കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 1 റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെയാണ് ആര്‍സിബിയുടെ പ്ലേ ഓഫ് മോഹങ്ങള്‍ തകര്‍ന്നത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 6 വിക്കറ്റിന് 222 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബിക്ക് 221 റണ്‍സാണ് നേടാനായത്. ലാസ്റ്റ് ബോള്‍ ത്രില്ലറിലേക്കെത്തിയ മത്സരം വിവാദങ്ങള്‍ക്കൊണ്ടും വലിയ ചര്‍ച്ചയായിരിക്കുകയാണ്.
വിരാട് കോലിയുടെ പുറത്താകലാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ഹര്‍ഷിത് റാണയുടെ ഹൈ ഫുള്‍ട്ടോസില്‍ റിട്ടേണ്‍ ക്യാച്ചായാണ് കോലി പുറത്തായത്. ഇത് നോബോള്‍ ആണെന്നും അല്ലെന്നുമുള്ള അഭിപ്രായം ഉയര്‍ന്നതോടെ വിവാദം കത്തി. അംപയര്‍ ഔട്ട് വിളിച്ചെങ്കിലും കോലി ഇത് അംഗീകരിക്കാതെ റിവ്യൂ ചെയ്തു. തേര്‍ഡ് അംപയറുടെ പരിശോധനയിലും ഇത് ഔട്ടാണെന്നാണ് വിധിച്ചത്. ഇതോടെ കോലിക്ക് നിരാശയോടെ പുറത്താവേണ്ടി വന്നു.
7 പന്തില്‍ 18 റണ്‍സടിച്ചാണ് കോലിയുടെ മടക്കം. മിന്നും ഫോമില്‍ കളിക്കവെയാണ് കോലിയുടെ നിരാശപ്പെടുത്തുന്ന പുറത്താവല്‍. കോലി മൈതാനത്ത് വെച്ച് തന്നെ അംപയര്‍മാരുമായി തര്‍ക്കിച്ചിരുന്നു. ഇതിന് ശേഷം തേര്‍ഡ് അംപയറുടേയും തീരുമാനം ശരിവെച്ച് കളം വിട്ടു. എന്നാല്‍ നിരാശയോടെ മടങ്ങിയ കോലി മാലിന്യം നിക്ഷേപിക്കുന്ന ബോക്‌സ് തട്ടിത്തെറിപ്പിച്ചിരുന്നു. ഡ്രസിങ് റൂമില്‍ കോലി തീര്‍ത്തും അസ്വസ്തനായാണ് കാണപ്പെട്ടത്.
മത്സര ശേഷവും കോലിയും അംപയറും തമ്മില്‍ തര്‍ക്കമുണ്ടായി. ഹസ്തദാനത്തിന് ശേഷം കോലി ഡ്രസിങ് റൂമിലേക്ക് മടങ്ങവെയാണ് തേര്‍ഡ് അംപയര്‍ കോലിയെ വിളിച്ച് ഔട്ടിന്റെ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. എന്നാല്‍ കോലി തന്റെ നിലപാടും വിശദീകരിച്ചു. രണ്ട് പേരും തങ്ങളുടേതായ കാര്യങ്ങള്‍ പറയുന്നത് വീഡിയോയില്‍ നിന്ന് വ്യക്തം. ഇതിന് ശേഷം കോലി ദേഷ്യത്തോടെ ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നത് വീഡിയോയില്‍ കാണാം.

ഐസിസി നിയമപ്രകാരം കോലിയുടേത് ഔട്ടാണ്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോലി തയ്യാറാവാത്തത് നിരാശപ്പെടുത്തുന്ന കാര്യമാണെന്നാണ് പല പ്രമുഖരും അഭിപ്രായപ്പെടുന്നത്. സാങ്കേതികത പരിശോധിക്കുമ്പോള്‍ അംപയറുടെ തീരുമാനത്തില്‍ തെറ്റ് പറയാനാവില്ല. അതുകൊണ്ടുതന്നെ കോലി കൂടുതല്‍ ക്ഷമ കാട്ടണമായിരുന്നു. സീനിയര്‍ താരമെന്ന നിലയില്‍ അംപയറുടെ തീരുമാനം അംഗീകരിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്.
എന്നാല്‍ കോലി അംപയറുമായി തര്‍ക്കിച്ചത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്തായാലും കോലിയുടെ ഔട്ടിനെച്ചൊല്ലിയുടെ വിവാദം കൊഴുക്കുകയാണ്. 1 റണ്‍സിനാണ് ആര്‍സിബി തോറ്റത് എന്നത് കോലിയുടെ വിക്കറ്റിന്റെ പ്രാധാന്യം ഉയര്‍ത്തുന്നു. ആര്‍സിബിയെ തോല്‍പ്പിക്കാന്‍ അംപയര്‍ കൂട്ട് നിന്നുവെന്ന ആരോപണമടക്കം ആരാധകര്‍ ഉന്നയിക്കുന്നു. എന്നാല്‍ അത് ഔട്ടാണെന്നാണ് നിയമപ്രകാരം നോക്കുമ്പോള്‍ വ്യക്തമാവുന്നത്.
അവസാന സമയം വരെ ആര്‍സിബി പൊരുതി നോക്കിയെങ്കിലും തോല്‍ക്കാനായിരുന്നു വിധി. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 6 വിക്കറ്റിന് 222 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബിയുടെ തുടക്കം പാളി. 35 റണ്‍സിനിടെ കോലിയും ഫഫ് ഡുപ്ലെസിസും കൂടാരം കയറി. എന്നാല്‍ വില്‍ ജാക്‌സ് (55), രജത് പാട്ടീധാര്‍ (52) എന്നിവരുടെ പ്രകടനത്തിലൂന്നി ആര്‍സിബി ശക്തമായി തിരിച്ചുവന്നു. സുയാഷ് പ്രഭുദേശായി 24 റണ്‍സെടുത്തു.
കരണ്‍ ശര്‍മ 7 പന്തില്‍ 20 റണ്‍സെടുത്ത കാമിയോയാണ് ആര്‍സിബിയെ വിജയത്തിന് തൊട്ടടുത്ത് എത്തിച്ചത്. എന്തായാലും ഭാഗ്യം ആര്‍സിബിയെ തുണച്ചില്ല. ഈ സാല കപ്പ് എന്ന ആര്‍സിബിയുടെ മുദ്രാവാദ്യം അടുത്ത സീസണില്‍ വീണ്ടും വിളിക്കാം. ഇത്രയും ഭാഗ്യമില്ലാത്ത ടീം ഐപിഎല്‍ ചരിത്രത്തിലുണ്ടാവുമോയെന്നത് സംശയമാണ്. ഇനിയൊരു തിരിച്ചുവരവ് നടത്തി പ്ലേ ഓഫിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിക്കില്ലെന്ന് തന്നെ പറയാം.