കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ആദ്യം ബാറ്റു ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ലഖ്‌നൗവിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ചില നിര്‍ണ്ണായക മാറ്റങ്ങള്‍ ടീമില്‍ വരുത്തിയാണ് ലഖ്‌നൗ കെകെആറിനെതിരേ ഇറങ്ങിയത്. അതില്‍ എടുത്തു പറയേണ്ടത് ദേവ്ദത്ത് പടിക്കലിന് പകരം ദീപക് ഹൂഡയെ കളിപ്പിച്ചതാണ്.
സ്പിന്‍ ഓള്‍റൗണ്ടറായ ഹൂഡ ഇന്ത്യക്കായി ടി20യില്‍ സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരമാണ്. എന്നാല്‍ ഐപിഎല്ലില്‍ താരത്തിന്റെ പ്രകടനം വീണ്ടും നിരാശപ്പെടുത്തുകയാണ്. 10 പന്തില്‍ 8 റണ്‍സാണ് ഹൂഡക്ക് കെകെആറിനെതിരേ നേടാനായത്. 1 ബൗണ്ടറി നേടിയ താരത്തെ മിച്ചല്‍ സ്റ്റാര്‍ക്കാണ് മടക്കിയത്. 2023 മുതലുള്ള ഐപിഎല്ലിലെ ഹൂഡയുടെ കണക്ക് നോക്കുമ്പോള്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.
2023 മുതല്‍ 15 ഇന്നിങ്‌സാണ് ഹൂഡ കളിച്ചത്. നേടിയത് 9.14 ശരാശരിയില്‍ 128 റണ്‍സാണ്. സ്‌ട്രൈക്ക് റേറ്റ് 101.58. ഉയര്‍ന്ന സ്‌കോര്‍ 26 റണ്‍സും. എന്തിനാണ് ലഖ്‌നൗ ഹൂഡയെ കളിപ്പിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ടീമിന് യാതൊരു ഉപകാരവുമില്ലാത്ത താരമാണ് ഹൂഡ. ഇതിലും ഭേദം ദേവ്ദത്ത് പടിക്കലാണെന്നാണ് ആരാധകര്‍ പറയുന്നത്. കൃഷ്ണപ്പ ഗൗതത്തെയോ യുധ് വീര്‍ സിങ്ങിനെയെ ലഖ്‌നൗ കളിപ്പിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.
മോശം കണക്കായിട്ടും എന്തുകൊണ്ടാണ് ലഖ്‌നൗ ഹൂഡയെ പരിഗണിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഹൂഡയെ ഇന്ത്യ തഴഞ്ഞിട്ട് നാളുകളേറെയായി. ഇനിയൊരു തിരിച്ചുവരവിനും സാധ്യതയില്ല. എന്നാല്‍ ഐപിഎല്ലില്‍ വീണ്ടും വീണ്ടും അവസരം ലഭിക്കുന്നു. ഹൂഡ ഭാഗ്യവാനായ താരമാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഇതേ പ്രകടനം തുടര്‍ന്നാല്‍ അടുത്ത തവണ അണ്‍സോള്‍ഡാവുമെന്നും ആരാധകര്‍ ഓര്‍മിപ്പിക്കുന്നു.

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് സീസണില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. കെ എല്‍ രാഹുലിന് കീഴില്‍ കളിക്കുന്ന ലഖ്‌നൗവിന്റെ താരങ്ങള്‍ക്ക് സ്ഥിരതയില്ലെന്നതാണ് പ്രശ്‌നം. കെകെആറിനെതിരേ ക്വിന്റന്‍ ഡീകോക്കിന് തിളങ്ങാനായില്ല. സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സുള്ളപ്പോള്‍ സ്റ്റാര്‍ ഓപ്പണര്‍ ക്വിന്റന്‍ ഡീകോക്കിനെ ലഖ്‌നൗവിന് നഷ്ടമായി. 8 പന്തില്‍ 10 റണ്‍സെടുത്ത ഡീകോക്കിനെ വൈഭവ് അറോറയാണ് പുറത്താക്കിയത്.
2 ബൗണ്ടറി നേടിയ താരം സൈഡ് എഡ്ജായപ്പോള്‍ സുനില്‍ നരെയ്‌ന്റെ ക്യാച്ചിലാണ് മടങ്ങിയത്. മെല്ലപ്പോക്ക് ബാറ്റിങ്ങിന് വിമര്‍ശനം കേള്‍ക്കുന്ന കെ എല്‍ രാഹുല്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വലിയ സ്‌കോറാക്കി ഇത് മാറ്റാനാവുന്നില്ല.
27 പന്ത് നേരിട്ട് 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 39 റണ്‍സ് നേടിയ രാഹുലിനെ ആന്‍ഡ്രേ റസല്‍ പുറത്താക്കി. സിക്‌സറിനായുള്ള രാഹുലിന്റെ ശ്രമം രമന്‍ദീപിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. മാര്‍ക്കസ് സ്റ്റോയിണിസിനും കാര്യമായൊന്നും ചെയ്യാനായില്ല.
5 പന്തില്‍ 2 ബൗണ്ടറി ഉള്‍പ്പെടെ 10 റണ്‍സുമായി സ്‌റ്റോയിണിസ് പ്രതീക്ഷ നല്‍കി. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് സ്റ്റോയിണിസ് പുറത്തായത്. ആയുഷ് ബദോനി 27 പന്തില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 29 റണ്‍സ് നേടിയാണ് പുറത്തായത്.
സുനില്‍ നരെയ്‌നാണ് വിക്കറ്റ്. നിക്കോളാസ് പുരാന്‍ ലഖ്‌നൗവിനായി ഭേദപ്പെട്ട പ്രകടനം നടത്തുന്നു. 32 പന്തില്‍ 2 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 45 റണ്‍സ് നേടിയ പുരാനാണ് ലഖ്‌നൗവിനെ 150 കടത്തിയത്.