Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഫൈനലില്‍ ആര്‍സിബി വേണ്ട, കെകെആര്‍ ഭയപ്പെടുന്നു! കാരണം വരുണ്‍ പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഫൈനലില്‍ സീറ്റ് നേടുന്ന ആദ്യത്തെ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മാറിയിരിക്കുകയാണ്. ഒന്നാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് കെകെആര്‍ ഫൈനല്‍ ടിക്കറ്റെടുത്തത്. ഫൈനലില്‍ കെകെആറിന്റെ എതിരാളിയെ അറിയാന്‍ രണ്ടാം ക്വാളിഫയര്‍ വരെ കാത്തിരിക്കണം. എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും ഏറ്റുമുട്ടും.

ഇതില്‍ ജയിക്കുന്ന ടീമും സണ്‍റൈസേഴ്‌സ് ഹൈദരാബാദും രണ്ടാം ക്വാളിഫയറില്‍ നേരിടും. ഇതില്‍ ജയിക്കുന്ന ടീമാവും ഫൈനലില്‍ കെകെആറിന്റെ എതിരാളികള്‍. ഹൈദരാബാദ്, ആര്‍സിബി, രാജസ്ഥാന്‍ ടീമുകള്‍ക്ക് ഫൈനലിലെത്താനുള്ള അവസരമുണ്ട്. ഇപ്പോഴിതാ കെകെആര്‍ ഫൈനലില്‍ ആര്‍സിബിയെ ആഗ്രഹിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ വരുണ്‍ ആരോണ്‍. അതിന്റെ കാരണവും വരുണ്‍ ചൂണ്ടിക്കാട്ടുന്നു.

'പേപ്പറില്‍ കെകെആറാണ് ഫേവറേറ്റുകള്‍. എന്നാല്‍ എന്താണ് വിധിയെന്നത് ആ ദിവസം മാത്രം തീരുമാനിക്കപ്പെടേണ്ടതാണ്. മോശം ദിവസമായാല്‍ നിങ്ങള്‍ എത്ര മികച്ച ടീമായിരുന്നിട്ടും കാര്യമുണ്ടാകില്ല. കെകെആര്‍ ഫൈനലില്‍ ആര്‍സിബിയെ ആഗ്രഹിക്കുമെന്ന് കരുതുന്നില്ല. കാരണം ആര്‍സിബി അത്തരമൊരു ഫോമിലൂടെയാണ് കടന്ന് പോകുന്നത്. തുടര്‍ച്ചയായി ആറ് മത്സരം ഇതിനോടകം ആര്‍സിബി ജയിച്ചിട്ടുണ്ട്. ഇപ്പോള്‍ ആര്‍സിബി ഫൈനലിലെത്തിയാല്‍ കിരീടം അവര്‍ക്കാണെന്ന വലിയ മാനസിക ആധിപത്യം ടീമിനുണ്ടാവും.

ആര്‍ക്കും അവരെ തടയാനാവില്ല. ഫൈനലിലെ സമ്മര്‍ദ്ദം വ്യത്യസ്തമായതിനാല്‍ ആ ദിവസം ആര്‍ക്ക് അനുകൂലമാണെന്നതാണ് കണ്ടറിയേണ്ടത്' വരുണ്‍ ആരോണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ പറഞ്ഞു. ആദ്യത്തെ എട്ട് മത്സരത്തില്‍ 7ലും ആര്‍സിബിക്ക് തോല്‍ക്കേണ്ടി വന്നു. ഇതോടെ ടീം പ്ലേ ഓഫിലെത്തില്ലെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ രണ്ടാം പാദത്തില്‍ ആരും പ്രതീക്ഷിക്കാത്ത തിരിച്ചുവരവാണ് ആര്‍സിബി കാഴ്ചവെച്ചത്.

virat kohli

ഭാഗ്യവും ആര്‍സിബിയെ തുണച്ചു. അവസാന ആറ് മത്സരത്തിലും ജയിച്ച ആര്‍സിബി നാലാം സ്ഥാനക്കാരായാണ് പ്ലേ ഓഫിലെത്തിയത്. നിര്‍ണ്ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിക്കാനും ആര്‍സിബിക്കായി. കെകെആര്‍ മികച്ച ഫോമിലാണെങ്കിലും വലിയ ആത്മവിശ്വാസത്തോടെ ഫൈനലിലേക്കെത്തിയാല്‍ ആര്‍സിബിയെ പൂട്ടുക പ്രയാസമാവും. വിരാട് കോലിയുടെ മിന്നും ഫോമാണ് ആര്‍സിബിയുടെ കരുത്ത്.

708 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ കോലിയാണ് തലപ്പത്ത്. സിഎസ്‌കെയ്‌ക്കെതിരേയും കോലി കസറി. നായകന്‍ ഫഫ് ഡുപ്ലെസിസും അവസാന മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രജത് പാട്ടീധാര്‍ വമ്പനടി നടത്തുമ്പോള്‍ ദിനേഷ് കാര്‍ത്തികും കാമറൂണ്‍ ഗ്രീനും അവസാന ഓവറുകളില്‍ കത്തിക്കയറുന്നു. ആര്‍സിബിയുടെ ബൗളര്‍മാര്‍ ഇത്തവണ മികവ് കാട്ടുന്നുണ്ട്. മുഹമ്മദ് സിറാജ്, യഷ് ദയാല്‍, ലോക്കി ഫെര്‍ഗൂസന്‍ പേസ് കൂട്ടുകെട്ടാണ് മിന്നിക്കുന്നത്.

സ്പിന്‍ നിരയില്‍ ആര്‍സിബി അല്‍പ്പം മോശമാണ്. എന്നാല്‍ ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ ഓള്‍റൗണ്ട് പ്രകടനം ആര്‍സിബിക്ക് പ്രതീക്ഷ നല്‍കുന്നു. തോല്‍വി അറിയാതെ ഫൈനലിലേക്കെത്തിയാല്‍ ആര്‍സിബിയെ ഏത് എതിരാളികളും ഭയക്കണം. പ്രഥമ സീസണ്‍ മുതല്‍ കപ്പിനായി പോരാടുന്ന ടീമാണ് ആര്‍സിബി. എന്നാല്‍ കിരീടത്തിലേക്കെത്താന്‍ ഇതുവരെ ആര്‍സിബിക്കായിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ ആര്‍സിബിയുടെ കിരീട നേട്ടം എല്ലാവരും ആഗ്രഹിക്കുന്നു.

ഗൗതം ഗംഭീറും വിരാട് കോലിയും നേര്‍ക്കുനേര്‍ എത്തിയാല്‍ മത്സരത്തിന് ആവേശം കൂടും. അതുകൊണ്ടുതന്നെ ആര്‍സിബി-കെകെആര്‍ ഫൈനല്‍ വരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ കെകെആര്‍ ആര്‍സിബിയെ ആഗ്രഹിക്കാന്‍ സാധ്യതയില്ല. രാജസ്ഥാന്‍ റോയല്‍സും ഹൈദരാബാദും കരുത്തരായതിനാല്‍ത്തന്നെ ഫൈനലിലേക്ക് ആരെത്തിയാലും കെകെആര്‍ വിയര്‍ക്കുമെന്ന കാര്യം ഉറപ്പാണ്. എന്തായാലും ആര് കപ്പ് നേടുമെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Wednesday, May 22, 2024, 14:54 [IST]
Other articles published on May 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+