മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ഈ മാസം 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് ഏറ്റുമുട്ടുന്നത്. സിഎസ്‌കെ-ആര്‍സിബി പോരാട്ടം എന്നത് എംഎസ് ധോണി-വിരാട് കോലി പോരാട്ടമായാണ് ആരാധകര്‍ വിലയിരുത്തുന്നത്. സിഎസ്‌കെയുടെ തട്ടകമായ ചെപ്പോക്കിലാണ് ഈ മത്സരം. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ ജയത്തോടെ തുടങ്ങുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അതേ സമയം ഇത്തവണ കന്നി കിരീടം പ്രതീക്ഷിക്കുന്ന ആര്‍സിബിക്ക് ജയിച്ച് തുടങ്ങേണ്ടത് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ ധോണിയുടെ തന്ത്രങ്ങളെ മറികടന്ന് ജയിക്കുക ആര്‍സിബിക്ക് കടുപ്പമായിരിക്കും. ഇപ്പോഴിതാ വിരാട് കോലിക്കും ആര്‍സിബിക്കും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറും സിഎസ്‌കെ താരവുമായി ഹര്‍ഭജന്‍ സിങ്. ധോണിക്ക് മുന്നില്‍ കോലിയുടെ മഹത്വം കുറയുമെന്നും ചെപ്പോക്കില്‍ എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്നുമാണ് ഹര്‍ഭജന്‍ പറയുന്നത്.
'വിരാട് കോലിയുടെ ആകെയുള്ള മഹത്വം ചെപ്പോക്കിലെ ആകെയുള്ള പ്രകടനം നോക്കുമ്പോള്‍ കുറയുന്നതായി കാണാം. ബാറ്റു ചെയ്യാന്‍ വളരെ പ്രയാസമുള്ള പിച്ചാണിത്. ടെന്നിസ് ബോള്‍ ബൗണ്‍സ് പോലെ ലഭിക്കുന്ന ഈ പിച്ചില്‍ ഓപ്പണര്‍മാര്‍ക്കാണ് കൂടുതല്‍ പ്രയാസം. സിഎസ്‌കെയുടെ ജഡേജ സ്റ്റംപിന് മാത്രം ആക്രമിക്കുന്ന ബൗളറാണ്. ഏത് പന്തിനേയും ടേണ്‍ ചെയ്യിക്കാന്‍ അവന് കഴിവുണ്ട്. വളരെ തന്ത്രപരമായ പിച്ചാണിത്.
കോലി ചെപ്പോക്കില്‍ മാച്ച് വിന്നിങ് പ്രകടനം നടത്താന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ 20 ഓവറും ബാറ്റു ചെയ്യാനാണ് പദ്ധതിയിടേണ്ടത്' ഹര്‍ഭജന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു. ചെപ്പോക്കിലെ പിച്ചില്‍ തുടക്കത്തിലേ നല്ല സ്വിങ് ലഭിക്കും. ന്യൂബോളെറിയാനെത്തുന്ന ദീപക് ചഹാര്‍ ഉള്‍പ്പെടെയുള്ളവര്‍ പന്ത് നന്നായി സ്വിങ് ചെയ്യിപ്പിക്കുന്നവരാണ്. ഇതിന് ശേഷം സ്പിന്നര്‍മാര്‍ക്ക് നല്ല ടേണും പിച്ചില്‍ ലഭിക്കുന്നു. വിരാട് കോലിക്ക് സ്പിന്‍ ദൗര്‍ബല്യമുണ്ട്.

കൃത്യമായി ഫീല്‍ഡൊരുക്കി കോലിയെ കുടുക്കാന്‍ ധോണിയെപ്പോലൊരു സൂപ്പര്‍ നായകനും സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്. അതുകൊണ്ടുതന്നെ ആര്‍സിബിക്ക് ജയിച്ച് തുടങ്ങുക പ്രയാസമാണ്. കോലിയുടെ ചെപ്പോക്കിലെ ബാറ്റിങ് കണക്കുകള്‍ അതി ഗംഭീരമാണെന്ന് പറയാനാവില്ല. അതുകൊണ്ടുതന്നെ കരുതലോടെ വേണം സിഎസ്‌കെയ്‌ക്കെതിരേ ഇത്തവണ കോലി കളിക്കേണ്ടത്. ആര്‍സിബിക്ക് മുന്നോട്ട് പോകണമെങ്കില്‍ കോലി ഫോമിലേക്കെത്തേണ്ടത് അത്യാവശ്യമാണ്.
'2016 പോലൊരു സീസണ്‍ വിരാട് കോലിക്ക് ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. കാരണം കോലി റണ്‍സ് നേടിയാലേ ടീമിന് മുന്നോട്ട് പോകാന്‍ സാധിക്കൂ. അവര്‍ കപ്പ് നേടുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. എന്നാല്‍ മികച്ച വ്യക്തിഗത താരങ്ങള്‍ ആര്‍സിബിക്കൊപ്പമുണ്ട്. കോലിക്കൊപ്പം ഗ്ലെന്‍ മാക്‌സ് വെല്‍, കാമറൂണ്‍ ഗ്രീന്‍, ഡുപ്ലെസിസ് എന്നിവരെല്ലാം മികച്ച താരങ്ങളാണ്. ആര്‍സിബിക്ക് മികച്ച ബാറ്റിങ് കരുത്തുണ്ടെന്നാണ് കരുതുന്നത്.
ഇവരെല്ലാവരും കോലിയുടെ 2016ലെ പ്രകടനം ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്' ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. ആര്‍സിബിക്ക് എല്ലാ തവണയും മികച്ച ബാറ്റിങ് കരുത്ത് അവകാശപ്പെടാനാവും. എന്നാല്‍ എല്ലാ സീസണിലും ടീമിനെ ചതിക്കുന്നത് മോശം ബൗളിങ്ങാണ്. ഇത്തവണയും ആര്‍സിബിയുടെ ബൗളിങ് അത്ര മികച്ചതാണെന്ന് പറയാനാവില്ല. മുഹമ്മദ് സിറാജ് നയിക്കുന്ന പേസ് നിര ദുര്‍ബലമാണ്.
യാഷ് ദയാല്‍, ലോക്കി ഫെര്‍ഗൂസന്‍, ആകാശ് ദീപ് എന്നിവരെല്ലാം ഇക്കോണമി നിയന്ത്രിച്ച് പന്തെറിയുന്നവരല്ല. ടോം കറെന്‍, റീസെ ടോപ്ലി എന്നിവരിലും വലിയ വിശ്വാസമില്ല. കരണ്‍ ശര്‍മയാണ് ടീമിന്റെ പ്രധാന സ്പിന്നര്‍. ഇത്തവണ കപ്പിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിക്കുമെന്ന് കരുതാനാവില്ല. വലിയ ആരാധക പിന്തുണയുള്ള ടീമാണ് ആര്‍സിബിയെങ്കിലും അവരോട് നീതികാട്ടാന്‍ ഒരു തവണ പോലും ആര്‍സിബിക്കായിട്ടില്ല.