മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ മാര്‍ച്ച് 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഔദ്യോഗിക ഷെഡ്യൂള്‍ ഇന്ന് പ്രഖ്യാപിച്ചപ്പോള്‍ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ശക്തരായ ആര്‍സിബിയും തമ്മില്‍ ഏറ്റുമുട്ടും. ചെന്നൈയുടെ തട്ടകത്തിലാണ് മത്സരം. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍ ഇതിന്റെ തീയ്യതിക്കനുസരിച്ചാവും ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങള്‍ നടക്കുക.
21 മത്സരങ്ങളുടെ ഷെഡ്യൂളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഷെഡ്യൂള്‍ പ്രകാരം ഏറ്റവും ശക്തമായ മത്സരം നേരിടുന്ന ടീം ഏതാണ്? പരിശോധിക്കാം. സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിന് നാല് മത്സരങ്ങളാണ് ആദ്യ ഷെഡ്യൂളിലുള്ളത്. ഇതില്‍ മൂന്ന് മത്സരങ്ങളും രാജസ്ഥാന്റെ തട്ടകത്തിലാണ്. മുംബൈക്കെതിരായ മത്സരം എവേയാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേയാണ് രാജസ്ഥാന്റെ ആദ്യ മത്സരം.
ഡല്‍ഹിക്കെതിരേയും ആര്‍സിബിക്കെതിരേയും രാജസ്ഥാന്റെ മത്സരം സ്വന്തം തട്ടകത്തിലാണ്. അതുകൊണ്ടുതന്നെ തട്ടകത്തിലെ മൂന്ന് മത്സരങ്ങളും ജയിക്കുകയെന്നതാണ് രാജസ്ഥാന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ആദ്യ ഷെഡ്യൂള്‍ അവസാനിക്കുമ്പോള്‍ പോയിന്റ് പട്ടികയുടെ മുന്‍ നിരയില്‍ എത്താനുള്ള സുവര്‍ണ്ണാവസരം രാജസ്ഥാന് മുന്നിലുണ്ട്. ഇത് മുതലാക്കാന്‍ ടീമിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനും നാല് മത്സരങ്ങളാണ് ആദ്യ ഷെഡ്യൂളിലുള്ളത്.
ഇതില്‍ രണ്ട് എവേ മത്സരവും രണ്ട് ഹോം മത്സരവുമാണുള്ളത്. ആര്‍സിബി, രാജസ്ഥാന്‍, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് ലഖ്‌നൗവിന്റെ എതിരാളികള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മൂന്ന് മത്സരങ്ങളാണ് മുന്നിലുള്ളത്. ഇതില്‍ ഹൈദരാബാദിനെതിരേ ഹോം മത്സരമാണ്. ആര്‍സിബി, ഡല്‍ഹി ടീമുകള്‍ക്കെതിരേ എവേ മത്സരമാണ്. കെകെആറിനെ സംബന്ധിച്ച് ആര്‍സിബിയിലെ ബംഗളൂരുവില്‍ വീഴ്ത്തുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം.

വിരാട് കോലിയും ഗൗതം ഗംഭീറും തമ്മിലുള്ള അഭിപ്രായ ഭിന്നത തുടങ്ങിയിട്ട് നാളുകളേറെയായി. ഇത്തവണ കെകെആറിന്റെ ഉപദേഷ്ടാവാണ് ഗംഭീര്‍. അതുകൊണ്ടുതന്നെ കെകെആര്‍-ആര്‍സിബി മത്സരത്തിന് പോരാട്ടവീര്യം ഏറും. ഗുജറാത്ത് ടൈറ്റന്‍സിന് ശക്തമായ ഷെഡ്യൂളാണ് ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. തൊട്ടടുത്ത മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനേയും നേരിടണം.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് എന്നിവരേയും ഗുജറാത്തിന് നേരിടണം. ആദ്യ ഷെഡ്യൂളില്‍ അഞ്ച് മത്സരങ്ങളാണ് ഗുജറാത്തിന് കളിക്കേണ്ടത്. ആദ്യ ഷെഡ്യൂളില്‍ കൂടുതല്‍ മത്സരം കളിക്കുന്ന ടീമുകളിലൊന്നാണ് ഗുജറാത്ത്. ആര്‍സിബിക്ക് സിഎസ്‌കെ, കെകെആര്‍, രാജസ്ഥാന്‍, ലഖ്‌നൗ, പഞ്ചാബ് ടീമുകളെയെല്ലാം ആര്‍സിബി ആദ്യ ഷെഡ്യൂളില്‍ നേരിടേണ്ടതായുണ്ട്. സിഎസ്‌കെ, രാജസ്ഥാന്‍ എന്നിവര്‍ക്കെതിരേ എവേ മത്സരമാണെന്നതാണ് ആര്‍സിബിക്ക് സമ്മര്‍ദ്ദം നല്‍കുന്നത്.
നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെയ്ക്ക് രണ്ട് വലിയ മത്സരങ്ങളും തട്ടകത്തിലാണെന്നത് ആശ്വാസമാണ്. ആര്‍സിബിയേയും ഗുജറാത്തിനേയും സ്വന്തം മണ്ണില്‍ നേരിടുമ്പോള്‍ സിഎസ്‌കെയ്ക്ക് ആത്മവിശ്വാസമേറെ. ഡല്‍ഹിക്കും ഹൈദരാബാദിനുമെതിരേയാണ് എവേ മത്സരം നടക്കുന്നത്. സിഎസ്‌കെ നാലിലും ജയിച്ച് പോയിന്റ് പട്ടികയില്‍ തലപ്പത്തെത്താനുള്ള സാധ്യത കൂടുതലാണ്.
മുംബൈക്ക് നാല് മത്സരങ്ങള്‍ കളിക്കേണ്ടി വരുമ്പോള്‍ ഗുജറാത്തിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ സ്വന്തം തട്ടകം ലഭിക്കില്ലെന്നതാണ് നിരാശപ്പെടുത്തുന്നത്. ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും വാശിയേറിയ മത്സരമാണിത്. സിഎസ്‌കെ-മുംബൈ സൂപ്പര്‍ പോരാട്ടം ആദ്യ ഷെഡ്യൂളില്‍ കാണാനാവില്ലെന്നതാണ് നിരാശപ്പെടുത്തുന്നത്. രാജസ്ഥാനേയും ഡല്‍ഹിയേയും മുംബൈ സ്വന്തം തട്ടകത്തിലാണ് നേരിടുന്നത്. ആദ്യത്തെ ഷെഡ്യൂളിലെ എല്ലാ മത്സരങ്ങളും ജയിക്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്.
തട്ടകത്തിലെ മത്സരങ്ങള്‍ ജയിച്ച് ആത്മവിശ്വാസം നേടിയെടുത്താല്‍ രണ്ടാം ഷെഡ്യൂളില്‍ ടീമുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവും. മുംബൈ, സിഎസ്‌കെ ടീമുകള്‍ തമ്മില്‍ ഇത്തവണ കിരീടത്തിനായി വാശിയേറിയ പോരാട്ടം നടക്കും. നിലവില്‍ രണ്ട് ടീമും അഞ്ച് കിരീടം വീതം നേടി കൂടുതല്‍ കിരീടങ്ങളെന്ന റെക്കോഡില്‍ ഒന്നാം സ്ഥാനം പങ്കിടുകയാണ്. അതുകൊണ്ടുതന്നെ ഇത്തവണ കിരീടത്തിനായി ഇരു ടീമും തമ്മില്‍ ശക്തമായ പോരാട്ടം പ്രതീക്ഷിക്കാം.