ബംഗളൂരു: ഇന്ത്യന്‍ പ്രീമീയര്‍ ലീഗിന്റെ 17ാം സീസണ്‍ ഈ മാസം 22ന് ആരംഭിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. 21 മത്സരങ്ങളുടെ ഷെഡ്യൂള്‍ ഇതിനോടകം ടീമുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഈ സീസണിന് പിന്നാലെ ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ ഇത്തവണത്തെ ഐപിഎല്‍ എല്ലാ താരങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. പല വമ്പന്‍ റെക്കോഡുകളും ഈ സീസണിലൂടെ തകര്‍ക്കപ്പെടാന്‍ സാധ്യതയുണ്ട്.
ആര്‍സിബിയുടെ വിരാട് കോലിയെ കാത്തും വലിയൊരു റെക്കോഡുണ്ട്. അത് എന്താണെന്ന് അറിയാം. ആറ് റണ്‍സ് നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ 12000 റണ്‍സ് ക്ലബ്ബിലെത്തുന്ന ആദ്യത്തെ ബാറ്റ്‌സ്മാനായി കോലി മാറും. നിലവില്‍ 11194 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. ലോക ക്രിക്കറ്റിലെ ടി20 റണ്‍ വേട്ടക്കാരില്‍ ആറാം സ്ഥാനത്താണ് നിലവില്‍ കോലിയുള്ളത്. ക്രിസ് ഗെയ്ല്‍ 14562 റണ്‍സോടെ തലപ്പത്ത് നില്‍ക്കുമ്പോള്‍ മുന്‍ പാക് താരം ഷൊയ്ബ് മാലിക്ക് 13360 റണ്‍സും നേടി.
കറെന്‍ പൊള്ളാര്‍ഡിന്റെ പേരില്‍ 129000 റണ്‍സും ഡേവിഡ് വാര്‍ണറിന്റെ പേരില്‍ 12065 റണ്‍സുമുണ്ട്. ഇന്ത്യക്കാരില്‍ രോഹിത് ശര്‍മ കോലിക്ക് തൊട്ടുപിന്നാലെയുണ്ട്. 11156 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. 44 റണ്‍സ് നേടിയാല്‍ രോഹിത്തിനും 12000 റണ്‍സ് ക്ലബ്ബിലെത്താം. ശിഖര്‍ ധവാന്‍ (9465), സുരേഷ് റെയ്‌ന (8654), കെ എല്‍ രാഹുല്‍ (7066) എന്നിവരാണ് ഈ പട്ടികയില്‍ പിന്നാലെയുള്ളത്. കോലിയും രോഹിത്തും തൊട്ടടുത്ത ദിവസം തന്നെ ടീമിന്റെ പരിശീല ക്യാംപിലേക്കെത്തുമെന്നാണ് വിവരം.
ആര്‍സിബിയുടെ കന്നി കിരീടത്തിനായുള്ള കാത്തിരിപ്പ് ഇത്തവണയെങ്കിലും അവസാനിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഫഫ് ഡുപ്ലെസിസിന് കീഴിലിറങ്ങുന്ന ആര്‍സിബിക്ക് ഗ്ലെന്‍ മാക്‌സ് വെല്‍, കാമറൂണ്‍ ഗ്രീന്‍, രജത് പാട്ടീധാര്‍ എന്നിവരെല്ലാം കരുത്ത് പകരാനുണ്ട്. എന്നാല്‍ പതിവ് പോലെ ഇത്തവണയും ആര്‍സിബിയുടെ പ്രശ്‌നമായി ബൗളിങ് നിരയാണുള്ളത്. ശരാശരി മാത്രമാണ് ആര്‍സിബിയുടെ ബൗളിങ് കരുത്ത്.

ഇത് ടീമിനെ ഇത്തവണയും പിന്നോട്ടടിക്കാനാണ് സാധ്യത. ഒന്നോ രണ്ടോ താരങ്ങളെ കൂടുതലായും ആശ്രയിക്കുന്ന നിരയായി ആര്‍സിബി മാറുന്നതും തിരിച്ചടിയാണ്. ഇത്തവണത്തേത് എംഎസ് ധോണിയുടെ അവസാന സീസണായിരിക്കുമെന്നാണ് പൊതുവേയുള്ള റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ ധോണിയുടെ പ്രകടനത്തിലേക്ക് ആകാംക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ധോണിക്ക് 43 റണ്‍സ് നേടാന്‍ സിഎസ്‌കെയ്ക്കായി 5000 റണ്‍സ് നേടുന്ന താരമായി മാറാനാവും.
സുരേഷ് റെയ്‌നക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ താരമായി മാറാനുള്ള അവസരമാണ് ധോണിയെ കാത്തിരിക്കുന്നത്. ഇത്തവണ ധോണി ടോപ് ഓഡറില്‍ ബാറ്റുചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടും ശക്തമാണ്. താന്‍ പുതിയ റോളിലാവും എത്തുകയെന്ന് ധോണി വ്യക്തമാക്കിക്കഴിഞ്ഞു. സിഎസ്‌കെ പുതിയ പരിശീലകനേയും ക്യാപ്റ്റനേയും തേടുകയാണെന്ന സൂചന ഫ്രാഞ്ചൈസി വൃത്തങ്ങള്‍ത്തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
അതുകൊണ്ടുതന്നെ ഈ സീസണ്‍ ധോണിയുടെ അവസാന സീസണായി മാറാനുള്ള സാധ്യതയാണ് കൂടുതല്‍. സിഎസ്‌കെയുടെ അടുത്ത നായകനായി റുതുരാജ് ഗെയ്ക്‌വാദ് എത്താനാണ് സാധ്യത കൂടുതല്‍. ഇടവേളക്ക് ശേഷം രോഹിത് ശര്‍മ നായകനല്ലാതെ കളിക്കാനിറങ്ങുന്ന ഐപിഎല്ലാണ് വരാനിരിക്കുന്നത്. ഇത്തവണ മുംബൈ ഇന്ത്യന്‍സിനെ ഹാര്‍ദിക് പാണ്ഡ്യയാണ് നയിക്കുന്നത്. ഓപ്പണര്‍ റോളില്‍ രോഹിത് ശര്‍മ ഉണ്ടാവും.
ഹാര്‍ദിക് ടീം വിട്ടതോടെ ഗുജറാത്ത് ടൈറ്റന്‍സിന്റെ കരുത്ത് കുറഞ്ഞിരിക്കുകയാണ്. ശുബ്മാന്‍ ഗില്ലാണ് ഗുജറാത്തിനെ നയിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് ഗൗതം ഗംഭീര്‍ ഉപദേഷ്ടാവായി എത്തിയത് ടീമിന് ഗുണം ചെയ്യുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.