ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എട്ട് പന്ത് ബാക്കിയാക്കി ആറ് വിക്കറ്റിനാണ് സിഎസ്‌കെയുടെ വമ്പന്‍ ജയം. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ആര്‍സിബി 6 വിക്കറ്റിന് 173 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.
രചിന്‍ രവീന്ദ്ര (15 പന്തില്‍ 37*), അജിന്‍ക്യ രഹാനെ (19 പന്തില്‍ 27), ഡാരില്‍ മിച്ചല്‍ (18 പന്തില്‍ 22), ശിവം ദുബെ (28 പന്തില്‍ 34*), രവീന്ദ്ര ജഡേജ (17 പന്തില്‍ 25*) എന്നിവരെല്ലാം സിഎസ്‌കെയ്ക്കായി ബാറ്റിങ്ങില്‍ തിളങ്ങി. എന്നാല്‍ സിഎസ്‌കെയുടെ മാച്ച് വിന്നറായി മാറിയത് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനാണ്. നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് മുസ്തഫിസുര്‍ വീഴ്ത്തിയത്. സിഎസ്‌കെയുടെ ഹീറോയായി മുസ്തഫിസുര്‍ മാറിയിട്ടുണ്ട്.
കട്ടറിലൂടെയും സ്ലോ ബോളിലൂടെയും ആര്‍സിബി ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ച് ആദ്യ മത്സരത്തില്‍ത്തന്നെ സിഎസ്‌കെയുടെ ഹീറോയായി മുസ്തഫിസുര്‍ മാറിയിട്ടുണ്ട്. സിഎസ്‌കെ ആരാധകര്‍ ബംഗ്ലാദേശ് പേസറെ പ്രശംസിക്കുമ്പോള്‍ 2015ല്‍ സംഭവിച്ച പഴയ കാര്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ബംഗ്ലാദേശിന്റെ ഇടം കൈയന്‍ പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനും എംഎസ് ധോണിയും തമ്മിലുണ്ടായ ഉടക്കാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
2015ലെ ഏകദിന ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. 308 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 25ാം ഓവറിലാണ് സംഭവം. റണ്ണിങ്ങിനിടെ ധോണിയുടെ വഴിമുടക്കുന്ന രീതിയില്‍ മുസ്തഫിസുര്‍ നില്‍ക്കുകയായിരുന്നു. തന്റെ വഴി തടഞ്ഞ മുസ്തഫിസുറിനെ കൈമുട്ടുകൊണ്ട് ധോണി തട്ടിയിടുകയും ചെയ്തു. ഇടിയേറ്റ് മുസ്തഫിസുര്‍ നിലത്തുവീഴുകയും ചെയ്തു. ഈ മത്സരത്തിന്റെ ആദ്യ സമയത്ത് രോഹിത് ശര്‍മയുടെയും വഴിമുടക്കി മുസ്തഫിസുര്‍ നിന്നിരുന്നു.

അപ്പോള്‍ രോഹിത് മുന്നറിയിപ്പ് നല്‍കുകയും അംപയറോട് പരാതിപ്പെടുകയും ചെയ്തു. ഇതേ പ്രവര്‍ത്തി ധോണിയോട് ആവര്‍ത്തിച്ചപ്പോഴാണ് ഇടികൊണ്ടത്. ഈ മത്സരത്തില്‍ അഞ്ച് വിക്കറ്റുമായി മുസ്തഫിസുര്‍ തിളങ്ങുകയും ബംഗ്ലാദേശ് ഈ മത്സരം ജയിക്കുകയും ചെയ്തു. അന്ന് ധോണിയെ പ്രകോപിപ്പിച്ച് പണി മേടിച്ച മുസ്തഫിസുര്‍ ഇന്ന് സിഎസ്‌കെയുടെ ഹീറോയായി വന്നിരിക്കുകയാണ്. വരുന്ന മത്സരങ്ങളിലും മുസ്തഫിസുര്‍ ഇതേ മികവ് തുടരുമെന്ന് തന്നെ പ്രതീക്ഷിക്കാം.
സ്ലോ കട്ടറുകളാണ് മുസ്തഫിസുറിന്റെ ആയുധം. ആര്‍സിബിക്കെതിരായ ആദ്യ മത്സരത്തില്‍ ഫഫ് ഡുപ്ലെസിസിനെ മുസ്തഫിസുര്‍ പുറത്താക്കിയത് ഇതേ തന്ത്രത്തിലൂടെയാണ്. പിന്നാലെ രജത് പാട്ടീധാറിനേയും അദ്ദേഹം പുറത്താക്കി. ഡെത്തോവറിലേക്ക് വരുമ്പോഴും മുസ്തഫിസുര്‍ ഇതേ തന്ത്രത്തിലൂടെ മികവ് കാട്ടുന്നു. സ്ലോ യോര്‍ക്കറുകളെറിയാനും റണ്‍റേറ്റ് പിടിച്ചുകെട്ടാനും മുസ്തഫിസുറിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍ ഭയക്കുന്ന ബൗളറാണ് മുസ്തഫിസുര്‍.
നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് മുസ്തഫിസുര്‍ നേടിയത്. ഇംപാക്ട് പ്ലയറായാണ് സിഎസ്‌കെ മുസ്തഫിസുറിനെ ഉപയോഗിക്കുന്നത്. ബൗളിങ്ങില്‍ മാത്രമായി താരത്തെ ഉപയോഗിക്കാനാണ് ടീമിന്റെ പദ്ധതി. എന്തായാലും സിഎസ്‌കെ ഇത്തവണ ശക്തമായ താരനിരയോടെയാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിലെ ജയം ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. റുതുരാജ് ഗെയ്ക് വാദ് നായകനാവുമ്പോള്‍ ടീമിന്റെ പ്രകടനം താഴോട്ട് പോകുമോയെന്ന ആശങ്കയുണ്ടായിരുന്നു.
എന്നാല്‍ ആര്‍സിബിക്കെതിരായ മത്സരത്തിലെ നായകനെന്ന നിലയിലെ റുതുരാജിന്റെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. മികച്ച രീതിയില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാനും കപ്പിലേക്കെത്തിക്കാനും റുതുരാജിന് സാധിച്ചേക്കും. ഇത്തവണ ടീമിലേക്കെത്തിയ രചിന്‍ രവീന്ദ്രയും ഡാരില്‍ മിച്ചലും പ്രതീക്ഷ നല്‍കുന്നുണ്ട്. എന്തായാലും ഇത്തവണ ടോപ് ഫോറില്‍ സിഎസ്‌കെ ഉള്‍പ്പെടാന്‍ സാധ്യതകളേറെയാണ്.