ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍സ് ചലഞ്ചേഴ്‌സ് ബാംഗളൂരു നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ എല്ലാവരും ഉറ്റുനോക്കിയത് ഗൗതം ഗംഭീര്‍, വിരാട് കോലി എന്നിവരിലേക്കാണ്. ഏറെ നാളുകളായി ശത്രുതയിലുള്ള ഇരുവരും അവസാന സീസണിലും ഏറ്റുമുട്ടിയത് വലിയ വിവാദമായിരുന്നു. ഇത്തവണ മത്സരത്തിന് മുമ്പ് പരിശീലനം നടത്തവെ ഗംഭീറിനെ തകോലി നോക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു.
വീണ്ടുമൊരു കൊമ്പുകോര്‍ക്കല്‍ എല്ലാവരും പ്രതീക്ഷിച്ചിരിക്കവെ അപ്രതീക്ഷിത നീക്കത്തോടെ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് ഗംഭീര്‍. ടൈം ഔട്ടിനെ മൈതാനത്തേക്കെത്തിയ ഗംഭീര്‍ കോലിക്ക് കൈകൊടുക്കുകയും പുഞ്ചിരിയോടെ കെട്ടിപ്പിടിക്കുകയുമാണ് ചെയ്തത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഇതെന്ത് മറിമായമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇരുവരുടേയും പെരുമാറ്റം ഉറ്റ സുഹൃത്തുക്കളെപ്പോലെയാണ്.
അവസാന സീസണിലെ സംഭവങ്ങള്‍ ഇവര്‍ മറന്നുപോയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അവസാന സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ മെന്ററായിരുന്നു ഗംഭീര്‍. ആര്‍സിബിക്കെതിരായ മത്സരത്തിനിടെ ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. സഹതാരങ്ങള്‍ ചേര്‍ന്നാണ് കൈയാങ്കളിയിലേക്ക് നീങ്ങാതെ ഇവരെ പിന്തിരിപ്പിച്ചത്. ഈ പക ഇരുവരുടേയും മനസിലുണ്ടാവുമെന്നും വീണ്ടുമൊരു കൊമ്പുകോര്‍ക്കല്‍ കാണാമെന്നുമാണ് ആരാധകര്‍ പ്രതീക്ഷിച്ചത്.
എന്നാല്‍ എല്ലാവരുടേയും കണക്കുകൂട്ടല്‍ തെറ്റിച്ചാണ് ഗംഭീര്‍ കോലിക്ക് കൈകൊടുത്തതും കെട്ടിപ്പിടിച്ചതും. ഗംഭീറിന്റെ മാനസിക നില ശരിയല്ലെന്നും ഓന്തിനെപ്പോലെയാണ് ഗംഭീറെന്നുമാണ് ആരാധകര്‍ ട്രോളുന്നത്. മത്സരത്തിന് തൊട്ടുമുമ്പ് കോലി പരിശീലനം നടത്തവെ നോക്കാന്‍ പോലും ഗംഭീര്‍ തയ്യാറായിരുന്നില്ല. കോലി രൂക്ഷ ഭാവത്തോടെ ഗംഭീറിനെ നോക്കുകയും ചെയ്തിരുന്നു. ഇത് കണ്ടതോടെ വമ്പനടിയാണ് ആരാധകര്‍ പ്രതീക്ഷിച്ചത്.

പക്ഷെ പരസ്പരം ബഹുമാനിക്കുന്ന കോലിയേയും ഗംഭീറിനേയുമാണ് കണ്ടത്. കോലി പ്രശ്‌നങ്ങളെല്ലാം മറന്ന് ആത്മാര്‍ത്ഥയോടെ കൈകൊടുക്കുന്നതാണ് കണ്ടതെങ്കില്‍ ഗംഭീറിന്റെ പെരുമാറ്റം അഭിനയമായാണ് തോന്നുന്നതെന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ ഇതിന് ശേഷം കോലിയുടെ ബാറ്റിങ് കണ്ടപ്പോള്‍ നിരാശയോടെയാണ് ഗംഭീറിനെ കാണപ്പെട്ടത്. 59 പന്തില്‍ 4 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ പുറത്താവാതെ 83 റണ്‍സാണ് കോലി നേടിയത്.
ഇത് കണ്ടപ്പോള്‍ ഗംഭീറിന്റെ മുഖഭാവം കടുത്ത നിരാശ തോന്നിക്കുന്നതായിരുന്നു. കോലി വലിയ ഷോട്ടുകള്‍ കളിച്ചപ്പോഴെല്ലാം ഗംഭീറിന്റെ പ്രതികരണങ്ങള്‍ പഴയ പ്രതികാരം മനസിലുള്ളതുപോലെയാണ്. എന്നിട്ടും കളത്തിലെ ഗംഭീറിന്റെ പെരുമാറ്റം അത്ഭുതപ്പെടുത്തിയെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ഇരുവരും സൗഹൃദം പങ്കിട്ടത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും ആരാധകര്‍ പ്രതികരിക്കുന്നു. ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളായിരുന്നവര്‍ സൗഹൃദം നിലനിര്‍ത്തണമെന്നും ആരാധകര്‍ പറയുന്നു.
നേരത്തെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് താരം നവീന്‍ ഉല്‍ ഹഖുമായും കോലി സൗഹൃദം പങ്കിട്ടിരുന്നു. അവസാന സീസണില്‍ ഇരുവരും തമ്മില്‍ വലിയ വാക്കേറ്റവും പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലൂടെ നവീന്‍ അധിക്ഷേപവും നടത്തിയിരുന്നു. ഇത് വലിയ വിവാദമായ സംഭവമാണ്. എന്നാല്‍ ദേശീയ മത്സരത്തിനിടെ കോലിയും നവീനും കൈകൊടുത്ത് സൗഹൃദം പങ്കിട്ടിരുന്നു. ഇപ്പോള്‍ കോലിയും ഗംഭീറും രമ്യതയിലേക്കെത്തിയിരിക്കുന്നു.
കെകെആറിനെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 6 വിക്കറ്റിന് 182 റണ്‍സാണ് നേടിയത്. കോലിയുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ആര്‍സിബിക്ക് കരുത്തായത്. കാമറൂണ്‍ ഗ്രീന്‍ 33 റണ്‍സും ഗ്ലെന്‍ മാക്‌സ് വെല്‍ 28 റണ്‍സും ദിനേഷ് കാര്‍ത്തിക് 20 റണ്‍സും നേടി.
ആന്‍ഡ്രേ റസല്‍, ഹര്‍ഷിത് റാണ എന്നിവര്‍ കെകെആറിനായി 2 വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ സുനില്‍ നരെയ്ന്‍ 1 വിക്കറ്റും നേടി. മിച്ചല്‍ സ്റ്റാര്‍ക്ക് 4 ഓവറില്‍ 47 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടാനായില്ല.