അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ പഞ്ചാബ് കിങ്‌സ് നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ശിഖര്‍ ധവാന്‍ നയിക്കുന്ന പഞ്ചാബ് കരുത്തരുടെ നിരയാണെങ്കിലും മോശം ക്യാപ്റ്റന്‍സി മൂലം ടീം തകരുകയാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ഇന്ത്യയുടെ സീനിയര്‍ താരമായ ധവാന്‍ ദേശീയ ടീമില്‍ നിന്ന് പുറത്തായിട്ട് നാളുകളേറെയായി. താരം ഇപ്പോള്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്.
ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിനായി 2 പന്തില്‍ 1 റണ്‍സാണ് ധവാന്‍ നേടിയത്. ഉമേഷ് യാദവിന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡായാണ് ധവാന്‍ പുറത്തായത്. നിരാശപ്പെടുത്തുന്ന ബാറ്റിങ് കാഴ്ചവെക്കുന്നതോടെ ധവാനെതിരേ വിമര്‍ശനം ശക്തമാവുകയാണ്. ധവാനെ പഞ്ചാബ് പുറത്താക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ടീമിന് യാതൊരു ഉപകാരവുമില്ലാത്ത നായകനാണ് ധവാനെന്നാണ് ആരാധക പക്ഷം.
മികച്ച തന്ത്രങ്ങള്‍ ധവാനില്ല. ബൗളര്‍മാരെ വെറുതേ ഉപയോഗിക്കുന്നു എന്നല്ലാതെ ബുദ്ധിപരമായി ഉപയോഗിക്കുന്നില്ല. ഹര്‍ഷല്‍ പട്ടേലിനെ ധവാന്‍ ഡെത്തോവറില്‍ ഉപയോഗിക്കുന്നത് മണ്ടത്തരമാണ്. എല്ലാ മത്സരത്തിലും 40ലധികം റണ്‍സ് വിട്ടുകൊടുത്തിട്ടും എന്തിനാണ് ഹര്‍ഷലിനെ പിന്തുണക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ആരാധകര്‍ പറയുന്നു. ഓപ്പണിങ്ങില്‍ ധവാന്റെ മോശം ഫോം ടീമിനെ പിന്നോട്ടടിക്കുകയാണ്. താരങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്ന് ധവാന് അറിയില്ല.
സാം കറെനെ ഓപ്പണറാക്കി ഇറക്കാന്‍ പഞ്ചാബ് ധൈര്യം കാട്ടണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സുനില്‍ നരെയ്‌നെ പവര്‍പ്ലേയില്‍ ഓപ്പണറായി ഇറക്കിയപ്പോള്‍ ടീമിന് ലഭിച്ച ഇംപാക്ട് എത്രത്തോളം വലുതാണെന്ന് എല്ലാവരും കാണുന്നതാണ്. നരെയ്‌നെപ്പോലെ പിഞ്ച് ഹിറ്ററാവാന്‍ കഴിവുള്ളവനാണ് കറെന്‍. എന്നാല്‍ ഇത്തരത്തിലൊരു നീക്കം നടത്താന്‍ പഞ്ചാബ് എന്തുകൊണ്ടാണ് ധൈര്യം കാട്ടാത്തതെന്നാണ് ആരാധകരുടെ ചോദ്യം.

ധവാനെ പ്രായം തളര്‍ത്തുന്നുണ്ടെന്നും സാം കറെനെ നായകനാക്കണമെന്നും ചില ആരാധകര്‍ നിര്‍ദേശിക്കുന്നു. ഗുജറാത്തിനെതിരേ രണ്ടോവറാണ് കറെനെ ഉപയോഗിച്ചത്. എന്നാല്‍ ഹര്‍ഷലിന് നാല് ഓവറും നല്‍കി. ഹര്‍ഷലിനെക്കാള്‍ മികച്ച ബൗളറായിട്ടും എന്തുകൊണ്ടാണ് കറെനെ തഴഞ്ഞതെന്നാണ് ആരാധകര്‍ ചോദ്യമുയര്‍ത്തുന്നത്. മികച്ചൊരു സ്പിന്നറുടെ അഭാവം പഞ്ചാബിനുണ്ടായിരുന്നു. ഹര്‍പ്രീത് ബ്രാര്‍ മാത്രമാണ് സ്പിന്നറായി പഞ്ചാബ് നിരയിലുണ്ടായിരുന്നത്.
രാഹുല്‍ ചഹാറിനെ പുറത്തിരുത്തിയത് മണ്ടന്‍ തീരുമാനമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും ധവാന്റെ ക്യാപ്റ്റന്‍സി വളരെ മോശമാണെന്ന് ഈ സീസണിലെ ടീമിന്റെ പ്രകടനത്തില്‍ നിന്ന് വ്യക്തം. ടീം മാനേജ്‌മെന്റിനും ധവാന്റെ ക്യാപ്റ്റന്‍സിയില്‍ നിരാശയുണ്ട്. പാതിവഴിയില്‍ ധവാനെ പുറത്താക്കുന്നതാണ് പഞ്ചാബിന് നല്ലതെന്നാണ് ആരാധക പക്ഷം. അല്‍പ്പം കൂടി ധൈര്യം കാട്ടാന്‍ കെല്‍പ്പുള്ള നായകനെയാണ് പഞ്ചാബിന് ആവശ്യമെന്നാണ് ആരാധകര്‍ പറയുന്നത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഗുജറാത്തിനെ മികച്ച സ്‌കോറിലേക്കെത്തിച്ചത് നായകന്‍ ശുബ്മാന്‍ ഗില്ലാണ്. 48 പന്തില്‍ 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 89 റണ്‍സാണ് പുറത്താവാതെ ഗില്‍ നേടിയത്. നായകന്‍ മുന്നില്‍ നിന്ന് നയിക്കുന്നതാണ് ഗുജറാത്ത് ബാറ്റിങ്ങില്‍ കണ്ടത്. ധവാന്‍ വ്യക്തിഗത നേട്ടങ്ങള്‍ക്കായി കളിക്കുന്നവനാണെന്നും ടീമിന്റെ വിജയത്തിനായി ശ്രമിക്കുന്നില്ലെന്നുമാണ് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്. ഗുജറാത്തിനായി സായ് സുദര്‍ശനും തിളങ്ങി.
19 പന്തില്‍ 33 റണ്‍സാണ് സായ് സുദര്‍ശന്‍ നേടിയത്. രാഹുല്‍ തെവാത്തിയ 8 പന്തില്‍ 23 റണ്‍സുമായി ഗംഭീരമായി ഇന്നിങ്‌സ് അവസാനിപ്പിച്ചു. ആറ് ബൗളര്‍മാരെ പഞ്ചാബ് ഉപയോഗിച്ചിട്ടും ഗുജറാത്തിനെ പിടിച്ചുകെട്ടാനായില്ല. പഞ്ചാബ് ജയിക്കാവുന്ന മത്സരങ്ങളടക്കം തോല്‍ക്കുന്നത് ധവാന്റെ മോശം ക്യാപ്റ്റന്‍സികൊണ്ടാണെന്നും നായകനെ മാറ്റാതെ പഞ്ചാബിന് ഈ സീസണില്‍ വലിയ പ്രതീക്ഷകള്‍ വേണ്ടെന്നുമാണ് ആരാധകരുടെ അഭിപ്രായം.