ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഏഴാം തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ജീവന്‍ മരണ പോരാട്ടത്തിനിറങ്ങിയ മുംബൈക്ക് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് 4 വിക്കറ്റിന് തോല്‍ക്കേണ്ടി വന്നതാണ് തിരിച്ചടിയായത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 7 വിക്കറ്റിന് 144 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗ 4 പന്തും 4 വിക്കറ്റും ബാക്കിയാക്കി വിജയം നേടുകയായിരുന്നു. ഈ തോല്‍വിയോടെ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചുവെന്ന് തന്നെ പറയാം.
ഇനി പ്ലേ ഓഫിലേക്ക് മുംബൈ എത്താന്‍ മഹാ അത്ഭുതങ്ങള്‍ തന്നെ സംഭവിക്കേണ്ടിയിരിക്കുന്നു. നിലവിലെ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ മുംബൈ ഇനി പ്ലേ ഓഫിലെത്തില്ല. 10 മത്സരത്തില്‍ നിന്ന് മുംബൈ നേരിടുന്ന ഏഴാം തോല്‍വിയാണിത്. 6 പോയിന്റോടെ മുംബൈ 9ാം സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റ് -0.272 ആണ്. ഇനി നാല് മത്സരങ്ങളാണ് മുംബൈക്ക് ശേഷിക്കുന്നത്. ഈ നാല് മത്സരങ്ങള്‍ ജയിച്ചാലും മുംബൈക്ക് ലഭിക്കുന്ന പരമാവധി പോയിന്റ് 14 ആണ്.
10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ 14 പോയിന്റ് നേടി പ്ലേ ഓഫിലേക്കെത്തുകയെന്നത് വളരെ കടുപ്പം തന്നെയാണ്. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന് 16 പോയിന്റുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് എന്നീ ടീമുകള്‍ക്ക് 12 പോയിന്റുകളാണുള്ളത്. സിഎസ്‌കെ, സണ്‍റൈസേഴ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്ക് 10 പോയിന്റാണുള്ളത്. ഗുജറാത്ത് ടൈറ്റന്‍സിന് 8 പോയിന്റുമുണ്ട്. അതുകൊണ്ടുതന്നെ മുംബൈക്ക് തുടര്‍ ജയങ്ങള്‍ നേടിയാലും പ്ലേ ഓഫിലെത്തുക പ്രയാസമായിരിക്കും.
മുംബൈക്ക് ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം ശക്തരായ എതിരാളികളാണുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ രണ്ട് മത്സരങ്ങളും സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് എന്നീ ടീമുകളെയുമാണ് ഇനി മുംബൈ നേരിടേണ്ടത്. നിലവിലെ ടീമിന്റെ പ്രകടനം പരിഗണിക്കുമ്പോള്‍ ഈ മത്സരങ്ങളെല്ലാം മുംബൈ ജയിക്കുകയെന്നത് പ്രയാസമാണ്. മുംബൈയുടെ ടീമിനുള്ളിലെ പടലപ്പിണക്കമാണ് ടീമിനെ പിന്നോട്ടടിക്കുന്നത്.

ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയപ്പോള്‍ മുതല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് മുംബൈയെ ഈ ഒരു അവസ്ഥയിലേക്കെത്തിച്ചത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ശക്തമായ താരനിര മുംബൈക്കൊപ്പമുണ്ടായിട്ടും പല മത്സരങ്ങളിലും മുംബൈ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ടോപ് ഓഡര്‍ നിരാശപ്പെടുത്തുന്നതാണ് മുംബൈയെ പിന്നോട്ടടിക്കുന്ന പ്രധാനപ്പെട്ട കാര്യം. മികച്ച പ്ലേയിങ് 11നെ സൃഷ്ടിക്കാന്‍ പോലും മുംബൈക്ക് സാധിച്ചിട്ടില്ല.
രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കൊന്നും വിശ്വസ്തരാവാന്‍ സാധിക്കുന്നില്ല. സ്ഥിരതയോടെ കളിച്ച് റണ്‍സുയര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കും ഫോമില്ല. ലഖ്‌നൗവിനെതിരേ ഗോള്‍ഡന്‍ ഡെക്കായാണ് ഹാര്‍ദിക് പുറത്തായത്. ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കാന്‍ മുംബൈ നിരയില്‍ താരങ്ങളില്ല. ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറയും നുവാന്‍ തുഷാരയും ജെറാള്‍ഡ് കോയിറ്റ്‌സെയുമെല്ലാമുണ്ട്.
എന്നാല്‍ ഇവരെയെല്ലാം നന്നായി ഉപയോഗിക്കാന്‍ നായകനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് സാധിക്കുന്നില്ലെന്നതാണ് വസ്തുത. എന്തായാലും രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക്കിനെ നായകനാക്കിയത് വലിയ മണ്ടത്തരമായെന്ന് ഇപ്പോള്‍ ടീം മാനേജ്‌മെന്റിന് വ്യക്തമായിട്ടുണ്ടാവും. ഹാര്‍ദിക്കിനെതിരേ ടീമിനുള്ളില്‍ നടക്കുന്ന പടയൊരുക്കം പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. എന്തായാലും മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചുവെന്നതാണ് വസ്തുത.
അടുത്ത സീസണില്‍ മുംബൈയുടെ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കാം. ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ വലിയ അഴിച്ചുപണികളോടെ മുംബൈക്ക് മടങ്ങിവരാനായേക്കും. മെഗാ ലേലം ഈ സീസണിന് ശേഷം നടക്കാന്‍ പോവുകയാണ്. എന്തായാലും ഈ സീസണിലെ മുംബൈയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തി.