മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ഫൈനല്‍ നാളെ നടക്കാന്‍ പോവുകയാണ്. കരുത്തരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് കിരീട പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. കെകെആര്‍ ഒന്നാം ക്വാളിഫയറില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് ഫൈനല്‍ ടിക്കറ്റെടുത്തത്. അതുകൊണ്ടുതന്നെ ഫൈനലില്‍ കൂടുതല്‍ കിരീട സാധ്യത കല്‍പ്പിക്കുന്നത് കെകെആറിന് തന്നെയാണ്. ശ്രേയസ് അയ്യര്‍ നയിക്കുന്ന കെകെആര്‍ കരുത്തരുടെ നിരയാണ്.
പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഹൈദരാബാദ് രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചാണ് ഫൈനല്‍ ടിക്കറ്റെടുത്തത്. കണക്കുകളില്‍ എല്ലാവരും കെകെആറിന് കൂടുതല്‍ കിരീട സാധ്യത നല്‍കുമ്പോള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍. ഹൈദരാബാദിന്റെ കരുത്ത് എന്താണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാഫര്‍ കെകെആറിന് മുന്നറിയിപ്പ് നല്‍കുന്നത്. സാഹചര്യത്തിനനുസരിച്ച് മാറ്റം വരുത്താന്‍ ഹൈദരാബാദിന് കഴിവുണ്ടെന്നാണ് ജാഫറിന്റെ വിലയിരുത്തല്‍.
'സണ്‍റൈസേഴ്‌സിന്റെ കഴിവ് അവര്‍ ഒരു ശൈലിയില്‍ മാത്രം കളിക്കുന്നവരല്ലെന്നതാണ്. എപ്പോഴും മാറ്റങ്ങള്‍ വരുത്തി കളിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. അവസാന മത്സരത്തില്‍ പവര്‍പ്ലേയില്‍ അവര്‍ സ്പിന്നിനെ ഉപയോഗിച്ചു. അതുകൊണ്ടുതന്നെ വിജയകാന്ത് വിയാസ്‌കാന്തിനെയോ വാഷിങ്ടണ്‍ സുന്ദറിനെയോ അവര്‍ കളിപ്പിച്ചാല്‍ തെറ്റ് പറയാനാവില്ല. അവര്‍ക്ക് മൂന്ന് ഇടം കൈയന്‍മാരുണ്ട്. അതുകൊണ്ടുതന്നെ ഏത് തരത്തിലും പദ്ധതികളില്‍ മാറ്റം വരുത്താന്‍ സാധിക്കും.
നിധീഷ് റെഡ്ഡിയെ ബൗളിങ്ങില്‍ കൂടുതല്‍ ഉപയോഗിക്കാനും സാധ്യതയുണ്ട്. പാറ്റ് കമ്മിന്‍സ് മാറ്റങ്ങള്‍ക്ക് തയ്യാറാവുന്ന നായകനാണ്' ജാഫര്‍ ചൂണ്ടിക്കാട്ടി. ഒന്നാം ക്വാളിഫയര്‍ നടന്നത് അഹമ്മദാബാദിലാണ്. എന്നാല്‍ ഫൈനല്‍ പോരാട്ടം നടക്കുന്നത് ചെന്നൈയിലാണ്. കെകെആര്‍ ചെന്നൈയില്‍ പ്ലേ ഓഫ് കളിച്ചിട്ടില്ല. അതേ സമയം രാജസ്ഥാനെ ചെന്നൈയില്‍ തോല്‍പ്പിക്കാന്‍ ഹൈദരാബാദിന് സാധിച്ചു. അതുകൊണ്ടുതന്നെ കെകെആറിനെക്കാളും പിച്ചിനോട് വേഗത്തില്‍ പൊരുത്തപ്പെടാന്‍ ഹൈദരാബാദിനാവും.

