കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ വലിയ കിരീട പ്രതീക്ഷയോടെയെത്തിയ ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. വനിതാ പ്രീമിയര്‍ ലീഗ് കിരീടം ആര്‍സിബി നേടിയതോടെ ഇത്തവണ പുരുഷ ടീം ഐപിഎല്‍ ട്രോഫിയും ഉയര്‍ത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ആര്‍സിബി കാഴ്ചവെക്കുന്നത്. 8 മത്സരത്തില്‍ 7ലും തോറ്റ ആര്‍സിബിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്.
നിര്‍ഭാഗ്യം വേട്ടയാടുന്ന ടീമായ ആര്‍സിബി അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 1 റണ്‍സിനാണ് തോറ്റത്. ആര്‍സിബി ഇനി പ്ലേ ഓഫിലെത്താന്‍ മഹാത്ഭുതങ്ങള്‍ സംഭവിക്കണം. ഇത്തവണയും ടീമിന് കപ്പ് നേടാനാവില്ലെന്നതാണ് നിരാശപ്പെടുത്തുന്ന വസ്തുത. ഇപ്പോഴിതാ ആര്‍സിബിയുടെ വലിയ ദൗര്‍ബല്യം തിരുത്തിയാല്‍ ആര്‍ക്കും പിടിച്ചുകെട്ടാനാവാത്ത ശക്തമായ ടീമായി അവര്‍ മാറുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് കെകെആര്‍ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍.
'മികച്ച ബൗളിങ് നിരയുണ്ടെങ്കില്‍ ഐപിഎല്ലിലെ ഏറ്റവും അപകടകാരികളുടെ നിര ആര്‍സിബിയായിരിക്കും' എന്നാണ് വെങ്കടേഷ് പറഞ്ഞത്. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും കപ്പിലേക്കെത്താനാവാത്ത ആര്‍സിബിയുടെ പ്രധാന ദൗര്‍ബല്യം ബൗളിങ്ങാണ്. എല്ലാ സീസണിലും മികച്ച ബാറ്റിങ് കരുത്ത് സൃഷ്ടിക്കാന്‍ ആര്‍സിബിക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ഇതേ ജാഗ്രത ബൗളിങ് നിരയുടെ കാര്യത്തില്‍ ടീം മാനേജ്‌മെന്റിനില്ലെന്നതാണ് ടീമിന് തിരിച്ചടിയാവുന്നത്.
ഇത്തവണയും ഇതേ പ്രശ്‌നമാണ് ആര്‍സിബിയെ പിന്നോട്ടടിക്കുന്നത്. ബാറ്റിങ് നിരയില്‍ ഫഫ് ഡുപ്ലെസിസ്, വിരാട് കോലി, രജത് പാട്ടീധാര്‍, ദിനേഷ് കാര്‍ത്തിക് എന്നിവരെല്ലാം മികച്ച രീതിയില്‍ കളിക്കുന്നുണ്ട്. കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരെല്ലാം ഫോമിലേക്കെത്തിയാല്‍ വലിയ അപകടം സൃഷ്ടിക്കുന്നവരാണ്. എത്ര വലിയ സ്‌കോര്‍ മറികടക്കാനും ശേഷിയുള്ള ബാറ്റിങ് നിര രാജസ്ഥാനുണ്ട്. എന്നാല്‍ ബൗളിങ് നിര ശരാശരിയിലും താഴെയാണ്.

മുഹമ്മദ് സിറാജാണ് ആര്‍സിബിയുടെ പേസ് നിരയുടെ നായകന്‍. ടി20 ഫോര്‍മാറ്റിലെ തല്ലുകൊള്ളി ബൗളറാണ് സിറാജ്. മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും ടി20യിലെ വിശ്വസ്തനെന്ന് സിറാജിനെ വിളിക്കാനാവില്ല. മിനി ലേലത്തില്‍ മികച്ച ബൗളര്‍മാരെ സ്വന്തമാക്കാന്‍ ആര്‍സിബി ശ്രമിച്ചില്ല. ലോക്കി ഫെര്‍ഗൂസന്‍ ടി20 ഫോര്‍മാറ്റില്‍ മോശം ഇക്കോണമിയുള്ള ബൗളറാണ്. അതിവേഗ പേസറാണെങ്കിലും തല്ലുകൊള്ളിയാണെന്നതാണ് വസ്തുത.
ഈ നീക്കം മണ്ടത്തരമായി. ഗുജറാത്ത് ടൈറ്റന്‍സ് ഒഴിവാക്കിയ യഷ് ദയാലിനെ ആര്‍സിബി ടീമിലെത്തിച്ചതും തെറ്റായ തീരുമാനമാണ്. ഇത്തവണ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ മടിയില്ല. റീസ ടോപ്ലിയും തല്ലുകൊള്ളിയാണ്. യുവതാരം വൈശാഖ് വിജയ് കുമാറിനും റണ്ണൊഴുക്കിനെ പിടിച്ചുകെട്ടാന്‍ കഴിവില്ല. അല്‍സാരി ജോസഫ്, ആകാശ് ദീപ് എന്നിവരൊന്നും ടി20യില്‍ മിടുക്കുള്ള പേസര്‍മാരല്ല.
ഈ സീസണിന് ശേഷം മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ആര്‍സിബി ടീമില്‍ വലിയ ഉടച്ചുവാര്‍ക്കലുണ്ടാവുമെന്നുറപ്പാണ്. അടുത്ത സീസണിലും ബൗളിങ് നിരക്ക് പ്രാധാന്യം നല്‍കാതെ ആര്‍സിബി കളിച്ചിട്ട് കാര്യമില്ല. ആര്‍സിബിക്ക് താരങ്ങളെ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ അറിയില്ലെന്നതും വസ്തുതയാണ്. ആര്‍സിബിയില്‍ ദുരന്തമായിരുന്ന ശിവം ദുബെ സിഎസ്‌കെയിലേക്കെത്തിയതോടെ മധ്യനിരയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായി മാറി.
ഷെയ്ന്‍ വാട്‌സണ്‍ ആര്‍സിബിക്കൊപ്പം ദുരന്തമായിരുന്നു. പിന്നീട് സിഎസ്‌കെയ്‌ക്കൊപ്പം മാച്ച് വിന്നറായി ഏറെക്കാലം കളിക്കാന്‍ വാട്‌സണായി. കെ എല്‍ രാഹുലടക്കം പല പ്രമുഖരും ആര്‍സിബിക്കായി കളിച്ച് നിരാശപ്പെടുത്തിയവരാണ്. മികച്ച പരിശീലക സംഘത്തേയും സൃഷ്ടിക്കാന്‍ ആര്‍സിബിക്കാവുന്നില്ല. ടീം ഉടമകള്‍ മാറണമെന്നാണ് ആരാധകര്‍ പറയുന്നത്. ടീം സംതുലിതമാക്കാന്‍ അറിയാവുന്നവര്‍ ലേലത്തില്‍ പങ്കെടുക്കേണ്ടത് ആര്‍സിബിയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്.