വമ്പന്‍ താരനിരയുണ്ടായിട്ടും മുംബൈ ഇന്ത്യന്‍സ് ഈ ഐപിഎല്ലില്‍ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡൈഴ്‌സുമായുള്ള കഴിഞ്ഞ മല്‍സരത്തിലേറ്റ തോല്‍വിയോടെ മുംബൈയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ അവസാനിക്കുകയും ചെയ്തിരുന്നു. 11 മല്‍സരങ്ങളില്‍ വെറും മൂന്നെണ്ണത്തില്‍ മാത്രമാണ് മുംബൈയ്ക്കു ജയിക്കാനായത്. ശേഷിച്ച എട്ടു മല്‍സരങ്ങളിലും പരാജയമായിരുന്നു ഫലം.
ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററായ സൂര്യകുമാര്‍ യാദവ്, ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍ ജസ്പ്രീത് ബുംറ, ഇവരെക്കൂടാതെ രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ടിം ഡേവിഡ് തുടങ്ങി മാച്ച് വിന്നര്‍മാരുടെ വലിയ നിരയുണ്ടായിട്ടും മുംബൈയ്ക്കു ഇങ്ങനെയൊരു ദുരന്തം എങ്ങനെ സംഭവിച്ചുവെന്ന ഞെട്ടലിലും നിരാശയിലുമാണ് ആരാധകര്‍. എവിടയാണ് ഈ സീസണില്‍ മുംബൈയ്ക്കു പിഴച്ചത്? മുംബൈയുടെ തകര്‍ച്ചയ്ക്കു പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

ആദ്യത്തെ കാരണം ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക്കിന്റെ പരാജയം തന്നെയാണ്. രോഹിത്തിനു പകരം ടീമിന്റെ നായകസ്ഥാനമേറ്റെടുത്ത ശേഷം ടീമിനകത്തും ആരാധകര്‍ക്കിടയിലും അദ്ദേഹം വെറുക്കപ്പെട്ടവനായി മാറി. മുംബൈ താരങ്ങളുടെ വിശ്വാസമോ, സ്‌നേഹമോ നേടിയെടുക്കാന്‍ ഹാര്‍ദിക്കിനായില്ല. അതുകൊണ്ടു തന്നെ താരങ്ങളില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടു വരാനും അദ്ദേഹത്തിനു സാധിച്ചില്ല.
ഹാര്‍ദിക്കിന്റെ നേതൃശേഷിയില്‍ ആര്‍ക്കും സംശയം കാണില്ല. കാരണം ഗുജറാത്ത് ടൈറ്റന്‍സിനെ 2022ല്‍ ചാംപ്യന്‍മാരും കഴിഞ്ഞ വര്‍ഷം റണ്ണറപ്പുമാക്കിയ ക്യാപ്റ്റനാണ് അദ്ദേഹം. ഈ കാരണത്താല്‍ തന്നെയാണ് ഹാര്‍ദിക്കിനെ മുംബൈ തിരികെ വാങ്ങിയത്. പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല താരമെന്ന നിലയിലും അദ്ദേഹം മുംബൈയില്‍ ഫ്‌ളോപ്പായി തീര്‍ന്നു. ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ സാധിക്കാതെ പോയ ഹാര്‍ദിക്കിനു ബൗളിങിലും ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചില്ല.
ബാറ്റിങില്‍ കടലാസിലെ കരുത്ത് മുംബൈയ്ക്കു ഈ സീസണില്‍ പുറത്തെടുക്കാനായില്ലെന്നതാണ് തിരിച്ചടിയായ രണ്ടാമത്തെ കാരണം. ബാറ്റിങ് ലൈനപ്പില്‍ തിലക് വര്‍മ മാത്രമാണ് ടീമിനായി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചത്. സൂര്യ രണ്ടു മല്‍സരങ്ങള്‍ കൂടുമ്പോള്‍ ഒരു മികച്ച ഇന്നിങ്‌സ് കളിച്ചപ്പോള്‍ ബാക്കിയുള്ളവരൊന്നും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്തിയില്ല. രോഹിത്, ഇഷാന്‍, ഹാര്‍ദിക് എന്നിവരൊന്നും ബാറ്റിങില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാതിരുന്നത് മുംബൈയ്ക്കു ക്ഷീണമായി മാറി.