ചെന്നൈയിലെ പിച്ച് സ്പിന്നിന് അനുകൂലമാണ്. ഹൈദരാബാദിന്റെ സ്പിന്‍ കരുത്ത് ശക്തമാണ്. പാര്‍ട്ട് ടൈം സ്പിന്നര്‍മാരാല്‍ ഹൈദരാബാദ് സമ്പന്നമാണ്. അതുകൊണ്ടുതന്നെ കെകെആറിന്റെ ബാറ്റിങ് നിരക്ക് ഹൈദരാബാദ് പാര്‍ട്ട് ടൈം ബൗളര്‍മാര്‍ വലിയ ഭീഷണിയാണ്. ഷഹബാസ് അഹമ്മദ്, അഭിഷേക് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, എയ്ഡന്‍ മാര്‍ക്രം, മായങ്ക് മാര്‍ക്കണ്ഡെ തുടങ്ങിയവരെല്ലാം ഹൈദരാബാദിന്റെ സ്പിന്‍ ബൗളര്‍മാരാണ്.
നിധീഷ് മീഡിയം പേസര്‍മാരായുമുണ്ട്. സാഹചര്യത്തിനനുസരിച്ച് മാറ്റം വരുത്താന്‍ ധൈര്യം കാട്ടാന്‍ പാറ്റ് കമ്മിന്‍സ് മടക്കില്ല. എന്നാല്‍ കെകെആര്‍ നായകന്‍ ശ്രേയസ് അയ്യര്‍ ഇത്തരത്തില്‍ സാഹസത്തിന് മുതിരാന്‍ സാധ്യതയില്ല. ഹൈദരാബാദിന്റെ ഓപ്പണര്‍മാരോടൊപ്പം ഹെന്റിച്ച് ക്ലാസനേയും ഭയക്കണമെന്നാണ് ജാഫര്‍ പറയുന്നത്. 'ക്ലാസന്റെ വിക്കറ്റ് മധ്യനിരയില്‍ വളരെ പ്രധാനപ്പെട്ടതാണ്. അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ക്ലാസന്‍ എന്നിവരുടെ വിക്കറ്റ് ഹൈദരാബാദിന് വളരെ പ്രധാനപ്പെട്ടതാണ്.
രാഹുല്‍ ത്രിപാഠി, നിധീഷ് കുമാര്‍ റെഡ്ഡി എന്നിവരുടെ കാമിയോകള്‍ ഭയക്കണം' ജാഫര്‍ കൂട്ടിച്ചേര്‍ത്തു. കെകെആര്‍ ബൗളിങ് നിരയും ശക്തമാണ്. മിച്ചല്‍ സ്റ്റാര്‍ക്ക് ആദ്യ ക്വാളിഫയറില്‍ മൂന്ന് വിക്കറ്റുമായി ഹൈദരാബാദിന്റെ നടുവൊടിച്ചിരുന്നു. ഇതേ മികവ് ഫൈനലില്‍ ആവര്‍ത്തിക്കാനാവുമോയെന്നാണ് അറിയേണ്ടത്. വൈഭവ് അറോറ, ഹര്‍ഷിത് റാണ എന്നീ യുവ പേസര്‍മാരും മിടുക്കുകാട്ടുന്നു. സുനില്‍ നരെയ്‌ന്റെ സ്പിന്‍ ബൗളിങ് ഹൈദരാബാദിന് വലിയ ഭീഷണിയാണ്.
ആന്‍ഡ്രേ റസലിന്റെ മീഡിയം പേസും കെകെആറിന് കരുത്ത് പകരുന്നു. ഗൗതം ഗംഭീര്‍ എന്ന അനുഭവസമ്പന്നനും ബുദ്ധിമാനുമായ ഉപദേഷ്ടാവിന്റെ പിന്തുണയാണ് കെകെആറിന്റെ ശക്തി. ടീമിനെ ഒത്തിണക്കത്തോടെ കൊണ്ടുപോകാന്‍ ഗംഭീറിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മികച്ച പോരാട്ടം ഫൈനലില്‍ പ്രതീക്ഷിക്കാം.