വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യ രണ്ട് മത്സരവും തോറ്റ ഡല്‍ഹി മൂന്നാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 20 റണ്‍സിന് തോല്‍പ്പിക്കുകയായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ പ്രകടനം കാഴ്ചവെച്ച ഡല്‍ഹി വിജയം പിടിച്ചെടുക്കുകയായിരുന്നു. പ്ലേയിങ് 11ല്‍ ഡല്‍ഹി നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തിയതാണ് വിജയ വഴിയിലേക്ക് ഡല്‍ഹിയെ തിരികെ കൊണ്ടുവന്നത്.
ഇതില്‍ എടുത്തു പറയേണ്ടത് ഓപ്പണിങ്ങിലേക്ക് പൃഥ്വി ഷാ നടത്തിയ തിരിച്ചുവരവാണ്. ആദ്യ രണ്ട് മത്സരത്തിലും പുറത്തിരുന്ന പൃഥ്വി ഷാ 27 പന്തില്‍ 43 റണ്‍സുമായാണ് തിരിച്ചുവരവ് ആഘോഷിച്ചത്. 4 ഫോറും 2 സിക്‌സും പൃഥ്വി അടിച്ചെടുത്തു.
ഒന്നാം വിക്കറ്റില്‍ 93 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാനും പൃഥ്വിക്കായി. മടങ്ങിവരവില്‍ ഗംഭീര ഇംപാക്ട് സൃഷ്ടിച്ച് മാച്ച് വിന്നിങ് പ്രകടനം തന്നെ കാഴ്ചവെക്കാന്‍ പൃഥ്വിക്കായി. ഇപ്പോഴിതാ പൃഥ്വിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.
പൃഥ്വി ഷാ സൃഷ്ടിച്ച ഇംപാക്ടിനെയാണ് സെവാഗ് പ്രശംസിച്ചത്. 'നെറ്റ്‌സില്‍ ഒരു താരം ബാറ്റുചെയ്യുമ്പോള്‍ അവന്‍ മികച്ച താളത്തിലാണോ അല്ലയോയെന്നത് ടീം മാനേജ്‌മെന്റ് എപ്പോഴും ശ്രദ്ധിക്കും. ചെന്നൈക്കെതിരായ റിഷഭിന്റെ ഇന്നിങ്‌സ് അവന്‍ ടീമിന് എത്രത്തോളം പ്രധാനപ്പെട്ടവനാണെന്ന് വ്യക്തമാക്കുന്നതാണ്. അവസാന ഐപിഎല്ലിലും ചില മത്സരങ്ങളില്‍ അവന്‍ പുറത്തിരുന്നിരുന്നു. ഇത്തവണ ആദ്യ 2 മത്സരത്തിലും പുറത്തിരുത്തി. അവന്റെ ഉള്ളില്‍ ഇത് വേദനിച്ചിട്ടുണ്ടാവും.
അവിടെ നിന്നാവും ഇത്തരമൊരു ഇന്നിങ്‌സ് ഉണ്ടായിട്ടുള്ളത്'-ക്രിക് ബസിനോട് സംസാരിക്കവെ സെവാഗ് പറഞ്ഞു. ആരേയും ഭയക്കാത്ത ബാറ്റ്‌സ്മാനാണ് പൃഥ്വി. അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യയെ ചൂടിച്ച നായകനായ പൃഥ്വി ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയേയും നിരവധി തവണ നയിച്ചിട്ടുണ്ട്. ഇന്ത്യക്കൊപ്പമുള്ള അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് പൃഥ്വി. എന്നാല്‍ പ്രതീക്ഷിച്ചപോലൊരു കരിയര്‍ അദ്ദേഹത്തിന് സൃഷ്ടിക്കാനായില്ല.

ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് ഒരു വര്‍ഷം പുറത്തിരുന്നതോടെ പൃഥ്വിയുടെ ഫിറ്റ്‌നസ് നഷ്ടപ്പെട്ടു. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഫ്‌ളോപ്പായതോടെ ഇന്ത്യന്‍ ടീമില്‍ നിന്ന് പൂര്‍ണ്ണമായും തഴയപ്പെട്ടു. ഇതോടെ ഐപിഎല്ലില്‍ മാത്രമായി താരം ഒതുങ്ങി. ഒരു കാലത്ത് അടുത്ത വീരേന്ദര്‍ സെവാഗ് എന്ന് വിലയിരുത്തപ്പെട്ട ബാറ്റ്‌സ്മാനാണ് പൃഥ്വി. എന്നാല്‍ ഇപ്പോള്‍ ദേശീയ ടീമില്‍ അവസരം പോലുമില്ലാതെ താരത്തിന് ഒതുങ്ങേണ്ടി വന്നു.
ഡല്‍ഹിക്കായി ശക്തമായ പ്രകടനം നടത്താന്‍ പല തവണ പൃഥ്വിക്കായിട്ടുണ്ട്. എന്നാല്‍ സ്ഥിരതയുള്ള ബാറ്റ്‌സ്മാനാണ് പൃഥ്വിയെന്ന് പറയാനാവില്ല. സാങ്കേതികമായി നിരവധി പിഴവും പൃഥ്വിക്കുണ്ട്. തന്റേതായ ദിവസം കസറുകയും എതിര്‍ ടീമില്‍ നിന്ന് പൂര്‍ണ്ണമായും മത്സരം തട്ടിയെടുക്കാനും കഴിവുള്ളവനാണ് പൃഥ്വി ഷാ. എന്നാല്‍ വിശ്വസ്തനാണെന്ന് പറയാനാവില്ല. എന്തായാലും ടി20 ഫോര്‍മാറ്റിലെ അപകടകാരികളായ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് പൃഥ്വിയെന്ന് നിസംശയം പറയാം.
ഡല്‍ഹിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന ജയമാണ് സിഎസ്‌കെയ്‌ക്കെതിരേ നേടിയെടുത്തിരിക്കുന്നത്. ഡേവിഡ് വാര്‍ണര്‍ 52 റണ്‍സോടെ തിളങ്ങി. 35 പന്തില്‍ 5 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് വാര്‍ണര്‍ കസറിയത്. കാര്‍ അപകടത്തെത്തുടര്‍ന്ന് പരിക്കേറ്റ് ഏറെ നാളുകളായി ടീമിന് പുറത്തായിരുന്ന റിഷഭ് പന്ത് തിരിച്ചുവരവിലെ ആദ്യത്തെ ഫിഫ്റ്റി നേടിയിരിക്കുകയാണ്. 32 പന്തില്‍ 4 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 51 റണ്‍സാണ് റിഷഭ് നേടിയത്.
ഖലീല്‍ അഹമ്മദിന്റേയും മുകേഷ് കുമാറിന്റേയും തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് സിഎസ്‌കെയെ തകര്‍ത്തത്. എംഎസ് ധോണി 16 പന്തില്‍ 37 റണ്‍സ് നേടി കൈയടി നേടി. 4 ഫോറും 3 സിക്‌സുമാണ് ധോണി പറത്തിയത്.