ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള പടയൊരുക്കം ശക്തമാണ്. മാര്‍ച്ച് 22നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ഏറ്റുമുട്ടും. ഇത്തവണത്തെ സീസണിന് ശേഷം മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ നിലവിലെ ടീമിനെ ഉപയോഗിച്ച് കപ്പടിക്കാനുള്ള അവസാന അവസരമാണിത്. കൂടാതെ ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പ് വരാനിരിക്കുകയാണ്.
അതുകൊണ്ടുതന്നെ ഐപിഎല്ലിലെ പ്രകടനം എല്ലാ താരങ്ങള്‍ക്കും വളരെ നിര്‍ണ്ണായകമാണ്. ഇത്തവണ പല ടീമുകള്‍ക്കും മികച്ച ബൗളിങ് കരുത്തുണ്ട്. ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഒട്ടുമിക്ക വിദേശ താരങ്ങളും ഇത്തവണത്തെ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പല ടീമുകള്‍ക്കും ബൗളിങ് കരുത്തുയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ഇത്തവണ ഡെത്തോവറിലെ ബൗളിങ് കരുത്ത് പരിശോധിക്കുമ്പോള്‍ ഏറ്റവും ശക്തം ഏത് ടീമാണ്? പരിശോധിക്കാം.
ഏറ്റവും മികച്ച ഡെത്തോവര്‍ ബൗളിങ് കരുത്ത് മുംബൈ ഇന്ത്യന്‍സിനാണെന്ന് പറയാം. എല്ലായ്‌പ്പോഴും ശക്തമായ ബൗളിങ് നിരയെ കളത്തിലിറക്കാന്‍ ശ്രദ്ധ നല്‍കാറുള്ള ടീമാണ് മുംബൈ ഇന്ത്യന്‍സ്. മുംബൈയുടെ അവസാന ഓവറുകളിലെ വജ്രായുധം ജസ്പ്രീത് ബുംറയാണ്. മിന്നല്‍ യോര്‍ക്കറുകളുമായി ജസ്പ്രീത് ബുംറ മുംബൈയെ ഡെത്തോവറില്‍ വളരെയധികം സഹായിക്കുന്നുണ്ട്. അവസാന സീസണുകളില്‍ മുംബൈയുടെ ബൗളിങ് കരുത്ത് അല്‍പ്പം മോശമായിരുന്നു.
എന്നാല്‍ ഇത്തവണത്തെ മിനി ലേലത്തിലൂടെ മുംബൈ ബൗളിങ് കരുത്തുയര്‍ത്തിയിട്ടുണ്ട്. ജേസന്‍ ബെഹറന്‍ഡോര്‍ഫും ഡെത്തോവറില്‍ കരുത്തുകാട്ടാന്‍ ശേഷിയുള്ളവനാണ്. നുവാന്‍ തുഷാരയേയും മുംബൈ ടീമിലേക്കെത്തിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ താരവും മികച്ച യോര്‍ക്കറുകളിലൂടെ റണ്‍സ് പിടിച്ചുകെട്ടാന്‍ കഴിവുള്ളവനാണ്. ദക്ഷിണാഫ്രിക്കയുടെ യുവ പേസര്‍ ജെറാള്‍ഡ് കോയിറ്റ്‌സിയും ഇത്തവണ മുംബൈക്ക് കരുത്ത് പകര്‍ന്ന് ഒപ്പമുണ്ട്.

അതുകൊണ്ടുതന്നെ ഇത്തവണയുടെ മുംബൈയുടെ പേസ് കരുത്ത് എല്ലാ എതിരാളികളേയും വിറപ്പിക്കുന്നതാണ്. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയാണ് മുംബൈ ഇത്തവണ ഇറങ്ങുന്നത്. 2020ന് ശേഷമുള്ള മുംബൈയുടെ പ്രകടന ഗ്രാഫ് താഴോട്ടാണ്. ഹാര്‍ദിക് നായകസ്ഥാനത്തേക്കെത്തുമ്പോള്‍ പഴയ മികവിലേക്ക് മുംബൈക്ക് എത്താനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഡെത്തോവര്‍ കരുത്തില്‍ രണ്ടാം സ്ഥാനം ചെന്നൈ സൂപ്പര്‍ കിങ്‌സിന് നല്‍കാം. നിലവിലെ ചാമ്പ്യന്മാരാണ് എംഎസ് ധോണിയുടെ സിഎസ്‌കെ. അവസാന സീസണില്‍ വലിയ ബൗളിങ് കരുത്ത് സിഎസ്‌കെയ്ക്ക് അവകാശപ്പെടാന്‍ സാധിക്കില്ലായിരുന്നു. എന്നിട്ടും കപ്പടിക്കാന്‍ അവര്‍ക്കായി. ഇത്തവണ സിഎസ്‌കെ ബൗളിങ് കരുത്തുയര്‍ത്തിയതോടെ ടീമിന്റെ ഡെത്തോവറിലെ ശക്തിയും വര്‍ധിച്ചിട്ടുണ്ട്. മതീഷ പതിരണ യോര്‍ക്കറുകളുമായി വിറപ്പിക്കാന്‍ സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്. ഇപ്പോള്‍ മുസ്തഫിസുര്‍ റഹ്‌മാന്റെ വരവോടെ ടീമിന്റെ കരുത്ത് ഇരട്ടിച്ചു.
സ്ലോ കട്ടറുകളെറിയാനും യോര്‍ക്കര്‍ എറിയാനും ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ മിടുക്കനാണ്. ബൗളര്‍മാരെ നന്നായി ഉപയോഗിക്കാന്‍ ധോണിക്കറിയാം. അതുകൊണ്ടുതന്നെ ഇത്തവണ സിഎസ്‌കെയുടെ ബൗളിങ് നിര ഡെത്തോവറില്‍ എല്ലാവരേയും വിറപ്പിക്കുമെന്നുറപ്പ്. പഞ്ചാബ് കിങ്‌സാണ് ശക്തരായ മറ്റൊരു ടീം. ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും കപ്പടിക്കാന്‍ ഭാഗ്യമില്ലാത്തവരാണ് പഞ്ചാബ്. എന്നാല്‍ മിക്ക സീസണിലും മികച്ച പല താരങ്ങളേയും ഒപ്പം കൂട്ടാന്‍ അവര്‍ക്കായിട്ടുണ്ട്.
ഇത്തവണ ഗംഭീര ബൗളിങ് നിര പഞ്ചാബിനൊപ്പമുണ്ട്. കഗിസോ റബാഡ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഡെത്തോവറില്‍ വിറപ്പിക്കാന്‍ കെല്‍പ്പുള്ളവരാണ്. റബാഡ അതിവേഗ പന്തുകളിലൂടെ ഞെട്ടിക്കുമ്പോള്‍ മികച്ച യോര്‍ക്കറാണ് അര്‍ഷ്ദീപിന്റെ ശക്തി. ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങുന്ന പഞ്ചാബ് ഇത്തവണ പ്ലേ ഓഫിലെങ്കിലും കടക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.