Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ധോണി പേടിച്ചോ? എന്തുകൊണ്ട് ആറാം നമ്പറില്‍ കളിച്ചില്ല; ആരാധകര്‍ക്ക് നിരാശ

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 18ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സ് 5 വിക്കറ്റിന് 165 റണ്‍സ് നേടിയിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ സിഎസ്‌കെയ്ക്ക് പ്രതീക്ഷിച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കാനായില്ല. പവര്‍പ്ലേയിലും ഡെത്തോവറിലും ടീം സ്‌കോര്‍ ഇഴയുകയാണ് ചെയ്തത്. സിഎസ്‌കെ ശരാശരി സ്‌കോറിലേക്ക് ഒതുങ്ങിയതിന് പിന്നാലെ ധോണിക്കെതിരേ ആരാധകര്‍ തിരിഞ്ഞിരിക്കുകയാണ്.

എന്തുകൊണ്ടാണ് ധോണി ആറാം നമ്പറില്‍ ബാറ്റുചെയ്യാതിരുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ സിഎസ്‌കെ തോറ്റെങ്കിലും ധോണിയുടെ ബാറ്റിങ് വെടിക്കെട്ട് ആരാധകരെ സന്തോഷിപ്പിച്ചിരുന്നു. അവസാന ഓവറില്‍ രണ്ട് സിക്‌സും ഫോറുമടക്കം ധോണി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ ഹൈദരാബാദിനെതിരേ ധോണി ബാറ്റിങ്ങില്‍ സ്വയം പിന്നോട്ടിറങ്ങുകയാണ് ചെയ്തത്.

അവസാന ഓവറിലാണ് ധോണി ബാറ്റു ചെയ്യാനെത്തുന്നത്. ധോണി ക്രീസിലെത്തുമ്പോള്‍ 3 പന്തുകളായിരുന്നു ബാക്കിയുണ്ടായിരുന്നത്. ടി നടരാജനെറിഞ്ഞ അവസാന ഓവറില്‍ നേരിട്ട ആദ്യ പന്ത് ധോണി ഡോട്ട്‌ബോളാക്കി. രണ്ടാം പന്ത് സിംഗിളെടുത്ത ധോണി 2 പന്തില്‍ 1 റണ്‍സുമായി ക്രീസില്‍ തുടര്‍ന്നു. ഡാരില്‍ മിച്ചലാണ് ആറാം നമ്പറില്‍ ബാറ്റുചെയ്യാനെത്തിയത്. ഡെത്തോവറില്‍ മിച്ചലിന്റെ മുട്ടിടിച്ചു. 11 പന്തില്‍ 1 ബൗണ്ടറി ഉള്‍പ്പെടെ 13 റണ്‍സാണ് മിച്ചല്‍ നേടിയത്.

118.18 സ്‌ട്രൈക്ക് റേറ്റിലാണ് മിച്ചല്‍ കളിച്ചത്. മിച്ചല്‍ ബാറ്റുചെയ്യാനിറങ്ങും മുമ്പ് ധോണി ബാറ്റു ചെയ്യണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ഡല്‍ഹിക്കെതിരേ തിളങ്ങിയ ധോണി എന്തുകൊണ്ടാണ് ഹൈദരാബാദിനെതിരേ നേരത്തെ ബാറ്റു ചെയ്യാന്‍ എത്താതിരുന്നത്. ധോണിക്ക് ഭയമാണോയെന്നാണ് എതിരാളികള്‍ ട്രോളുന്നത്. ഡല്‍ഹിക്കെതിരേ തോല്‍വി ഉറപ്പായതോടെയാണ് ധോണി കടന്നാക്രമിച്ചത്. എന്നാല്‍ ഹൈദരാബാദിനെതിരേ നിര്‍ണ്ണായക സാഹചര്യത്തില്‍ ധോണി മികവ് കാട്ടാത്തത് നിരാശപ്പെടുത്തുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

ms dhoni

ഇത്തവണ സിഎസ്‌കെയുടെ ബാറ്റിങ് പ്രകടനം ശരാശരിക്ക് താഴെയാണെന്നതാണ് വസ്തുത. സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സുള്ളപ്പോള്‍ സൂപ്പര്‍ ഓപ്പണര്‍ രചിന്‍ രവീന്ദ്രയെ സിഎസ്‌കെയ്ക്ക് നഷ്ടമായി. 9 പന്തില്‍ 2 ബൗണ്ടറി ഉള്‍പ്പെടെ 12 റണ്‍സ് നേടിയ രചിനെ ഭുവനേശ്വര്‍ കുമാറാണ് പുറത്താക്കിയത്. ആദ്യ മത്സരങ്ങളില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ രചിന് ടൂര്‍ണമെന്റ് മുന്നോട്ട് പോകുമ്പോള്‍ കാലിടറുകയാണെന്നത് സിഎസ്‌കെയെ തളര്‍ത്തുന്നു.

നായകസ്ഥാനം ലഭിച്ചതോടെ റുതുരാജ് സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടു. ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ് നേടിയിട്ടുള്ള റുതുരാജിന് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുന്നില്ല. 21 പന്തില്‍ 26 റണ്‍സാണ് റുതുരാജ് നേടിയത്. 123.80 മാത്രമാണ് റുതുരാജിന്റെ സ്‌ട്രൈക്ക് റേറ്റ്. അജിന്‍ക്യ രഹാനെ അവസാന സീസണില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തിരുന്നു. എന്നാല്‍ ഇത്തവണ അതിവേഗം റണ്‍സുയര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല.

30 പന്തില്‍ 35 റണ്‍സാണ് ഹൈദരാബാദിനെതിരേ രഹാനെ നേടിയത്. ശിവം ദുബെ മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട പ്രകടനം നടത്തിയത്. 24 പന്തില്‍ 45 റണ്‍സാണ് ദുബെ നേടിയത്. 2 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 187 സ്‌ട്രൈക്ക് റേറ്റിലാണ് ദുബെ കസറിയത്. രവീന്ദ്ര ജഡേജ 23 പന്തില്‍ 31 റണ്‍സോടെ പുറത്താവാതെ നിന്നു. സിഎസ്‌കെയുടെ മികച്ച ബാറ്റിങ് നിരയാണെങ്കിലും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ സാധിക്കാത്തതാണ് പ്രശ്‌നം.

ഹൈദരാബാദ് ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, പാറ്റ് കമ്മിന്‍സ്, ഷഹബാസ് അഹമ്മദ്, ജയദേവ് ഉനദ്ഘട്ട് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഡെത്തോവറുകളില്‍ യോര്‍ക്കറുകളിലൂടെ റണ്ണൊഴുക്ക് തടയാന്‍ ഹൈദരാബാദ് ബൗളര്‍മാര്‍ക്കായി.

Story first published: Friday, April 5, 2024, 21:42 [IST]
Other articles published on Apr 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+