ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന്റെ ആവേശ ഫൈനല്‍ ഇന്ന് നടക്കാന്‍ പോവുകയാണ്. ചെന്നൈയിലെ എംഎ ചിദംബര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നിരുന്നത്. അതുകൊണ്ടുതന്നെ ഫൈനലിലും കെകെആറിനാണ് മുന്‍തൂക്കം.
ഫൈനലില്‍ സൂപ്പര്‍ പോരാട്ടം പ്രതീക്ഷിച്ചിരിക്കവെ മഴ വില്ലനാവാനുള്ള സാധ്യതയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഇന്നലെ വൈകീട്ട് ചെന്നൈയില്‍ മഴയുണ്ടായിരുന്നു. കെകെആറിന്റെ പരിശീലനം ഇന്നലെ മഴമൂലം റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്നും മഴ കളി തടസപ്പെടുത്തിയെത്താന്‍ സാധ്യതയുണ്ട്. ഫൈനല്‍ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നാല്‍ ആരാവും ഫൈനലിലെത്തുക? റിസര്‍വ് ഡേ ഉണ്ടാകുമോ?. പരിശോധിക്കാം.
ഫൈനല്‍ പോരാട്ടത്തില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. കാറ്റിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മത്സരം പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടി വന്നാല്‍ റിസര്‍വ് ഡേയിലേക്ക് മത്സരം മാറ്റും. അങ്ങനെ വരുമ്പോള്‍ 27നാവും ഫൈനല്‍ പോരാട്ടം നടക്കുക. ഈ മത്സരവും മഴമൂലം ഉപേക്ഷിക്കേണ്ടി വന്നാല്‍ ഹൈദരാബാദിന് നിരാശപ്പെടേണ്ടി വരും. കാരണം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ കെകെആറാവും കിരീടത്തിലേക്കെത്തുക.
കിരീടം പങ്കുവെക്കുന്ന രീതി ഐപിഎല്ലിലില്ല. അതുകൊണ്ടുതന്നെ ഇന്നും റിസര്‍വ് ഡേയിലു മഴ തകര്‍ത്താല്‍ കെകെആറിന് ഫൈനല്‍ കളിക്കാതെ തന്നെ കിരീടത്തിലേക്കെത്താനാവും. വൈകീട്ട് മഴ സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും മത്സരം നടത്താമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ഫൈനല്‍ പോരാട്ടമായതിനാല്‍ 14 ഓവര്‍ മത്സരമെങ്കിലും നടത്തേണ്ടതായുണ്ട്. ഇതിന് സാധിക്കാതെ പോയാല്‍ റിസര്‍വ് ഡേയിലേക്ക് മത്സരം നീട്ടും.

വരുന്ന ദിവസങ്ങളിലും ചെന്നൈയില്‍ കനത്ത മഴയുണ്ടാകുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ റിസര്‍വ് ഡേ ഉണ്ടായിട്ടും കാര്യമില്ല. രണ്ട് ദിവസമായി മത്സരം നടത്തേണ്ട സാഹചര്യമുണ്ടായാല്‍ ഫൈനലിലെ പോരാട്ടവീര്യം അത് നശിപ്പിക്കുമെന്നുറപ്പ്. 17ാം സീസണിന്റെ ലീഗ് ഘട്ടത്തിലെ അവസാന പല മത്സരങ്ങളും മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. അതേ മഴ ഫൈനലിലും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മത്സരം പൂര്‍ണ്ണമായും ഉപേക്ഷിച്ചാല്‍ കെകെആറിന് അത് സന്തോഷം നല്‍കും.
കെകെആര്‍ സംതുലിതമായ താരനിരയോടെയാണ് ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത്. ശ്രേയസ് അയ്യര്‍ നയിക്കുന്ന കെകെആര്‍ ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിക്കാതെ ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കുന്ന നിരയാണ്. ആന്‍ഡ്രേ റസല്‍, സുനില്‍ നരെയ്ന്‍ എന്നീ ഓള്‍റൗണ്ടര്‍മാരുടെ പ്രകടനം കെകെആറിന് കരുത്താവുന്നു. വെങ്കടേഷ് അയ്യര്‍ വലിയ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്ക് നയിക്കുന്ന കെകെആര്‍ പേസ് നിരയും ശക്തം.
മറുവശത്ത് ഹൈദരാബാദ് ഓപ്പണര്‍മാരെ അമിതമായി ആശ്രയിക്കുന്ന ടീമാണ്. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ എന്നിവര്‍ പെട്ടെന്ന് പുറത്തായാല്‍ ഹൈദരാബാദ് പതറുമെന്ന കാര്യം ഉറപ്പാണ്. മധ്യനിരയില്‍ ഹെന്‍ റിച്ച് ക്ലാസന്റെ പ്രകടനവും ടീമിന് നിര്‍ണ്ണായകം. പാറ്റ് കമ്മിന്‍സ് എന്ന ബുദ്ധിമാനായ നായകന്‍ ഹൈദരാബാദിന്റെ നട്ടെല്ലാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റാന്‍ കമ്മിന്‍സിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ കെകെആര്‍ ഭയക്കുന്നതും കമ്മിന്‍സിന്റെ നായക മികവിനെയാണ്.
ചെന്നൈയില്‍ സ്പിന്‍ പിച്ചാണ്. അതുകൊണ്ടുതന്നെ സ്പിന്നര്‍മാര്‍ക്ക് മത്സരത്തില്‍ നിര്‍ണ്ണായക റോളുണ്ട്. നിരവധി പാര്‍ട്ട് ടൈം ബൗളര്‍മാരെ ഉപയോഗിക്കാന്‍ കെല്‍പ്പുള്ള നിരയാണ് ഹൈദരാബാദ്. അതുകൊണ്ടുതന്നെ കെകെആര്‍ ബാറ്റിങ് നിരക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്. രണ്ട് ടീമും മികച്ച താരങ്ങളുടെ നിരയായതിനാല്‍ മത്സരം നടന്നാല്‍ തീ പാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കാം.