ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലേക്കു വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്കു പോര് മുറുകവെ ഐപിഎല്ലിലെ പ്രകടനം താരങ്ങള്‍ക്കു നിര്‍ണായകമായി മാറിയിരിക്കുകയാണ്. ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ധ്രുവ് ജുറേല്‍ എന്നീ ആറു പേരാണ് ഇപ്പോള്‍ വിക്കറ്റ് കീപ്പര്‍ റോളിലേക്കു മല്‍സരരംഗത്തുള്ളത്. ഇവരില്‍ നിന്നും വെറും രണ്ടു പേര്‍ക്കു മാത്രമേ ലോകകപ്പ് സംഘത്തില്‍ ഇടം പിടിക്കുകയുള്ളൂ. ഭാഗ്യവാന്‍മാരായ ഈ രണ്ടു പേര്‍ ആരൊക്കെയാവുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.
ഇക്കൂട്ടത്തില്‍ സഞ്ജു, ജുറേല്‍ എന്നിവരൊഴികെ ബാക്കിയുള്ള നാലു വിക്കറ്റ് കീപ്പര്‍മാരും വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയാണ് ഐപിഎല്ലില്‍ കളിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ ടീമംഗമാണ് യുവതാരം ജുറേല്‍. എന്നാല്‍ അദ്ദേഹത്തിനു ബാറ്റിങില്‍ കാര്യമായി തിളങ്ങാന്‍ സഞ്ജു മതിയായ അവസരം നല്‍കുന്നില്ലെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. ജുറേല്‍ ലോകകപ്പ് ടീമിലെത്തുന്നത് തടയാന്‍ സഞ്ജു മനപ്പൂര്‍വ്വം ഒതുക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

ഈ സീസണില്‍ റോയല്‍സ് ഇതിനകം മൂന്നു മല്‍സരങ്ങളിലാണ് കളിച്ചിട്ടുള്ളത്. ഇവയില്‍ ജുറേലിനു ബാറ്റ് ചെയ്യാന്‍ സാധിച്ചാതവട്ടെ രണ്ടെണ്ണത്തില്‍ മാത്രം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവര്‍ക്കെതിരേയാണിത്. മുംബൈ ഇന്ത്യന്‍സുമായുള്ള അവസാന കളിയില്‍ ജുറേല്‍ ബാറ്റ് ചെയ്തതുമില്ല.
കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ജുറേലിനേക്കാള്‍ മുമ്പ് ആര്‍ അശ്വിനെ ബാറ്റിങില്‍ പ്രൊമോട്ട് ചെയ്യാനുള്ള സഞ്ജുവിന്റെ നീക്കത്തിലാണ് പലരും സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ മികച്ച ബാറ്ററായ ജുറേലുണ്ടായിട്ടും എന്തിന് അശ്വിനെ നേരത്തേ ക്രീസിലേക്കു അയക്കുന്നുവെന്നതാണ് ഇവര്‍ ഉന്നയിക്കുന്ന ചോദ്യം.
ജയ്പൂരില്‍ ലഖ്‌നൗവിനെതിരേയായിരുന്നു റോയല്‍സിന്റെ ആദ്യ മല്‍സരം. ഈ കളിയില്‍ ആറാം നമ്പറിലാണ് ജുറേല്‍ ബാറ്റിങിനു ഇറങ്ങിയത്. 12 ബോളുകള്‍ നേരിട്ട താരം ഓരോ ഫോറും സിക്‌സറുമടക്കം പുറത്താവാതെ 20 റണ്‍സ് നേടുകയും ചെയ്തു. പക്ഷെ ഡല്‍ഹിയുമായുള്ള രണ്ടാമത്തെ കളിയില്‍ ജുറേലിനേക്കാള്‍ നേരത്തേ അഞ്ചാം നമ്പറിലേക്കു അശ്വിനെ സഞ്ജു പ്രൊമോട്ട് ചെയ്യുകയായിരുന്നു. 19 ബോളില്‍ മൂന്നു സിക്‌സറടക്കം 29 റണ്‍സുമായി അശ്വിന്‍ മോശമല്ലാത്ത പ്രകടനവും നടത്തി.

അശ്വിനു ശേഷം ആറാമനായി ബാറ്റ് വീശിയ ജുറേല്‍ 13 ബോളില്‍ മൂന്നു ഫോറുള്‍പ്പെടെ 20 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. അശ്വിനേക്കാള്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യാനും അനായാസം സിക്‌സറുകളുമടിക്കാനുള്ള ശേഷി ജുറേലിനുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഈ കളിയില്‍ അദ്ദേഹത്തെ വൈകിപ്പിച്ചതെന്നു വിമര്‍ശകര്‍ ചോദിക്കുന്നു. മുംബൈയ്‌ക്കെതിരായ കഴിഞ്ഞ മല്‍സരത്തിലാവട്ടെ അശ്വിന്‍, അരങ്ങേറ്റക്കാരനായ ശുഭം ദുബെ എന്നിവര്‍ ബാറ്റ് ചെയ്തിട്ടും ജുറേലിനെ മാത്രം കണ്ടില്ല.
തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്തത് അശ്വിനാണ്. ആറാമനായി ദുബെയും ക്രീസിലെത്തി. 16 ബോളില്‍ ഒരു ഫോറുള്‍പ്പെടെ 16 റണ്‍സ് മാത്രമെടുത്ത് അശ്വിന്‍ മടങ്ങുകയും ചെയ്തു. ദുബെയാവട്ടെ ആറു ബോളില്‍ ഒരു ഫോറടക്കം പുറത്താവാതെ എട്ടു റണ്‍സാണ് നേടിയത്. അഞ്ച്- ആറ് സ്ഥാനങ്ങളില്‍ ബാറ്റിങിനു അനുയോജ്യനായ താരമാണ് ജുറേല്‍. പക്ഷെ അദ്ദേഹത്തെ ബാറ്റിങില്‍ സഞ്ജു ഇനിയും വേണ്ടത്ര ഉപയോഗിക്കാന്‍ തയ്യാറായിട്ടില്ലെന്നതാണ് സത്യം.
ഐപിഎല്ലിനു മുമ്പ് ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ് ജുറേല്‍. മികച്ച ബാറ്റിങിനോടൊപ്പം വിക്കറ്റ് കീപ്പിങിലൂടെയും താരം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു. കരിയറിലെ രണ്ടാം ടെസ്റ്റില്‍ തന്നെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ജുറേലിനെ തേടിയെത്തി. ഐപിഎല്ലിലും താരം കസറുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും റോയല്‍സില്‍ മതിയായ അവസരം കിട്ടാതെ വലയുകയാണ്.