മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ പുരോഗമിക്കവെ ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയം മുംബൈ ഇന്ത്യന്‍സ് ടീമിലെ അടിയാണ്. നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ കൊണ്ടുവന്നപ്പോള്‍ മുതല്‍ ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയതാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലൂടെ ഈ പ്രശ്‌നം കത്തിപ്പടര്‍ന്നു. മുന്‍ നായകനും ഇതിഹാസവുമായ രോഹിത് ശര്‍മയെ ഹാര്‍ദിക് പാണ്ഡ്യ അപമാനിച്ചുവെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.
ടോസിടാനെത്തിയ ഹാര്‍ദിക്കിനെ കാണികള്‍ കൂവുകയും നായ മൈതാനത്തെത്തിയപ്പോള്‍ ഹാര്‍ദിക് എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ഇന്ത്യന്‍ താരത്തിനെതിരേ ഇന്ത്യന്‍ കാണികള്‍ ഇത്തരത്തില്‍ പെരുമാറുന്നത് ഇതാദ്യമായാണെന്ന് പറയാം. രോഹിത്തിനെ ഹാര്‍ദിക് ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യിച്ചതും വലിയ വിമര്‍ശനത്തിന് കാരണായി. മത്സരശേഷം ഹാര്‍ദിക് പാണ്ഡ്യയോട് രോഹിത് ദേഷ്യപ്പെടുകയും ചെയ്തതോടെ വിവാദം കത്തിപ്പടര്‍ന്നു.
ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മുംബൈ കളിക്കാനിറങ്ങുമ്പോഴും വലിയ പ്രതിഷേധം ഹാര്‍ദിക്കിനെതിരേ പ്രതീക്ഷിക്കാം. മുംബൈ ഡ്രസിങ് റൂമിലും ചേരി തിരിവുണ്ടെന്നാണ് റിപ്പോര്‍ട്ട്. എങ്ങനെ മുംബൈക്കുള്ളിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാമെന്നതാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. ഇതിന് ഒരു ആരാധകര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ച തന്ത്രമാണ് വൈറലാകുന്നത്. രോഹിത്തിനെ ഇംപാക്ട് പ്ലയറാക്കി ബാറ്റിങ്ങില്‍ മാത്രം ഉപയോഗിക്കാനാണ് ഈ ആരാധകന്‍ പറയുന്നത്.
നിലവില്‍ രോഹിത്തും ഹാര്‍ദിക്കും തമ്മിലുള്ളത് ഈഗോ പ്രശ്‌നമാണ്. ഹാര്‍ദിക് രോഹിത്തിന്റെ മുകളില്‍ നിന്ന് നയിക്കുന്നത് സീനിയര്‍ താരമെന്ന നിലയില്‍ രോഹിത്തിന് മാനസിക പ്രശ്‌നമുണ്ടാക്കും. രോഹിത് അഞ്ച് തവണ ഐപിഎല്‍ കിരീടം മുംബൈക്ക് നേടിക്കൊടുത്ത നായകനാണ്. അതുകൊണ്ടുതന്നെ യുവതാരങ്ങളടക്കം ഹാര്‍ദിക്കിനെക്കാളും ബഹുമാനം സ്വാഭാവികമായും രോഹിത്തിന് നല്‍കും. ഇതില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് എതിര്‍പ്പുണ്ട്.

ഹാര്‍ദിക്കിന്റെ രീതി അനുസരിച്ച് എല്ലാ മേഖലയിലും തന്റെ മേധാവിത്വം വേണം. എല്ലാവരും തന്നെ അനുസരിക്കണമെന്നതാണ് ഹാര്‍ദിക്കിന്റെ രീതി. സീനിയര്‍ താരങ്ങള്‍ക്ക് വേണ്ട ബഹുമാനം നല്‍കാന്‍ ഹാര്‍ദിക് തയ്യാറല്ല. ഇതാണ് മുംബൈയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണവും. രോഹിത് ശര്‍മ കളത്തിലുള്ളപ്പോള്‍ ഹാര്‍ദിക്കിന് തന്റെ മേല്‍ക്കോയ്മ കാട്ടാനാവുന്നില്ല. അതുകൊണ്ടുതന്നെ രോഹിത്തിനെ ഇംപാക്ട് പ്ലയറാക്കി ഉപയോഗിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം.
ഇതോടെ രോഹിത് ബാറ്റിങ്ങിന് മാത്രമാവും ഇറങ്ങുക. അങ്ങനെ വന്നാല്‍ ഫീല്‍ഡ് ചെയ്യവെ തന്റെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ നീക്കാന്‍ ഹാര്‍ദിക്കിനാവും. ഇത് മുംബൈ ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും കാണും. എന്നാല്‍ ഇത്തരമൊരു മാറ്റം വരുത്തിയാല്‍ ആരാധകര്‍ അത് അംഗീകരിക്കില്ലെന്നതാണ് പ്രശ്‌നം. രോഹിത് ഇംപാക്ട് പ്ലയറായാല്‍ ഹാര്‍ദിക്കിനെതിരേ കൂടുതല്‍ വിമര്‍ശനം ഉയരുമെന്നുറപ്പാണ്. മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ട് മത്സരം വരാനിരിക്കുകയാണ്.
മുംബൈ ഇന്ത്യന്‍സിന്റെ ആരാധകരെ സംബന്ധിച്ച് ടീമിന്റെ എല്ലാം രോഹിത്താണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വലിയ പിന്തുണയും ലഭിക്കും. രോഹിത് ശര്‍മക്ക് അനുകൂലമായ മുദ്രാവാക്യങ്ങളും മുംബൈയിലുണ്ടാവുക. ഹോം ഗ്രൗണ്ടില്‍ ഹാര്‍ദിക്കിനെതിരേ വിമര്‍ശനവും പ്രതിഷേധവും ഉണ്ടാകാത്ത തരത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതൊട്ടും എളുപ്പമാവില്ലെന്നുറപ്പ്. ഹാര്‍ദിക്കിന്റെ പിടിവാശിയാണ് എല്ലാ പ്രശ്‌നങ്ങളുടേയും കാരണം.
റുതുരാജ് ഗെയ്ക് വാദ് സിഎസ്‌കെയുടെ നായകനാണെങ്കിലും ധോണിയുടെ ഉപദേശത്തിന് കീഴിലാണ് അദ്ദേഹം കളിക്കുന്നത്. അതുപോലെ രോഹിത് ശര്‍മക്ക് ബഹുമാനം നല്‍കി ഹാര്‍ദിക് പാണ്ഡ്യക്ക് മുന്നോട്ട് പോകാവുന്നതാണ്. ഇങ്ങനെ സംഭവിച്ചാലെ നിലവിലെ മുംബൈ ടീമിലെ പ്രശ്‌നങ്ങള്‍ അവസാനിക്കൂ. അല്ലാത്ത പക്ഷം രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിടണം. ഇംപാക്ട് പ്ലയറാക്കി രോഹിത്തിനെ മാറ്റിയാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും.