മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ശക്തരുടെ നിരയുമായെത്തി പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. 11 മത്സരത്തില്‍ നിന്ന് 8ാം തോല്‍വി ഏറ്റുവാങ്ങിയ മുംബൈക്ക് 6 പോയിന്റാണ് അക്കൗണ്ടിലുള്ളത്. മൂന്ന് മത്സരങ്ങള്‍ മാത്രം ശേഷിക്കെ മൂന്നിലും ജയിച്ചാലും മുംബൈക്ക് പ്ലേ ഓഫിലേക്കെത്താനാവില്ല. പരമാവധി 12 പോയിന്റാവും മുംബൈക്ക് നേടാനാവുക. നിര്‍ണ്ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റതാണ് മുംബൈക്ക് തിരിച്ചടിയായത്.
ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 19.5 ഓവറില്‍ 169 റണ്‍സില്‍ പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ 7 പന്ത് ബാക്കിയാക്കി 145 റണ്‍സില്‍ ഓള്‍ഔട്ടായി. ഇതോടെ മുംബൈയുടെ 17ാം സീസണിലെ വിധിയും എഴുതപ്പെട്ടു. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയപ്പോള്‍ കപ്പില്‍ കുറഞ്ഞൊന്നും മുംബൈ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവസാന സ്ഥാനക്കാരായി മാറുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.
ഇപ്പോഴിതാ മുംബൈയുടെ പിഴവ് ചൂണ്ടിക്കാട്ടി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായി വീരേന്ദര്‍ സെവാഗ്. ഹാര്‍ദിക് പാണ്ഡ്യ, ടിം ഡേവിഡ് എന്നിവരെ മുംബൈ എന്തുകൊണ്ടാണ് നേരത്തെ ബാറ്റ് ചെയ്യിക്കാത്തതെന്നും വമ്പനടിക്കാരായ താരങ്ങളെ ഫിനിഷര്‍മാരായി ഒതുക്കുന്നതാണ് ടീമിന് തിരിച്ചടിയായതെന്നുമാണ് സെവാഗ് ചൂണ്ടിക്കാട്ടിയത്. 'കെകെആര്‍ റസലിന് രണ്ട് പന്താണ് നേരിടാന്‍ അവസരം നല്‍കിയത്.
മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക് പാണ്ഡ്യയേയും ടിം ഡേവിഡിനേയും രക്ഷിച്ച് മാറ്റിനിര്‍ത്തുകയാണ്. എന്തുകൊണ്ടാണ് ഇവരെ ബാറ്റിങ് ഓഡറില്‍ വളരെ പിന്നോട്ടിറക്കുന്നത്?. നിരവധി പന്തുകള്‍ ബാക്കിയുള്ളപ്പോള്‍ത്തന്നെ ടീം ഓള്‍ഔട്ടാകുന്നു. ഇവര്‍ക്ക് എന്തുകൊണ്ട് നേരത്തെ ബാറ്റിങ്ങിനിറങ്ങിക്കൂടാ. നേരത്തെ തന്നെ ബാറ്റിങ്ങിനിറങ്ങി വേഗത്തില്‍ മത്സരം ഫിനിഷ് ചെയ്താല്‍ എന്താണ് പ്രശ്‌നം. ഹാര്‍ദിക് പാണ്ഡ്യ ഏഴാം നമ്പറിലും ടിം ഡേവിഡ് 8ാം നമ്പറിലും ബാറ്റ് ചെയ്യുന്നു.

അവര്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. നേരത്തെ ഇറങ്ങിയാല്‍ തിളങ്ങാന്‍ കഴിവില്ലാത്തവരാണോ ഇവര്‍?. ഹാര്‍ദിക് ഗുജറാത്തിന്റെ നായകനായിരുന്നപ്പോള്‍ നാലാം നമ്പറില്‍ സ്ഥിരതയോടെ കളിച്ചിരുന്നു. എന്നാല്‍ മുംബൈയിലെത്തിയപ്പോള്‍ എന്താണ് സംഭവിച്ചത്. അനുഭവസമ്പന്നരായ താരങ്ങള്‍ ഇങ്ങനെ ബാറ്റിങ്ങില്‍ പിന്നോട്ടിറങ്ങുന്നത് എന്നെ നിരാശപ്പെടുത്തുന്നു' എന്നാണ് സെവാഗ് പറഞ്ഞത്. ഹാര്‍ദിക് പാണ്ഡ്യയും ഡേവിഡും മുംബൈയുടെ ഫിനിഷര്‍മാരാണ്.
ഇവര്‍ക്ക് സീസണില്‍ മികവിനൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല. കെകെആറിനെതിരേ മുംബൈ ജയിക്കേണ്ട കളിയായിരുന്നു. എന്നാല്‍ ബാറ്റ്‌സ്മാന്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തി. അര്‍ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവ് മാത്രമാണ് മുംബൈ നിരയില്‍ ഭേദപ്പെട്ട് നിന്നത്. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, നിഹാല്‍ വദേര എന്നിവരെല്ലാം നിരാശപ്പെടുത്തി. ഹാര്‍ദിക് പാണ്ഡ്യക്ക് ടീമിനുള്ളില്‍ പിന്തുണയില്ലാത്തത് മുംബൈയെ പിന്നോട്ടടിക്കുന്ന കാര്യമാണ്.
മുംബൈ ടീം ഭാവി മുന്നില്‍ക്കണ്ടല്ല കളിക്കുന്നതെന്നും സെവാഗ് ആരോപിച്ചു. '2025ലെ സീസണിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ ഏത് സ്ഥാനത്ത് ആരെ ബാറ്റ് ചെയ്യണമെന്ന ധാരണ ഇപ്പോള്‍ വേണം. എന്നാല്‍ മുംബൈക്ക് ഇത്തരമൊരു ധാരണയില്ല. പ്ലേ ഓഫിലേക്കെത്താനുള്ള പരീക്ഷണങ്ങള്‍ മാത്രമാണ് നടത്തുന്നത്. വിജയത്തിനായി ബാറ്റിങ് ഓഡറില്‍ പരീക്ഷണങ്ങള്‍ നടത്തുന്നു. എനിക്ക് ഇതിനോട് യോജിപ്പില്ല. ടീം മാനേജ്‌മെന്റ് താരങ്ങളോട് കൃത്യമായി റോള്‍ പറഞ്ഞുകൊടുക്കണം.
റോള്‍ മാറുമ്പോള്‍ താരങ്ങള്‍ക്ക് ചോദിക്കാന്‍ കഴിയണം. പരിശീലകരുടെ ഭാഗത്തുനിന്ന് വലിയ പിഴവ് സംഭവിച്ചിട്ടുണ്ട്. ടീം ഉടമകള്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടതായുണ്ട്' സെവാഗ് പറഞ്ഞു. ഹാര്‍ദിക്കിനെ മുംബൈ നായകനാക്കിയത് ഭാവി മുന്നില്‍ക്കണ്ടാണ്. എന്നാല്‍ അത് ഈ സീസണില്‍ വേണ്ടപോലെ ഫലം കണ്ടില്ല. അഞ്ച് തവണ ടീമിനെ കപ്പിലേക്കെത്തിച്ച രോഹിത് ശര്‍മയെ അപ്രതീക്ഷിതമായി മാറ്റി ഹാര്‍ദിക്കിനെ നായകനാക്കിയതാണ് ആരാധകര്‍ക്ക് നിരാശയുണ്ടാക്കിയത്. ഇതിന്റെ തിരിച്ചടിയാണ് ഇപ്പോള്‍ മുംബൈ നേരിടുന്നത്.