ചെന്നൈ: ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇതിഹാസ താരം വിരാട് കോലി. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ രണ്ടു വ്യത്യസ്ത ടീമുകള്‍ക്കെതിരേ 1000 റണ്‍സെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ താരമായി അദ്ദേഹം മാറിയിരിക്കുകയാണ്. നേരത്തേ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ക്കു മാത്രമേ ഈ നേട്ടം കുറിക്കാനായിട്ടുള്ളൂ.
ഇപ്പോള്‍ കോലിയും വാര്‍ണര്‍ക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍ അംഗമായിരിക്കുകയാണ്. നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയാണ് കോലി 1000 റണ്‍സെന്ന മാന്ത്രികസംഖ്യ പിന്നിട്ടത്. 1054 റണ്‍സ് അവര്‍ക്കെതിരേ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സിഎസ്‌കെയ്‌ക്കെതിരേയും അദ്ദേഹം നാലക്കം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

നിലവില്‍ ഡിസിയുടെ താരമായ വാര്‍ണര്‍ 1000 റണ്‍സ് തികച്ചിട്ടുള്ളത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ് എന്നിവര്‍ക്കെതിരേയാണ്. പഞ്ചാബിനെതിരേ അദ്ദേഹം വാരിക്കൂട്ടിയത് 1105 റണ്‍സാണ്. കെകെആറിനെതിരേ 1075 റണ്‍സും വാര്‍ണറുടെ അക്കൗണ്ടിലുണ്ട്.
ഐപിഎല്ലില്‍ ഏതെങ്കിലുമൊരു ടീമിനെതിരേ 1000 റണ്‍സ് പൂര്‍ത്തിയാക്കിയിട്ടുള്ള മറ്റു താരങ്ങള്‍ മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ നായകന്‍ രോഹിത് ശര്‍മ, പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ എന്നിവരാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയാണ് ഹിറ്റ്മാന്‍ 1000 തികച്ചതെങ്കില്‍ സിഎസ്‌കെയ്‌ക്കെതിരേയാണ് ധവാന്‍ ഈ നാഴികക്കല്ല് പിന്നിട്ടത്.
അതേസമയം, ഒരു ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിലേക്കുള്ള കോലിയുടെ മടങ്ങിവരവ് കൂടിയാണ് സിഎസ്‌കെയുമായുള്ള ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരം. ജനുവരിയില്‍ അഫ്ഗാനിസ്താനുമായുള്ള മൂന്നു ടി20കളുടെ പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്.

അതിനു ശേഷം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ തന്നെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ കളിച്ചെങ്കിലും കോലി വിട്ടുനില്‍ക്കുകയായിരുന്നു. ഭാര്യ അനുഷ്‌കാ ശര്‍മയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പരമ്പരയില്‍ നിന്നും മാറി നിന്നത്.
ചെന്നൈയിലെ ചെപ്പോക്കില്‍ നടക്കുന്ന ഐപിഎല്ലിലെ കന്നിയങ്കത്തില്‍ സിഎസ്‌കെയ്‌ക്കെതിരേ ആര്‍സിബി ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസിനു ശേഷം ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒമ്പതോവറുകള്‍ കഴിയുമ്പോള്‍ ആര്‍സിബി മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെടുത്തിട്ടുണ്ട്. 11 റണ്‍സെടുത്ത കോലിക്കൊപ്പം 14 റണ്‍സോടെ കാമറൂണ്‍ ഗ്രീനാണ് ക്രീസിലുള്ളത്. ഡുപ്ലെസി (35), രജത് പാട്ടിധാര്‍ (0), ഗ്ലെന്‍ മാക്‌സ്വെല്‍ (0) എന്നിവരെയാണ് ആര്‍സിബിക്കു നഷ്ടമായത്.
പ്ലെയിങ് ഇലവന്‍
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), വിരാട് കോലി, രജത് പാട്ടിദാര്‍, ഗ്ലെന്‍ മാക്സ്വെല്‍, കാമറൂണ്‍ ഗ്രീന്‍, ദിനേശ് കാര്‍ത്തിക്, അനൂജ് റാവത്ത് (വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ, അല്‍സാറി ജോസഫ്, മായങ്ക് ഡാഗര്‍, മുഹമ്മദ് സിറാജ്.
ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, അജിങ്ക്യ രഹാനെ, ഡാരില്‍ മിച്ചെല്‍, രവീന്ദ്ര ജഡേജ, സമീര്‍ റിസ്വി, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, മഹീഷ് തീക്ഷണ, മുസ്തഫിസുര്‍ റഹ്മാന്‍, തുഷാര്‍ ദേശ്പാണ്ഡെ.