ഐപിഎല്ലില്‍ ഇത്തവണ മഴയെ തുടര്‍ന്നു ടോസ് പോലും നടക്കാതെ ഉപേക്ഷിക്കപ്പെട്ട ആദ്യത്തെ മല്‍സരമായി ഗുജറാത്ത് ടൈറ്റന്‍സ്- കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് പോരാട്ടം മാറിയിരുന്നു. തിങ്കളാഴ്ച രാത്രി 7.30 മുതല്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് കളി നടക്കേണ്ടിയിരുന്നത്. പക്ഷെ ടോസ് പോലും നടത്താന്‍ മഴ അനുവദിച്ചില്ല. ഇതോടെ രാത്രി 10.45 ഓടെ മല്‍സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജിടി ഇതോടെ പ്ലേഓഫ് കാണാതെ പുറത്താവുകയും ചെയ്തിരുന്നു.
ഈ സീസണില്‍ നേരത്തേയും ചില മല്‍സരങ്ങളിലും മഴ ഈ തരത്തില്‍ രസംകൊല്ലിയായി വന്നിരുന്നെങ്കിലും കളി ഉപേക്ഷിക്കപ്പെടാന്‍ ഇടയാക്കിയിരുന്നില്ല. അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന പ്ലേഓഫ് പോരാട്ടങ്ങളിലും മഴ വില്ലനായി വരികയാണെങ്കില്‍ എന്തു സംഭവിക്കുമെന്നു നമുക്കു നോക്കാം. പ്ലേഓഫില്‍ ക്വാളിഫയര്‍ 1, എലിമിനേറ്റര്‍, ക്വാളിഫയര്‍ 2 എന്നിങ്ങനെ മൂന്നു മല്‍സരങ്ങളാണുള്ളത്. തുടര്‍ന്നാണ് ഫൈനല്‍.

ക്വാളിഫയര്‍ 1, എലിമിനേറ്റര്‍ മല്‍സരങ്ങള്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ രണ്ടു മല്‍സരങ്ങള്‍ക്കും മഴ ഭീഷണിയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. ഇതു ക്രിക്കറ്റ് പ്രേമികളെ തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണ്. ക്വാളിഫയര്‍ 2, ഫൈനല്‍ എന്നിവയ്ക്കു വേദിയാവുക ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയമാണ്.
കഴിഞ്ഞ സീസണിലെ ഐപിഎല്‍ ഫൈനല്‍ ക്രിക്കറ്റ് പ്രേമികള്‍ മറന്നുകാണില്ല. മഴ കാരണം രണ്ടു ദിവസങ്ങളിലായിട്ടാണ് അന്നു ഫൈനല്‍ നടന്നത്. അഹമ്മദാബാദില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം മഴയെ തുടര്‍ന്നു റിസര്‍വ് ദിനത്തിലേക്കു നീണ്ടിരുന്നു. കാലാവസ്ഥാ ഭീഷണി മുന്നില്‍ കണ്ട് ഇത്തവണ രണ്ടു റിസര്‍വ് ദിനങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. അഹമ്മദാബാദ്, ചെന്നൈ എന്നീവിടങ്ങളിലെ പ്ലേഓഫുകള്‍ക്കു ഓരോ റിസര്‍വ്വ് ദിനം വീതമുണ്ടാവും. കൂടാതെ ഫൈനലിനും റിസര്‍വ് ദിനമുണ്ട്.
മഴയെ തുടര്‍ന്നു ഏതെങ്കിലുമൊരു പ്ലേഓഫ് മല്‍സരം തടസ്സപ്പെടുകയാണെങ്കില്‍ അതു റിസര്‍വ് ദിനത്തിലേക്കു മാറ്റിവയ്ക്കും. ക്വാളിഫയര്‍ 1 മല്‍സരം മേയ് 21ന് അഹമ്മദാബാദിലാണ്. പോയിന്റ് പട്ടികയിലെ ആദ്യത്തെ രണ്ടു സ്ഥാനക്കാരാണ് ഈ മല്‍സരത്തില്‍ ഏറ്റുമുട്ടുക. ജയിക്കുന്നവര്‍ നേരിട്ടു ഫൈനലിലെത്തും. തോല്‍ക്കുന്ന ടീമിനു ഫൈനലില്‍ കടക്കാന്‍ ഒരസരം കൂടി ലഭിക്കും. തോല്‍ക്കുന്ന ടീം രണ്ടാം ക്വാളിഫയറില്‍ എലിമിനേറ്ററിലെ വിജയികളെ നേരിടും. ഇതില്‍ ജയിക്കുന്നവരാവും ഫൈനലിലെ രണ്ടാമത്തെ ടീം.

ആദ്യ ക്വാളിഫയറിനു തൊട്ടടുത്ത ദിവസം തന്നെയാണ് (മേയ് 22) അഹമ്മദാബാദില്‍ എലിമിനേറ്റര്‍ പോരാട്ടം. 23ന് റിസര്‍വ് ദിനമായി നല്‍കിയിട്ടുണ്ട്. തുടര്‍ന്നു 24നു ചെപ്പോക്കിലാണ് രണ്ടാം ക്വാളിഫയര്‍ മല്‍സരം. 25നു റിസര്‍വ് ദിനമാണ്. മഴ തടസ്സപ്പെടുത്തിയാല്‍ മല്‍സരം 25ലേക്കു നീളും. 26നു ചെന്നൈയിലാണ് കലാശപ്പോരാട്ടം. 27നു റിസര്‍വ് ദിനവും നല്‍കിയിട്ടുണ്ട്.
നിലവില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീം മാത്രമേ പ്ലേഓഫിലേക്കു യോഗ്യത നേടിയിട്ടുള്ളൂ. ക്വാളിഫയര്‍ വണ്ണില്‍ അവര്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. മിക്കവാറും സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സായിരിക്കും ക്വാളിഫയര്‍ വണ്ണില്‍ കെകെആറിന്റെ എതിലാളികള്‍. നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാഹബാദ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരാണ് പ്ലേഓഫിനായി പോരടിക്കുന്ന മറ്റു ടീമുകള്‍.