കരെണ്‍ പൊള്ളാര്‍ഡിന്റെ വിരമിക്കലിനു ശേഷം ലോവര്‍ ഓര്‍ഡറില്‍ അതുപോലെയൊരു താരത്തെ മുംബൈയ്ക്കു ലഭിച്ചില്ലെന്നതും എടുത്തു പറയേണ്ടതാണ്. ഡേവിഡ് ചില മല്‍സരങ്ങളില്‍ കസറുമ്പോള്‍ മറ്റുള്ളവയില്‍ നിരാശപ്പെടുത്തുകയും ചെയ്യുകയാണ്.
ബൗളിങില്‍ ബുംറയെ മാറ്റിനിര്‍ത്തിയാല്‍ മറ്റാരും തന്നെ കാര്യമായ ഇംപാക്ടുണ്ടാക്കിയില്ലെന്നതാണ് മുംബൈയുടെ പതനത്തിന്റെ മൂന്നാമത്തെ കാരണം. ബുംറ തന്റെ കഴിവിന്റെ പരമാവധി ടീമിനു നല്‍കിയെങ്കിലും അതുപോലെയൊരു പ്രകടനം മറ്റാരില്‍ നിന്നും ലഭിക്കാതിരുന്നത് മുംബൈയെ ബാധിച്ചു.
നേരത്തേ ഒന്നിലധികം ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തിയപ്പോഴാണ് മുംബൈ വിലസിയിട്ടുള്ളത്. ഇത്തവണ ബുംറയ്ക്കു കൂട്ടായുള്ള ജെറാള്‍ഡ് കോട്‌സി വിക്കറ്റുകളെടുത്തെങ്കിലും റണ്‍സ് ഒരുപാട് വഴങ്ങിയത് തിരിച്ചടിയായി. പിയൂഷ് ചൗള നയിച്ച മുംബൈയുടെ സ്പിന്‍ നിരയും വളരെ ദുര്‍ബലമായാണ് കാണപ്പെട്ടത്.

മികച്ച അണ്‍ക്യാപ്ഡ് താരങ്ങളുടെ അഭാവമാണ് മുംബൈയ്ക്കു തിരിച്ചടിയായ നാലാമത്തെ കാര്യം. നേരത്തേ പല സൂപ്പര്‍ താരങ്ങളെയും വളര്‍ത്തിക്കൊണ്ടുവന്ന മുംബൈയ്ക്കു ഇപ്പോള്‍ ഈ തരത്തില്‍ പുതിയ കളിക്കാരെ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നതു ക്ഷീണമാണ്.
വിദേശതാരങ്ങളുടെ സെലക്ഷന്റെ കാര്യത്തിലുള്ള ചില അബദ്ധങ്ങളും മുംബൈയുടെ പതനത്തിനു വഴിയൊരുക്കിയതായി കാണാം. സ്‌പെഷ്യലിസ്റ്റ് ബാറ്ററായി വിദേശ താരങ്ങളെ ശരിയായി ഉപയോഗിക്കാന്‍ മുംബൈയക്കു ഇത്തവണ സാധിച്ചില്ല.
ടോപ്പ് സെവനില്‍ പ്രധാനമായും ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ടീം കോമ്പിനേഷനാണ് മുംബൈ പരീക്ഷിച്ചത്. ഡെവാള്‍ഡ് ബ്രെവിസിനെ രണ്ടു മല്‍സരങ്ങളില്‍ മുംബൈ നാലാം നമ്പറില്‍ ഇറക്കിയെങ്കിലും പിന്നീട് തഴയപ്പെടുകയായിരുന്നു. വിദേശ ബാറ്റര്‍മാരുടെ പ്രകടനം മറ്റു ടീമുകള്‍ക്കെല്ലാം ഗുണം ചെയ്തപ്പോള്‍ മുംബൈയ്ക്കു അതു ലഭിച്ചില്ലെന്നു കാണാം.