മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ പ്ലേ ഓഫ് ചിത്രം വ്യക്തമായിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കൊപ്പം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് പ്ലേ ഓഫ് സീറ്റ് നേടിയത്. നിര്‍ണ്ണായകമായ മത്സരത്തില്‍ സിഎസ്‌കെയെ 27 റണ്‍സിന് തോല്‍പ്പിച്ചാണ് ആര്‍സിബി പ്ലേ ഓഫില്‍ സീറ്റ് നേടിയത്. എന്നാല്‍ പ്ലേ ഓഫില്‍ ആര്‍സിബിയുടെ എതിരാളി ആരാവും?. പ്ലേ ഓഫിലെ എതിരാളികളെ അറിയാന്‍ ഇന്ന് കൂടി കാത്തിരിക്കണം.
ഇന്ന് നടക്കുന്ന രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തിലെ വിജയിയി ആരാണെന്നതും പഞ്ചാബ് കിങ്‌സ് - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിലെ വിജയി ആരാണെന്നും അറിയേണ്ടതായുണ്ട്. 13 മത്സരത്തില്‍ നിന്ന് 19 പോയിന്റ് നേടിയ കെകെആര്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു. രാജസ്ഥാനോട് തോറ്റാലും കെകെആര്‍ തലപ്പത്തുണ്ടാവും. അതേ സമയം രാജസ്ഥാന്‍ റോയല്‍സ് തോല്‍ക്കുകയും പഞ്ചാബിനെ ഹൈദരാബാദ് തോല്‍പ്പിക്കുകയും ചെയ്താല്‍ പോയിന്റ് പട്ടിക മാറും.
രാജസ്ഥാന്‍ തോല്‍ക്കുകയും ഹൈദരാബാദ് ജയിക്കുകയും ചെയ്താല്‍ രണ്ടാം സ്ഥാനത്തേക്കുയരാന്‍ ഹൈദരാബാദിന് സാധിക്കും. ഇതോടെ കെകെആര്‍ ഒന്നാം സ്ഥാനത്തും ഹൈദരാബാദ് രണ്ടാം സ്ഥാനത്തും രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തും ആര്‍സിബി നാലാം സ്ഥാനക്കാരുമാവാനാണ് സാധ്യത.
അങ്ങനെ വന്നാല്‍ ഒന്നാം ക്വാളിഫയറില്‍ ഒന്നാം സ്ഥാനക്കാരായ കെകെആര്‍ രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദിനെ നേരിടും. എലിമിനേറ്ററില്‍ മൂന്നാം സ്ഥാനക്കാരായ രാജസ്ഥാന്‍ ആര്‍സിബിയെ നേരിടുകയും ചെയ്യും.
ഹൈദരാബാദ് പഞ്ചാബിനെതിരേ വമ്പന്‍ ജയം നേടാനാണ് സാധ്യത കൂടുതല്‍. ഹൈദരാബാദിന്റെ തട്ടകത്തിലാണ് മത്സരം. കൂടാതെ പഞ്ചാബിന്റെ ഇംഗ്ലണ്ട് താരങ്ങളെല്ലാം ടീം വിട്ടു. ഇതോടെ ജിതേഷ് ശര്‍മക്ക് കീഴിലാവും പഞ്ചാബ് ഇന്നിറങ്ങുക. ഇത് ഹൈദരാബാദിന് മുന്‍തൂക്കം നല്‍കും. ഹൈദരാബാദ് കരുത്തരുടെ നിരയാണ്. ഈ സീസണില്‍ മിന്നും പ്രകടനത്തോടെ ഹൈദരാബാദ് കസറുകയാണ്. ട്രാവിസ് ഹെഡിന്റേയും അഭിഷേക് ശര്‍മയുടേയും പ്രകടനമാണ് ഹൈദരാബാദിന്റെ നട്ടെല്ല്.

സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പോയത് മറ്റെല്ലാ ടീമുകള്‍ക്കും വലിയ ആശ്വാസമാവും. എന്നാല്‍ ആര്‍സിബിയെ ഇത്തവണ എല്ലാവരും ഭയക്കേണ്ടിയിരിക്കുന്നു. അവസാനം കളിച്ച ആറ് മത്സരത്തിലും തോല്‍വി അറിയാതെയാണ് ആര്‍സിബി മുന്നേറുന്നത്. ഈ സാഹചര്യത്തില്‍ പ്ലേ ഓഫിലും ഇതേ കുതിപ്പ് തുടരാന്‍ ആര്‍സിബിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. വിരാട് കോലിയുടെയും ഫഫ് ഡുപ്ലെസിസിന്റേയും ഓപ്പണിങ് കൂട്ടുകെട്ടാണ് ടീമിന്റെ നട്ടെല്ല്.
മധ്യനിരയില്‍ രജത് പാട്ടീധാറും കസറുന്നു. ദിനേഷ് കാര്‍ത്തിക്, കാമറൂണ്‍ ഗ്രീന്‍ എന്നിവരെല്ലാം നിര്‍ണ്ണായക കാമിയോകളുമായി ടീമിന് കരുത്തേകുന്നു. ആര്‍സിബിയുടെ ബൗളിങ് നിര മെച്ചപ്പെട്ടുവെന്നതാണ് ടീമിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന കാര്യം. യഷ് ദയാല്‍, മുഹമ്മദ് സിറാജ്, ലോക്കി ഫെര്‍ഗൂസന്‍ കൂട്ടുകെട്ട് അവസാന മത്സരങ്ങളിലെല്ലാം മികവ് കാട്ടി. നായകനെന്ന നിലയില്‍ ഡുപ്ലെസിസ് മികച്ച നീക്കങ്ങളാണ് നടത്തുന്നത്.
രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫിലേക്കെത്തുമ്പോള്‍ ആശങ്കപ്പെടാനേറെ. തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ രാജസ്ഥാന്‍ തോറ്റു. ഇന്ന് കെകെആറിനോട് തോറ്റാല്‍ രാജസ്ഥാന്റെ തുടര്‍ തോല്‍വികളുടെ എണ്ണം അഞ്ചാവും. അങ്ങനെ സംഭവിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫില്‍ മുട്ടിടിക്കും. കെകെആറിന് ഇപ്പോഴും സജീവ സാധ്യതയാണുള്ളത്. ഇത്തവണ ഒത്തിണക്കത്തോടെ കളിക്കാന്‍ കെകെആറിന് സാധിക്കുന്നുണ്ട്. സുനില്‍ നരെയ്ന്‍, ആന്‍ഡ്രേ റസല്‍ എന്നിവര്‍ ഓള്‍റൗണ്ട് മികവ് കാട്ടുന്നു.
എന്നാല്‍ ഇംഗ്ലണ്ട് താരം ഫിന്‍ സാള്‍ട്ട് ടീം വിട്ടത് കെകെആറിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഓപ്പണിങ് കൂട്ടുകെട്ടില്‍ സാള്‍ട്ടും നരെയ്‌നും മികവ് കാട്ടിയിരുന്നു. ഇത് പൊളിയുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കുമോയെന്നത് കണ്ടറിയാം.