വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിജയക്കുതിപ്പിന് തടയിട്ടിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. 20 റണ്‍സിനാണ് ഡല്‍ഹി സിഎസ്‌കെയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റുചെയ്ത ഡല്‍ഹി 5 വിക്കറ്റിന് 191 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് 6 വിക്കറ്റിന് 171 റണ്‍സാണ് നേടിയത്. എംഎസ് ധോണിയുടെ ബാറ്റിങ് വെടിക്കെട്ട് കണ്ടെങ്കിലും മത്സരത്തില്‍ തോല്‍ക്കാനായിരുന്നു സിഎസ്‌കെയുടെ വിധി.
സിഎസ്‌കെയുടെ തോല്‍വിക്ക് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. എന്നാല്‍ ടീം തോല്‍ക്കാനുള്ള പ്രധാന കാരണം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്ക്‌വാദ്. അത് പവര്‍പ്ലേയിലെ ബാറ്റിങ്ങാണെന്നാണ് റുതുരാജ് പറഞ്ഞത്. 'പവര്‍പ്ലേക്ക് ശേഷം ഞങ്ങളുടെ ബൗളര്‍മാര്‍ മികച്ച തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. 191 റണ്‍സിലേക്ക് ഡല്‍ഹിയെ ഒതുക്കാന്‍ സാധിച്ചതില്‍ ബൗളര്‍മാരുടെ മികച്ച അധ്വാനമുണ്ട്.
ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനെ തുണക്കുന്നതാണ് പിച്ച്. രണ്ടാം ഇന്നിങ്‌സില്‍ എക്‌സ്ട്രാ ബൗണ്‍സും വേഗവും സ്വിങ്ങും പിച്ചില്‍ ലഭിച്ചു. രചിന് വലിയ ടോട്ടല്‍ പിന്തുടരുമ്പോള്‍ നടത്തേണ്ട പ്രകടനം നടത്താനായില്ല. ആദ്യ 3 ഓവറിലാണ് കളി മാറിമറിഞ്ഞത്. എന്നാല്‍ മത്സരത്തിന്റെ പകുതിയില്‍ ശക്തമായ തിരിച്ചുവരവ് നടത്താനായി. എന്നാല്‍ വലിയ ഓവറുകള്‍ പിറക്കാതെ വന്നതോടെ റണ്‍ റേറ്റില്‍ ടീം പിന്നോട്ട് പോയി' ഗെയ്ക് വാദ് പറഞ്ഞു.
രണ്ടാമത് പന്തെറിഞ്ഞ ടീമിനെ പിച്ച് തുണച്ചു. തുടക്കം മുതല്‍ നല്ല സ്വിങ് പിച്ചില്‍ ലഭിച്ചു. ഇത് ഡല്‍ഹി ബൗളര്‍മാര്‍ നന്നായി മുതലാക്കുകയും ചെയ്തു. റുതുരാജ് ഗെയ്ക് വാദ് 1 റണ്‍സുമായി മടങ്ങി. രചിന്‍ രവീന്ദ്ര കഴിഞ്ഞ 2 മത്സരത്തിലും വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. എന്നാല്‍ ഡല്‍ഹിക്കെതിരേ 12 പന്തില്‍ 2 റണ്‍സാണ് രചിന് നേടാനായത്. ഇത്രയും വലിയ ടോട്ടല്‍ പിന്തുടരുമ്പോള്‍ പവര്‍പ്ലേയില്‍ 16 സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുകയെന്നത് മാപ്പില്ലാത്ത തെറ്റാണ്.

സിഎസ്‌കെയുടെ തോല്‍വിക്ക് പ്രധാന കാരണമായത് ഓപ്പണര്‍മാര്‍ ഫ്‌ളോപ്പായതും പവര്‍പ്ലേ മുതലാക്കാന്‍ സാധിക്കാതെ പോയതുമാണ്. പവര്‍പ്ലേയില്‍ 32 റണ്‍സാണ് സിഎസ്‌കെ നേടിയത്. അതേ സമയം പവര്‍പ്ലേയില്‍ 62 റണ്‍സാണ് ഡല്‍ഹി അടിച്ചെടുത്തത്. ഈ വ്യത്യാസമാണ് കളി സിഎസ്‌കെയ്ക്ക് നഷ്ടപ്പെടുത്തിയത്. അജിന്‍ക്യ രഹാനെയും ഡാരില്‍ മിച്ചലും മത്സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും മധ്യനിര കൂട്ടത്തകര്‍ച്ച നേരിട്ടത് ടീമിനെ പിന്നോട്ടടിച്ചു.
ശിവം ദുബെ 17 പന്തില്‍ 18 റണ്‍സാണ് നേടിയത്. വെടിക്കെട്ട് ബാറ്റ്‌സ്മാന് ഇത്തവണ ശോഭിക്കാനായില്ല. സമീര്‍ റിസ്വി ഗോള്‍ഡന്‍ ഡെക്കായതും സിഎസ്‌കെയ്ക്ക് തിരിച്ചടിയായി. രവീന്ദ്ര ജഡേജയുടെ മെല്ലപ്പോക്കും ടീമിന് തിരിച്ചടിയായി. 17 പന്തില്‍ 21 റണ്‍സാണ് ജഡേജ നേടിയത്. 123 സ്‌ട്രൈക്ക് റേറ്റിലാണ് ജഡേജ കളിച്ചത്. ധോണി 16 പന്തില്‍ 37 റണ്‍സുമായി പൊരുതിയപ്പോള്‍ ജഡേജക്ക് പിന്തുണ നല്‍കാനായില്ല. 4 ഫോറും 3 സിക്‌സുമാണ് ധോണി പറത്തിയത്.
ജഡേജ അല്‍പ്പം കൂടി വേഗത്തില്‍ ബാറ്റുചെയ്തിരുന്നെങ്കില്‍ സിഎസ്‌കെയ്ക്ക് ജയിക്കാമായിരുന്നു. സിഎസ്‌കെയുടെ ബൗളര്‍മാര്‍ പ്രതീക്ഷിച്ച നിലവാരം കാട്ടിയില്ല. ദീപക് ചഹാര്‍ 42 റണ്‍സാണ് വിട്ടുകൊടുത്തത്. മുസ്തഫിസുര്‍ റഹ്‌മാന്‍ 47 റണ്‍സ് വഴങ്ങിയപ്പോള്‍ രവീന്ദ്ര ജഡേജ 43 റണ്‍സാണ് വിട്ടുകൊടുത്തത്. പ്രധാന ബൗളര്‍മാര്‍ തല്ലുകൊണ്ടതാണ് സിഎസ്‌കെയുടെ തോല്‍വിക്ക് കാരണമായതെന്ന് പറയാം. എന്തായാലും സിഎസ്‌കെയ്ക്ക് വലിയ തലവേദനയാകുന്ന തോല്‍വിയായി ഇത് മാറിയിരിക്കുകയാണ്.