ലഖ്‌നൗ: ഐപിഎല്ലിലെ 54ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ റെക്കോഡ് സ്‌കോര്‍ അടിച്ചെടുത്തിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 6 വിക്കറ്റിന് 235 റണ്‍സാണ് കെകെആര്‍ സ്വന്തമാക്കിയത്. ലഖ്‌നൗവിന്റെ തട്ടകത്തിലെ ഉയര്‍ന്ന സ്‌കോറാണിത്. കെകെആറിനായി സുനില്‍ നരെയ്ന്‍ 39 പന്തില്‍ 81 റണ്‍സുമായി ടോപ് സ്‌കോററായപ്പോള്‍ രമന്‍ദീപ് സിങ് 6 പന്തില്‍ 25 റണ്‍സുമായി ഫിനിഷിങ് സൂപ്പറാക്കി. ഫില്‍ സാള്‍ട്ട് 14 പന്തില്‍ 32 റണ്‍സും നേടി.
കെകെആറിന്റെ ബാറ്റിങ് വിരുന്നുകണ്ട മത്സരത്തില്‍ റിങ്കു സിങ്ങിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. അഞ്ചാമനായി ക്രീസിലെത്തിയ റിങ്കു 11 പന്തില്‍ 16 റണ്‍സാണ് നേടിയത്. ആകെ നേടാനായത് 2 ബൗണ്ടറിയാണ്. റിങ്കുവിന് ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ നിന്ന് തഴഞ്ഞതോടെ റിങ്കുവിന്റെ പ്രകടനം കൂടുതല്‍ മോശമായിരിക്കുകയാണെന്ന് പറയാം.
ശിവം ദുബെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ റിങ്കു തകര്‍പ്പന്‍ പ്രകടനത്തോടെ സെലക്ടര്‍മാര്‍ക്ക് മറുപടി നല്‍കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ റിങ്കുവിന് പഴയ മികവിലേക്ക് ഉയരാന്‍ സാധിക്കുന്നില്ല. ഇതിന് കാരണം കെകെആര്‍ ഉപദേഷ്ടാവ് ഗൗതം ഗംഭീറാണെന്നാണ് ഒരു വിഭാഗം ആരാധകര്‍ ആരോപിക്കുന്നത്. സീസണിന്റെ ആദ്യ സമയത്ത് ഗംഭീര്‍ റിങ്കുവിന് കാര്യമായ പിന്തുണ നല്‍കിയില്ല.
അതുകൊണ്ടുതന്നെ ആവശ്യത്തിന് അവസരം റിങ്കുവിന് ലഭിക്കാതെ പോവുകയും ഇത് ടി20 ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെടാന്‍ കാരണമാവുകയും ചെയ്തുവെന്നാണ് ആരാധക പക്ഷം. ടി20 ലോകകപ്പില്‍ നിന്ന് തഴയപ്പെടുമെന്ന് റിങ്കു പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഈ തീരുമാനം മാനസികമായി റിങ്കുവിനെ തളര്‍ത്തി. ഇത് പ്രകടനത്തേയും ബാധിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. പഴയ ഉന്മേഷം റിങ്കുവിന് നഷ്ടമായിരിക്കുകയാണ്.

നിരാശയോടെയാണ് റിങ്കുവിനെ കളത്തില്‍ കാണുന്നത്. ടി20 ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ടത് റിങ്കുവിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം. 10 മത്സരത്തില്‍ 9 ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത റിങ്കു ആകെ നേടിയത് 132 റണ്‍സാണ്. 18 മാത്രമാണ് ശരാശരി. 26 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കെകെആര്‍ ടീമിന്റെ മാനേജ്‌മെന്റ് മാറിയപ്പോള്‍ റിങ്കുവിന് പഴയ പിന്തുണ ലഭിക്കുന്നില്ലെന്നും റിങ്കുവിന്റെ കരിയര്‍ നശിപ്പിക്കുകയാണെന്നുമാണ് ആരാധകര്‍ പറയുന്നത്.
എന്തായാലും ലഖ്‌നൗവിനെ വിറപ്പിക്കുന്ന ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ കെകെആര്‍ ബാറ്റിങ് നിരക്ക് സാധിച്ചു. 14 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 32 റണ്‍സ് നേടിയാണ് സാള്‍ട്ട് പുറത്തായത്. 39 പന്തില്‍ 6 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 81 റണ്‍സടിച്ചാണ് നരെയ്ന്‍ ലഖ്‌നൗവിനെ കരയിപ്പിച്ചത്. സീസണിലെ രണ്ടാം സെഞ്ച്വറി നഷ്ടമായെങ്കിലും സീസണില്‍ കൂടുതല്‍ സിക്‌സെന്ന റെക്കോഡ് നരെയ്ന്‍ സ്വന്തം പേരിലാക്കി. നിലവില്‍ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് നരെയ്ന്‍.
26 പന്തില്‍ 3 ഫോറും 1 സിക്‌സുമടക്കം 32 റണ്‍സാണ് യുവതാരമായ അന്‍കൃഷ് രഘുവന്‍ഷി നേടിയത്. രമന്‍ദീപ് സിങ് 6 പന്തില്‍ 1 ഫോറും 3 സിക്‌സുമടക്കം 25 റണ്‍സുമായി പുറത്താവാതെ നിന്നു. ലഖ്‌നൗവിന്റെ തട്ടകത്തിലെത്തിയാണ് കെകെആറിന്റെ ഹീറോയിസം.
നായകന്‍ ശ്രേയസ് അയ്യര്‍ക്ക് ബാറ്റുകൊണ്ട് കാര്യമായ പ്രകടനം നടത്താനാവുന്നില്ലെങ്കിലും ടീമിന് വിജയം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. നിലവില്‍ കെകെആര്‍ നിരയില്‍ ഏറ്റവും മോശം ഫോമിലുള്ളത് റിങ്കുവാണെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.