോണിയുടെ സ്ഥാനം. 2008ലെ പ്രഥമ സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ സ്വന്തമാക്കിയ അദ്ദേഹത്തെ പിന്നീടൊരിക്കലും സിഎസ്‌കെ കൈവിട്ടതുമില്ല. അഞ്ചു ഐപിഎല്‍ ട്രോഫികളാണ് ഇതിനിടെ സിഎസ്‌കെയ്ക്കു ധോണി സമ്മാനിച്ചത്. അടുത്ത സീസണിലും സിഎസ്‌കെയെ നയിക്കാന്‍ തയ്യാറെടുക്കുകയാണ് 42 കാരനായ താരം.
എന്നാല്‍ സിഎസ്‌കെയ്ക്കു പകരം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഐപിഎല്ലില്‍ ധോണി നയിക്കുന്നത് ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ആര്‍സിബിയുടെ തലവര തന്നെ മറ്റൊന്നാവുമായിരുന്നു. പ്രഥമ സീസണ്‍ മുതല്‍ ഇതുവരെയുള്ള എല്ലാ സീസണുകളിലും കളിച്ചിട്ടും ഒരു കിരീടം പോലും സ്വന്തമാക്കാന്‍ ആര്‍സിബിക്കായിട്ടില്ല.

യഥാര്‍ഥത്തില്‍ ധോണിയെ 2008ലെ ലേലത്തില്‍ ടീമിലേക്കു കൊണ്ടുവരാന്‍ ആര്‍സിബിക്കു മുന്നില്‍ അവസരമുണ്ടായിരുന്നു. പക്ഷെ അവര്‍ക്കു അതിനായില്ല. എന്തായിരുന്നു ഇതിനു കാരണമെന്നു അന്നത്തെ ലേല പ്രക്രിയകള്‍ നിയന്ത്രിച്ച റിച്ചാര്‍ഡ് മാഡ്‌ലി വെളിപ്പടുത്തുകയും ചെയ്തിരുന്നു. ഏകദേശം ആറു കോടിയോളം രൂപയ്ക്കായിരുന്നു ധോണിയെ സിഎസ്‌കെ അന്നു സ്വന്തമാക്കിയത്. പ്രഥമ ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരവും അദ്ദേഹം തന്നെയായിരുന്നു.
ലേലത്തില്‍ ധോണിയുടെ പേര് വന്നപ്പോള്‍ മൂന്നു ടീമുകളായിരുന്നു താല്‍പ്പര്യം പ്രകടിപ്പിച്ചത്. സിഎസ്‌കെയെക്കൂടാതെ മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി എന്നിവരായിരുന്നു ഇത്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്മാരാക്കിയ ക്യാപ്റ്റനായിരുന്നു ധോണി. ഇതാണ് ലേലത്തില്‍ അദ്ദേഹത്തിന്റെ താരമൂല്യം വര്‍ധിപ്പിച്ചത്. ധോണിയെ വാങ്ങാന്‍ ആര്‍സിബിക്കു താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും അവര്‍ കൂടുതല്‍ തുക ഇതിനായി മുടക്കാന്‍ തയ്യാറായില്ലെന്നു റിച്ചാര്‍ഡ് മാഡ്‌ലി വ്യക്തമാക്കി.
ആര്‍സിബി അന്നത്തെ ലേലത്തില്‍ ഉപയോഗിച്ച അതേ ബിഡ്ഡിങ് പാഡാണിത് (പാഡ് ഉയര്‍ത്തിക്കാണിക്കുന്നു). ഫ്രാഞ്ചൈസിയുടെ ഒഫീഷ്യല്‍ പേര് അപ്പോള്‍ തീരുമാനിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ബെംഗളൂരു എന്ന പേരിലായിരുന്നു അവര്‍ ലേലത്തില്‍ പങ്കെടുത്തത്. 2008ലെ ലേലത്തില്‍ എംഎസ് ധോണിക്കു വേണ്ടി അവര്‍ ഉയര്‍ന്ന തുക വിളിക്കാന്‍ തയ്യാറായില്ല. അതില്‍ ഖേദിക്കുന്നുണ്ടാവുമെന്നും റിച്ചാര്‍ഡ് മാഡ്‌ലി നേരത്തേ നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ലേലത്തില്‍ കൂടുതല്‍ തുക ധോണിക്കു വേണ്ടി ഓഫര്‍ ചെയ്തിരുന്നെങ്കില്‍ അതു അവര്‍ക്കു വലിയൊരു പ്രശ്‌നം സൃഷ്ടിക്കുമായിരുന്നു. കാരണം നിയമപ്രകാരം ഒരു ഫ്രാഞ്ചൈസിയുടെ ഐക്കണ്‍ താരത്തിനു ആ ടീമിലെ വിലയേറിയ താരത്തേക്കാള്‍ 15 ശതമാനം അധികം ശമ്പളം നല്‍കേണ്ടിയിരുന്നു. ഇതും ആര്‍സിബിയുടെ പിന്മാറ്റത്തിനു ഒരു പ്രധാന കാരണമാവാം.
മുന്‍ ഇതിഹാസമായ രാഹുല്‍ ദ്രാവിഡിനെ ഐക്കണ്‍ താരമായി ആര്‍സിബി അന്നു തിരഞ്ഞെടുത്തിരുന്നും. ഇതേ വെല്ലുവിളി മുംബൈയ്ക്കുണ്ടായിരുന്നു. കാരണം ലേലത്തിനു മുമ്പ് തന്നെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ അവര്‍ ഐക്കണ്‍ താരമായി നിയമിച്ചിരുന്നു. പക്ഷെ ഐക്കണ്‍ താരമില്ലാതെയാണ് സിഎസ്‌കെ ലേലത്തിനെത്തിയത്. അതിന്റെ ആനുകൂല്യം അവര്‍ക്കു ലഭിക്കുകയും ചെയ്തു.
ഈ കാരണത്താല്‍ തന്നെയാണ് ആറു കോടി രൂപയോളം ധോണിക്കു വേണ്ടി മുടക്കാന്‍ സിഎസ്കെയ്ക്കു സാധിക്കുകയും ചെയ്തത്. പക്ഷെ ധോണിയെ കൈവിട്ടതിലൂടെ അന്നു തങ്ങള്‍ എത്ര മാത്രം വലിയ അബദ്ധമാണ് കാണിച്ചതെന്നു വൈകാതെ മുംബൈയ്ക്കും ആര്‍സിബിക്കും ബോധ്യമാവുകയും ചെയ്തു. രോഹിത് ശര്‍മ പിന്നീട് ക്യാപ്റ്റനായി വന്നതോടെ മുംബൈ അഞ്ചു തവണ കപ്പുയര്‍ത്തിയെങ്കിലും ആര്‍സിബിക്കു ഒരിക്കല്‍പ്പോലും ഇതിനു ഭാഗ്യവുമുണ്ടായില്ല.