പ്രതിഭാശാലികളായ ക്രിക്കറ്റര്‍മാരെ കണ്ടെത്തുന്നതിലും വളര്‍ത്തിയെടുക്കുന്നതിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിയോളം മികവ് പുലര്‍ത്തുന്നവര്‍ അധികം കാണില്ല. ഓരോ താരത്തിന്റെയും കഴിവും പോരായ്മയും വ്യക്തമായി മനസ്സിലാക്കിയ ശേഷം അവരെ ഏറ്റവും നന്നായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നുള്ള കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ട്. ഇപ്പോഴിതാ പുതിയൊരു താരോദയത്തെക്കൂടി ധോണി കണ്ടെത്തുകയും സിഎസ്‌കെ ക്യാംപില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.
ശ്രീലങ്കയില്‍ നിന്നുള്ള 17 കാരനായ വലംകൈയന്‍ ഫാസ്റ്റ് ബൗളര്‍ കഗുദാസ് മതുലാനെയാണ് സിഎസ്‌കെയുടെ നെറ്റ് ബൗളര്‍മാരുടെ സംഘത്തില്‍ ധോണിയുടെ ഉപദേശത്തെ തുടര്‍ന്ന് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലിങ്കയ്ക്കു ശേഷം സമാനമായ ബൗളിങ് ആക്ഷനുമായി പലരും ലങ്കയില്‍ നിന്നും ഉയര്‍ന്നു വന്നു കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തിലെ മൂന്നാമത്തെയാളാണ് മതുലാന്‍. മതീശ പതിരാന, നുവാന്‍ തുഷാര എന്നിവര്‍ ഇതിനതകം തന്നെ മലിങ്കയുടെ അതേ ആക്ഷന്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

പതിരാനയെ അപകടകരിയായ ബൗളറായി സിഎസ്കെയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ധോണി വഹിച്ച പങ്ക് വളരെ വലുതാണ്. പക്ഷെ പരിക്കു കാരണം പതിരാന ഐപിഎല്ലിലെ ആദ്യത്തെ കുറച്ച് മല്‍സരങ്ങളില്‍ കളിക്കുന്ന കാര്യം സംശയത്തിലായിട്ടുണ്ട്. ഇതിനിടെയാണ് അതേ ബൗളിങ് ആക്ഷനുള്ള മതുലാനെ സിഎസ്‌കെ സ്വന്തം കൂടാരത്തില്‍ എത്തിച്ചത്.
നെറ്റ്‌സില്‍ മികച്ച പ്രകടനം നടത്തിയാല്‍ കൗമാരക്കാരനായ പേസര്‍ക്കു സിഎസ്‌കെ കരാര്‍ നല്‍കാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല. നേരത്തേ ഇതേ രീതിയില്‍ സിഎസ്‌കെയുടെ പരിശീലന ക്യംപിന്റെ ഭാഗമായ ശേഷം പിന്നീട് പ്രധാന ടീമിലേക്കു ഉയര്‍ന്നു വന്നയാളാണ് പതിരാന.
കുഗദാസ് മതുലാന്റെ ബൗളിങ് വീഡിയോ കാണാം
ശ്രീലങ്കന്‍ മാധ്യമപ്രവര്‍ത്തകന്‍ നിബ്രാസ് റംസാനാണ് സിഎസ്‌കെയുടെ പ്രീസീസണ്‍ ക്യാംപില്‍ മതുലാനെ ഉള്‍പ്പെടുത്തിയ കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ലങ്കയിലെ ഒരു പ്രാദേശിക ടൂര്‍ണമെന്റില്‍ നിന്നുള്ള മതുലാന്റെ ബൗളിങ് വീഡിയോ അദ്ദേഹം ഇതോടൊപ്പം എക്‌സിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
കണ്ണഞ്ചിപ്പിക്കുന്ന ഒരു യോര്‍ക്കറിലൂടെ ബാറ്ററെ ക്ലീന്‍ബൗള്‍ഡാക്കുന്ന മതുലാനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. സെന്റ് ജോണ്‍സ് കോളേജും ജാഫ്‌ന സെന്‍ട്രല്‍ കോളേജും തമ്മിലുള്ള മല്‍സരത്തില്‍ നിന്നുള്ള വീഡിയോയാണിത്.
അസാധാരണ യോര്‍ക്കറായിരുന്നു 17 കാരനായ മതുലാന്‍ എറിഞ്ഞത്. ഇതു നേരിടാന്‍ സാധിച്ചില്ലെന്നു മാത്രമല്ല ബാറ്റര്‍ നിയന്ത്രണം വിട്ട് താഴെ വീഴുന്നതും മിഡില്‍ സ്റ്റംപ് വായുവില്‍ പറക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാന്‍ സാധിക്കും. ഈ വീഡിയോക്കൊപ്പമാണ് മതുലാനെ സിഎസ്‌കെ ക്ഷണിച്ച കാര്യം നിബ്രാസ് റംസാന്‍ പങ്കുവച്ചത്.

17 കാരനായ ജാഫ്‌ന സ്ലിഗ കുഗദാസ് മതുലാന്‍ നിലവില്‍ ചെന്നൈയിലുണ്ട്. അവന്റെ ബൗളിങ് പരിശോധിക്കുവാന്‍ എംഎസ് ധോണി ആഗ്രഹിക്കുന്നു. ഐപിഎല്‍ 2024ല്‍ ചെന്നൈയുടെ നെറ്റ് ബൗളറായിരിക്കും അവനെന്നാണ് ലങ്കന്‍ മാധ്യപ്രവര്‍ത്തകന്‍ എക്‌സില്‍ കുറിച്ചത്.
അതേസമയം, ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ പതിരാനയ്ക്കു ഐപിഎല്ലില്‍ ഇത്തവണ മുഴുവന്‍ മല്‍സരങ്ങളിലും കളിക്കാനായില്ലെങ്കില്‍ അതു സിഎസ്‌കെയ്ക്കു വന്‍ ക്ഷീണമാവും. കഴിഞ്ഞ സീസണില്‍ അവസാന ഓവറുകളില്‍ ധോണിയുടെ തുറുപ്പുചീട്ടായിരുന്നു അദ്ദേഹം.
അവസാന ഓവറുകളില്‍ വിക്കറ്റുകളെടുക്കാന്‍ മാത്രമല്ല റണ്ണൊടുക്ക് തടയുന്നതിലും പതിരാന വിജയിച്ചിരുന്നു. ബംഗ്ലാദേശുമായുള്ള രണ്ടാം ടി20യില്‍ ശ്രീലങ്കയ്ക്കു വേണ്ടി ബൗള്‍ ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിനു പരിക്കേറ്റത്. ഇതേ തുടര്‍ന്ന് ഓവര്‍ പൂര്‍ത്തിയാക്കാനാവാതെ പതിരാനയ്ക്കു ഗ്രൗണ്ട് വിടേണ്ടി വരികയും ചെയ്തിരുന്നു.