കരിയര്‍ ബെസ്റ്റ് ഫോമില്‍ കളിച്ചുകൊണ്ടിരിക്കവെ വിരമിക്കലിനെക്കുറിച്ചും ക്രിക്കറ്റിനു ശേഷമുള്ള തന്റെ ഭാവി പ്ലാനുകളെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലി. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഐപിഎല്ലില്‍ റണ്‍സ് വാരിക്കൂട്ടി മുന്നേറുകയാണ് കിങ് കോലി. ഇത്തവണ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയും അദ്ദേഹം തന്നെയാണ്. 13 മല്‍സരങ്ങളില്‍ നിന്നും 66.10 ശരാശരിയില്‍ 155.16 സ്‌ട്രൈക്ക് റേറ്റില്‍ കോലി വാരിക്കൂട്ടിയത് 661 റണ്‍സാണ്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
ആര്‍സിബിയുടെ ഒരു ഇവന്റില്‍ സംസാരിക്കവെയാണ് വിരമിക്കലിനെക്കുറിച്ചു കോലി മനസ്സ് തുറന്നത്. ഒരു കായിക താരമെന്ന നിലയില്‍ ഞങ്ങള്‍ക്കും കരിയറില്‍ അവസാനമായി ഒരു ദിവസമുണ്ടാവും. ഞാന്‍ പിറകിലേക്കാണ് പ്രവര്‍ത്തിക്കുന്നതെന്നും കോലി വ്യക്തമാക്കി. ഏതെങ്കിലുമൊരു ആഗ്രഹം ബാക്കിയാക്കി വിരമിക്കന്‍ ആഗ്രഹമില്ലെന്നും കളി മതിയാക്കിയ ശേഷം ഏതെങ്കിലും കാര്യത്തില്‍ പശ്ചാത്തപിക്കില്ലെന്നും അദ്ദേഹം പറയുന്നു.

ഒരു പ്രത്യേക ദിവസം എന്താണ് ചെയ്തതെന്നു ചിന്തിച്ച് കരിയര്‍ അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഏതെങ്കിലുമൊരു കാര്യം ചെയ്യാന്‍ സാധിച്ചില്ലെന്നു പിന്നീടൊരു പശ്ചാത്താപം ഇല്ലാതിരിക്കുന്നതിനു വേണ്ടിയാണിത്. അങ്ങനെയൊന്നു എനിക്കുണ്ടാവില്ലെന്നു ഉറപ്പുമുണ്ട്. ഇതേ രീതിയില്‍ തന്നെ എല്ലായ്‌പ്പോഴും തനിക്കു മുന്നോട്ടു പോവാന്‍ സാധിക്കില്ലെന്നും കോലി വ്യക്തമാക്കി. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷമുള്ള തന്റെ പ്ലാനിനെക്കുറിച്ചും അദ്ദേഹം വെളിപ്പെുത്തി.
ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞാല്‍ പിന്നീട് നിങ്ങള്‍ എന്നെ കാണില്ല. ഞാന്‍ പൂര്‍ണമായും എല്ലാത്തില്‍ നിന്നും മാറും. കുറച്ചു കാലത്തേക്കു നിങ്ങള്‍ക്കു എന്നെ കാണാനും സാധിക്കില്ല. അതുകൊണ്ടു തന്നെ കളി തുടരുന്നിടത്തോളം കാലം ഞാന്‍ എല്ലാം ക്രിക്കറ്റിനു നല്‍കാനും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നെ മുന്നോട്ടു പോവാന്‍ പ്രചോദിപ്പിക്കുന്ന ഒരേയൊരു കാര്യവും ഇതു തന്നെയാണെന്നും കോലി കൂട്ടിച്ചേര്‍ത്തു.
ഈ സീസണില്‍ ആര്‍സിബിയെ കന്നി ഐപിഎല്‍ ട്രോഫിയിലേക്കു നയിക്കാനുള്ള ശ്രമത്തിലാണ് കോലി. മുന്‍ സീസണുകളിലും അദ്ദേഹം ആര്‍സിബിക്കായി റണ്‍സ് വാരിക്കൂട്ടിയിട്ടുണ്ടെങ്കിലും അതൊന്നും ടീമിനെ ചാംപ്യന്മാരാക്കിയിട്ടില്ല. എന്നാല്‍ ഇത്തവണ തന്റെ റണ്‍വേട്ട പാഴായിപ്പോവില്ലെന്ന ശുഭപ്രതീക്ഷയിലാണ് കോലി. പ്ലേഓഫ് പോലും കാണാതെ ഐപിഎല്ലില്‍ നിന്നും പുറത്താവലിന്റെ വക്കിലെത്തിയ ശേഷമാണ് ആര്‍സിബി ടൂര്‍ണമെന്റിലേക്കു അവിശ്വസനീയ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

ആഴ്ചകളോളം പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്നു ആര്‍സിബി. എന്നാല്‍ ഇപ്പോള്‍ അവര്‍ പോയിന്റ് പട്ടികയില്‍ ആറാസ്ഥാനത്തേക്കുയര്‍ന്നു കഴിഞ്ഞു. തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളില്‍ ജയിച്ച് കുതിക്കുകയാണ് ആര്‍സിബി. കഴിഞ്ഞ മാസം 21നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു ഒരു റണ്‍സിനു പരാജയപ്പെട്ട ശേഷം ആര്‍സിബി തോല്‍വിയറിഞ്ഞിട്ടില്ല.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് (രണ്ടു തവണ), പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരെയെല്ലാം ആര്‍സിബി തകര്‍ത്തെറിഞ്ഞു. അവസാന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 17ന് മുകളില്‍ റണ്‍സ് മാര്‍ജിനില്‍ തോല്‍പ്പിക്കാനായാല്‍ ആര്‍സിബിക്കു പ്ലേഓഫിലേക്കു യോഗ്യത നേടാം.
റോയല്‍സിന്റെ ഈ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് കോലി. തുടര്‍ന്നുള്ള മല്‍സരങ്ങളിലും അദ്ദേഹം ഫോം തുടര്‍ന്നാല്‍ ആദ്യ ട്രോഫിക്കായുള്ള ആര്‍സിബിയുടെ കാത്തിരിപ്പ് തീര്‍ന്നേക്കും. ഐപിഎല്ലിനു ശേഷം കോലിയെ കാണുക അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ടീം ഇന്ത്യയോടൊപ്പമായിരിക്കും. അദ്ദേഹത്തിന്റെ കരിയറിലെ അവസാനത്തെ ടി20 ലോകകപ്പ് കൂടിയാവും ഇത്.