മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ പ്ലേ ഓഫ് കാണാതെ മുംബൈ ഇന്ത്യന്‍സ് പുറത്തായിരിക്കുകയാണ്. 11 മത്സരത്തില്‍ 8ലും തോറ്റതോടെ മുംബൈ പ്ലേ ഓഫിലെത്തില്ലെന്ന് ഉറപ്പായിരിക്കുകയാണ്. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക്കിനെ നായകനാക്കി ഇറങ്ങിയ മുംബൈക്ക് തൊട്ടതെല്ലാം പിഴച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും ശക്തമായ താരനിരയുണ്ടായിട്ടും ടീം നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച് പുറത്തായിരിക്കുകയാണ്.
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് ഹാര്‍ദിക്. എന്നാല്‍ ഐപിഎല്ലിലെ ഹാര്‍ദിക്കിന്റെ മോശം പ്രകടനം പരിഗണിച്ച് താരത്തെ ലോകകപ്പില്‍ കളിപ്പിക്കരുതെന്ന ആവശ്യവും ഒരു വിഭാഗം ഉയര്‍ത്തുന്നു. എന്നാല്‍ ഇപ്പോള്‍ ഹാര്‍ദിക്കിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സെലക്ടറായ എംഎസ്‌കെ പ്രസാദ്. ഇന്ത്യയില്‍ ഹാര്‍ദിക്കിനെക്കാള്‍ മികച്ച പേസ് ഓള്‍റൗണ്ടറായി ആരാണ് ഉള്ളതെന്നാണ് പ്രസാദ് ചോദിക്കുന്നത്.
'നിങ്ങള്‍ പറയൂ, ഇന്ത്യയില്‍ ഹാര്‍ദിക്കിനെക്കാള്‍ മികച്ച പേസ് ഓള്‍റൗണ്ടര്‍ ആരാണ്?. അവന്‍ സമീപകാലത്തായി മോശം ഫോം കാരണം ബുദ്ധിമുട്ടുന്നുണ്ട്. എന്നാല്‍ ഇത്രത്തോളം വിമര്‍ശിക്കപ്പെടാനുള്ളതൊന്നും ചെയ്തിട്ടില്ല. മുംബൈയുടെ നായകസ്ഥാനത്തുണ്ടായ മാറ്റങ്ങളും സംഭവങ്ങളും അവന്റെ ഫോമിനെ ബാധിച്ചിട്ടുണ്ടാവാം. എന്നാല്‍ ഇന്ത്യന്‍ ജേഴ്‌സിയിലേക്കെത്തുമ്പോള്‍ ഐപിഎല്ലിലെ സംഭവങ്ങള്‍ക്ക് പ്രസക്തിയില്ല. അത് പിന്നോട്ട് മാറ്റപ്പെടും.
ഒരിക്കല്‍ക്കൂടി പറയുന്നു നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പേസ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. മറ്റൊരു വിമര്‍ശനങ്ങള്‍ക്കും പ്രസക്തിയില്ല' പ്രസാദ് പറഞ്ഞു. ഹാര്‍ദിക് പാണ്ഡ്യ മികച്ച റെക്കോഡുള്ള താരമാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരത്തെ മാറ്റിമറിക്കാന്‍ കഴിവുണ്ട്. ഐപിഎല്ലിലെ ഹാര്‍ദിക്കിന്റെ മോശം പ്രകടനം വിലയിരുത്തി അദ്ദേഹത്തെ ദേശീയ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയാല്‍ അത് മണ്ടത്തരമാവും. കാരണം ഇന്ത്യക്ക് ഹാര്‍ദിക്കിനെപ്പോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന മറ്റൊരു താരമില്ല.

