മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാനിരിക്കെ എല്ലാവരുടേയും ശ്രദ്ധ രോഹിത് ശര്‍മയിലേക്കാണ്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച നായകനാണ് രോഹിത് ശര്‍മ. എന്നാല്‍ ഇത്തവണ ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത്തില്ല. മുംബൈ ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയാണ് പുതിയ സീസണില്‍ ഇറങ്ങുന്നത്. 2020ന് ശേഷം മുംബൈക്ക് കിരീടം നേടാനായിട്ടില്ല. ഇതിനിടെ ഒരു തവണ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാവുകയും ചെയ്തു.
ഇതാണ് രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ മുംബൈ നായകനാക്കാന്‍ കാരണം. രോഹിത്തിനോട് ചോദിക്കാതെയാണ് മുംബൈ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതെന്ന ആക്ഷേപവും ശക്തമാണ്. രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിനെ വിമര്‍ശിക്കുന്നവരും അനുകൂലിക്കുന്നവരും ഏറെയാണ്. ഇപ്പോഴിതാ രോഹിത്തിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും മുംബൈ ഇന്ത്യന്‍സ് താരവുമായിരുന്ന പാര്‍ഥിവ് പട്ടേല്‍.
നായകനെന്ന നിലയില്‍ രോഹിത് എങ്ങനെ വ്യത്യസ്തനായിരിക്കുന്നുവെന്നാണ് പാര്‍ഥിവ് വെളിപ്പെടുത്തിയത്. 'രോഹിത് ശര്‍മക്ക് യുവതാരങ്ങളുടെ കഴിവ് പെട്ടെന്ന് മനസിലാക്കാന്‍ സാധിക്കും. മുംബൈ ഇന്ത്യന്‍സിലെത്തന്നെ നിരവധി താരങ്ങളെ രോഹിത് പിന്തുണച്ച് വളര്‍ത്തിയിട്ടുണ്ട്. ജസ്പ്രീത് ബുംറയും ഹാര്‍ദിക് പാണ്ഡ്യയും രോഹിത്തിന് കീഴില്‍ വളര്‍ന്നവരാണ്. ഇവരെ മുംബൈ ഒഴിവാക്കാന്‍ ശ്രമം നടത്തിയപ്പോള്‍ തടുത്തതും പിന്തുണച്ചതും രോഹിത്താണ്.
ഇവരുടെ പ്രതിഭ എന്താണെന്ന് രോഹിത് തുടക്കത്തിലേ തിരിച്ചറിഞ്ഞു. വളരെ വേഗത്തില്‍ യുവതാരങ്ങളുടെ മികവ് മനസിലാക്കാന്‍ രോഹിത് ശര്‍മക്കാവും. മറ്റ് നായകന്മാരേക്കാള്‍ ഇക്കാര്യത്തില്‍ രോഹിത്തിന് കഴിവുണ്ട്' പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു. രോഹിത് ശര്‍മ യുവതാരങ്ങളെ പിന്തുണക്കുന്ന നായകന്മാരിലൊരാളാണ്. എംഎസ് ധോണിക്ക് കീഴില്‍ ഇന്ത്യക്ക് അഭിമാനിക്കാവുന്ന നിരവധി യുവതാരങ്ങള്‍ വളര്‍ന്നിരുന്നു. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെല്ലാം ധോണിക്ക് കീഴില്‍ വളര്‍ന്നവരാണ്.

ഇവരെല്ലാം ഇന്ത്യയുടെ ഇതിഹാസ താരങ്ങളായി മാറുകയും ചെയ്തു. എന്നാല്‍ വിരാട് കോലി നായകനായിരിക്കെ ഇത്തരത്തില്‍ സൂപ്പര്‍ താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാനായിട്ടില്ല. മുഹമ്മദ് സിറാജിന്റെ വളര്‍ച്ചയുടെ ക്രഡിറ്റ് മാത്രമാണ് കോലിക്ക് അവകാശപ്പെടാനാവുക. യുസ് വേന്ദ്ര ചഹാലിന്റേയും കുല്‍ദീപ് യാദവിന്റേയും വളര്‍ച്ചയില്‍ പൂര്‍ണ്ണ അവകാശം കോലിക്ക് അവകാശപ്പെടാനാവില്ല. അതേ സമയം രോഹിത്തിന് കീഴില്‍ നിരവധി യുവതാരങ്ങള്‍ ഇപ്പോള്‍ വളരുന്നുണ്ട്.
ഇന്ത്യയുടെ സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുംറയെ മുംബൈ ഇന്ത്യന്‍സില്‍ പിന്തുണച്ച് വളര്‍ത്തിയത് രോഹിത്താണ്. ഹാര്‍ദിക് പാണ്ഡ്യയേയും രോഹിത് പിന്തുണച്ച് വളര്‍ത്തി. എന്നാല്‍ ഇപ്പോള്‍ രോഹിത്തിനിട്ട് തന്നെ ഹാര്‍ദിക് പണികൊടുത്തിരിക്കുകയാണെന്ന് പറയാം. മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനത്ത് നിന്ന് മാറാന്‍ രോഹിത്തിന് താല്‍പര്യമില്ലായിരുന്നു. എന്നിട്ടും ഹാര്‍ദിക് പാണ്ഡ്യ ഈ നീക്കം നടത്തിയത് നന്ദികേടായാണ് ആരാധകര്‍ വിലയിരുത്തുന്നത്.
രോഹിത് ശര്‍മ ഇന്ത്യയുടെ നായകനെന്ന നിലയില്‍ ഇപ്പോഴും മികവ് കാട്ടുന്നു. വരുന്ന ടി20 ലോകകപ്പില്‍ രോഹിത്തിന് കീഴിലാണ് ഇന്ത്യ ഇറങ്ങാന്‍ പോകുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര യുവതാരങ്ങളെ ഉപയോഗിച്ച് രോഹിത് അലമാരയിലെത്തിച്ചിരുന്നു. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്കെത്തിക്കാനും രോഹിത്തിനായി. എന്നാല്‍ സിഎസ്‌കെ അഞ്ച് കിരീടത്തോടെ മുംബൈയ്‌ക്കൊപ്പമെത്തിയതാണ് ടീം മാനേജ്‌മെന്റിന്റെ കടുത്ത തീരുമാനത്തിന് കാരണം.
ഇത്തവണ കപ്പടിക്കാന്‍ മുംബൈക്ക് എല്ലാ കാര്യങ്ങളും അനുകൂലമായുണ്ട്. കരുത്തുറ്റ താരനിരയാണ് മുംബൈക്കുള്ളത്. എന്നാല്‍ ടീമിനുള്ളിലെ സാഹചര്യം അത്ര മികച്ചതല്ല. ഇത്തവണ മുംബൈക്ക് കപ്പടിക്കാന്‍ സാധിക്കണമെങ്കില്‍ നായകനെന്ന നിലയില്‍ ഹാര്‍ദിക് നന്നായി വിയര്‍ക്കേണ്ടി വരും. സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കരുത്തുള്ള നായകനാണ് ഹാര്‍ദിക്. അതുകൊണ്ടുതന്നെ മുംബൈക്ക് പ്രതീക്ഷകളുമേറെയാണ്.