ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള എല്‍ ക്ലാസിക്കോ പോരാട്ടത്തിലേറ്റ പരാജയത്തിനു പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ നേരിടുന്നത്. കളിക്കളത്തില്‍ അദ്ദേഹത്തിന്റെ ചില തീരുമാനങ്ങളെ പല മുന്‍ താരങ്ങളും വിമര്‍ശിച്ചിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്ററും ക്യാപ്റ്റനുമായിരുന്ന കെവിന്‍ പീറ്റേഴ്‌സനുമുണ്ട്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സുനില്‍ ഗവാസ്‌കറിനൊപ്പം സംസാരിക്കവെയാണ് ഹാര്‍ദിക്കിനെതിരേ അദ്ദേഹം തുറന്നടിച്ചത്.
വാംഖഡെയില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ശക്തമായി മുന്നേറവെ അവരെ പിടിച്ചുനിര്‍ത്താന്‍ ഹാര്‍ദിക്കിന്റെ പക്കല്‍ ഒരു പ്ലാന്‍ ബി ഇല്ലായിരുന്നുവെന്നാണ് പീറ്റേഴ്‌സന്‍ ചൂണ്ടിക്കാണിക്കുന്നത്. സിഎസ്‌കെയുമായുള്ള മല്‍സരത്തിനു മുമ്പുള്ള ടീം മീറ്റിങില്‍ ഹാര്‍ദിക്ക് ഒരു പ്ലാന്‍ എ തയ്യാറാക്കിയിട്ടുണ്ടാവും. കളിക്കളത്തില്‍ ഒരു ക്യാപ്റ്റന്‍റെ പ്ലാന്‍ എ വിജയിക്കാതെ പോവുമ്പോള്‍ പ്ലാന്‍ ബിയിലേക്കു പോവേണ്ടത് ആവശ്യമാണ്. പക്ഷെ ഹാര്‍ദിക്കിന്റെ പക്കല്‍ ഇങ്ങനെയൊരു പ്ലാന്‍ ബി ഇല്ലായിരുന്നുവെന്നു പീറ്റേഴ്‌സന്‍ നിരീക്ഷിച്ചു.

നിങ്ങളുടെ ഫാസ്റ്റ് ബൗളര്‍മാര്‍ ഒരോവറില്‍ 20 റണ്‍സ് വീതം നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഹാര്‍ദിക് പാണ്ഡ്യ ഒരു സ്പിന്നറെ കൊണ്ടുവരാതിരുന്നത്. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യം കൂടിയാണ്. നന്നായി ബൗള്‍ ചെയ്യാന്‍ സാധിക്കുന്ന സ്പിന്നര്‍മാര്‍ മുംബൈ നിരയിലുണ്ടായിരുന്നു.
കമന്ററിക്കിടെ ബ്രയാന്‍ ലാറയടക്കമുള്ളവര്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. എതിര്‍ ടീം അതിവേഗം സ്‌കോര്‍ ചെയ്തു മുന്നേറുമ്പോള്‍ കളിയുടെ വേഗത കുറയ്‌ക്കേണ്ടത് ആവശ്യമാണ്. സ്പിന്നര്‍മാരെ ഹാര്‍ദിക് പരീക്ഷിച്ചിരുന്നെങ്കില്‍ അതു സാധ്യവുമായിരുന്നെന്നു പീറ്റേഴ്‌സന്‍ അഭിപ്രായപ്പെട്ടു.
കളിക്കളത്തിനു പുറത്തുള്ള സംഭവങ്ങള്‍ ഹാര്‍ദിക്കിനെ വളരെയധികം ബാധിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിന്റെ പെരുമാറ്റം ശ്രദ്ധിച്ചാല്‍ നമുക്കു ഇക്കാര്യം ബോധ്യമാവും. ടോസിന്റെ സമയത്ത് ഹാര്‍ദിക് ഒരുപാട് ചിരിക്കുന്നതായി നമുക്കു കാണാന്‍ കഴിയും. താന്‍ വളരെയധികം സന്തോഷവാനാണെന്നു അഭിനയിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പക്ഷെ ഹാര്‍ദിക്ക് ഹാപ്പിയല്ല, എനിക്കു അങ്ങനെയാണ് തോന്നിയത്. ഞാനും മുമ്പ് ഹാര്‍ദിക്കിന്റെ അതേ മാനസികാവസ്ഥയിലൂടെ കടന്നു പോയിട്ടുള്ളയാളാണ്.

അത്തരമൊരു സാഹചര്യത്തിലൂടെ പോവുന്നയാളെ അതു തീര്‍ച്ചയായും ബാധിക്കുക തന്നെ ചെയ്യും. ഹാര്‍ദിക്കിനും ഇതു തന്നെയാണ് സംഭവിച്ചിരിക്കുന്നത്. കാണികളുടെ ഭാഗത്തു നിന്നുള്ള കൂവലുകള്‍ അദ്ദേഹത്തെ ഏറെ വേദനിപ്പിക്കുന്നുണ്ട്. കാരണം ഹാര്‍ദിക്കിനും വികാരങ്ങളുണ്ട്. ഇന്ത്യന്‍ താരമായ അദ്ദേഹം ഈ തരത്തിലുള്ള പെരുമാറ്റം കാണികളില്‍ നിന്നും ആഗ്രഹിക്കില്ല. ഇവയെല്ലാം ഹാര്‍ദിക്കിനെ ബാധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ക്രിക്കറ്റിനെയും ബാധിക്കുന്നുണ്ടെന്നും ഹാര്‍ദിക് നിരീക്ഷിച്ചു.
ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ ഇതേ ഷോയില്‍ പങ്കെടുത്ത ഗവാസ്‌കറും വിമര്‍ശിച്ചു. അവസാന ഓവറില്‍ ഹാര്‍ദിക്കിന്റെ ബൗളിങ് പ്രകടനം വളരെ മോശമായിരുന്നു. ക്രീസിലുണ്ടായിരുന്ന ബാറ്റര്‍മാര്‍ക്കു കളിക്കാന്‍ പാകത്തിലുള്ള ബോളുകളാണ് അവന്‍ എറിഞ്ഞത്. ബൗളിങ് മാത്രമല്ല ക്യാപ്റ്റന്‍സിയും മോശമായിരുന്നു. ചെന്നൈയെ 185-190 റണ്‍സിനുള്ളില്‍ ഒതുക്കേണ്ടതായിരുന്നുവെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.
ഹാര്‍ദിക്ക് എറിഞ്ഞ 20ാമത്തെ ഓവറില്‍ 26 റണ്‍സാണ് സിഎസ്‌കെ വാരിക്കൂട്ടിയത്. ഇതോടെ 180 റണ്‍സില്‍ നിന്നും ഒരോവര്‍ കൊണ്ട് സിഎസ്‌കെ 206 റണ്‍സെന്ന വലിയ ടോട്ടലിലുമെത്തുകയായിരുന്നു. 20ാം ഓറില്‍ മൂന്നു സിക്‌സറും ഒരു ഫോറും കൂടാതെ രണ്ടു വൈഡുകളും ഹാര്‍ദിക്ക് എറിഞ്ഞിരുന്നു. നാലു ബോളില്‍ ഹാട്രിക്ക് സിക്‌സറുകളടക്കം 20 റണ്‍സ് വാരിക്കൂട്ടിയ മുന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണിയുടെ സൂപ്പര്‍ ഫിനിഷിങാണ് ചെന്നൈയെ വലിയ ടോട്ടലിലെത്തിച്ചത്.