ഐപിഎല്ലില്‍ വലിയ സമ്മര്‍ദ്ദത്തോടെയാണ് ഹാര്‍ദിക് കളിക്കുന്നത്. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക്കിനെ നായകനാക്കിയത് മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. രോഹിത് ശര്‍മയോട് വേണ്ടത്ര ആലോചന നടത്താതെ ടീം മാനേജ്‌മെന്റെടുത്ത തീരുമാനമായിരുന്നു ഇത്. രോഹിത് ശര്‍മക്ക് ഇതില്‍ എതിര്‍പ്പുണ്ടെന്ന് വ്യക്തമായതോടെ ആരാധകര്‍ ഹാര്‍ദിക്കിനെതിരേ തിരിഞ്ഞു. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ താരത്തിന് ഇന്ത്യയിലെ കാണികളില്‍ നിന്ന് കൂവല്‍ നേരിടേണ്ടി വന്നു.
മുംബൈയില്‍ പോലും ഹാര്‍ദിക്കിനെതിരേ കൂവല്‍ ഉയര്‍ന്നു. പിന്നാലെ മുംബൈയിലെ സഹതാരങ്ങളും ഹാര്‍ദിക്കിനെ ഒറ്റപ്പെടുത്തി. നായകനെന്ന നിലയില്‍ ഹാര്‍ദിക്കിനെ പിന്തുണച്ചില്ല. ജസ്പ്രീത് ബുംറയും സൂര്യകുമാര്‍ യാദവും രോഹിത്തിനൊപ്പമായിരുന്നു. യുവതാരങ്ങളില്‍ ഭൂരിഭാഗവും രോഹിത്തിനെയാണ് പിന്തുണച്ചത്. ഇതോടെ ഹാര്‍ദിക്കിന് വലിയ സമ്മര്‍ദ്ദമുണ്ടായി. ടീമിന്റെ തുടര്‍ തോല്‍വികളും ഹാര്‍ദിക്കിനെ ബാധിച്ചു. ഇതതോടെ താരത്തിന്റെ പ്രകടനവും മോശമാണ്.
ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കപ്പടിപ്പിക്കുകയും അവസാന സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക്. ഇത്തവണ അദ്ദേഹം പിന്നോട്ട് പോകാനുള്ള കാരണം മുംബൈ ടീമിനുള്ളിലെ പിന്തുണക്കുറവാണ്. നായകനെന്ന നിലയില്‍ ഹാര്‍ദിക്കിനെ സഹതാരങ്ങള്‍ ബഹുമാനിക്കുന്നില്ല. ഹാര്‍ദിക്കിന്റെ നിര്‍ദേശങ്ങള്‍ യുവതാരങ്ങള്‍ പോലും തള്ളിക്കളയുമ്പോള്‍ ആരായാലും മാനസികമായി തളരും.
ഇതാണ് ഹാര്‍ദിക്കിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കെത്തുമ്പോള്‍ ഐപിഎല്ലിലെ സംഭവങ്ങളൊന്നും വിഷയമാവില്ല. ടി20 ലോകകപ്പ് എന്ന ഒറ്റ വികാരത്തോടെയാവും എല്ലാവരും കളിക്കുക. അതുകൊണ്ടുതന്നെ ഹാര്‍ദിക് സമ്മര്‍ദ്ദമില്ലാതെ പഴയ സ്റ്റാര്‍ ഓള്‍റൗണ്ടറായി തിരിച്ചുവരുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇന്ത്യയുടെ പല താരങ്ങളുടേയും ഐപിഎല്ലിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. നായകന്‍ രോഹിത് ശര്‍മ കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഫ്‌ളോപ്പാണ്.
സൂര്യകുമാര്‍ യാദവിന് സ്ഥിരതയില്ല. രവീന്ദ്ര ജഡേജ ലോക തോല്‍വിയാണ്. പേസ് നിരയില്‍ അര്‍ഷ്ദീപ് സിങ്ങും മുഹമ്മദ് സിറാജും തല്ലുകൊള്ളികളാവുന്നു. എന്തായാലും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം കരുത്തുറ്റതാണ്. എല്ലാവരും ഫോമിലേക്കെത്തിയാല്‍ കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് ശക്തിയുണ്ട്.