ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 35ാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 67 റണ്‍സിനാണ് ഡല്‍ഹിയുടെ തട്ടകത്തില്‍ ഹൈദരാബാദ് വിജയക്കൊടി പാറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 7 വിക്കറ്റിന് 266 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി 5 പന്ത് ബാക്കി നിര്‍ത്തി 199 റണ്‍സിന് പുറത്തായി.
4 വിക്കറ്റ് വീഴ്ത്തിയ ടി നടരാജനാണ് ഡല്‍ഹിയുടെ അന്തകനായത്. മായങ്ക് മാര്‍ക്കണ്ഡെയും നിതീഷ് കുമാറും രണ്ട് വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ വാഷിങ്ടണ്‍ സുന്ദറും ഭുവനേശ്വര്‍ കുമാറും ഓരോ വിക്കറ്റും വീഴ്ത്തി. ഹൈദരാബാദിനായി ട്രാവിസ് ഹെഡാണ് (89) ടോപ് സ്‌കോററായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യ പന്ത് മുതല്‍ ഡല്‍ഹിയെ കരയിപ്പിച്ചു. ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും കത്തിക്കയറി. ആദ്യത്തെ ആറ് ഓവറില്‍ 125 റണ്‍സെന്ന റെക്കോഡ് സ്‌കോറാണ് ഹൈദരാബാദ് ഓപ്പണര്‍മാര്‍ അടിച്ചെടുത്തത്. ആദ്യ ഓവര്‍ എറിയാനെത്തിയ ഖലീല്‍ അഹമ്മദിനെതിരേ 19 റണ്‍സാണ് നേടിയത്. രണ്ടാം ഓവറില്‍ പാര്‍ട്ട് ടൈം സ്പിന്നറായ ലളിത് യാദവ് 21 റണ്‍സാണ് വഴങ്ങിയത്.
മൂന്നാം ഓവറില്‍ അതിവേഗ പേസര്‍ ആന്‍ റിച്ച് നോക്കിയേയും തല്ലുകൊണ്ടു. 22 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. നാലാം ഓവറില്‍ ലളിത് യാദവിനെ വീണ്ടും റിഷഭ് വിശ്വസിച്ചു. എന്നാല്‍ 21 റണ്‍സ് താരം വിട്ടുകൊടുത്തു. അഞ്ചാം ഓവര്‍ എറിയാനെത്തിയ കുല്‍ദീപ് യാദവ് 20 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ആറാം ഓവറില്‍ മുകേഷ് കുമാര്‍ 22 റണ്‍സും വഴങ്ങി. ഇതോടെ 125 എന്ന ലോക റെക്കോഡ് പവര്‍പ്ലേ സ്‌കോറിലേക്കെത്താന്‍ ഹൈദരാബാദിനായി.
കൂട്ടുകെട്ട് വലിയ ഭീഷണി ഉയര്‍ത്തുമെന്ന് തോന്നിക്കവെ ഏഴാം ഓവറില്‍ കുല്‍ദീപ് യാദവ് കൂട്ടുകെട്ട് പൊളിച്ചു. 12 പന്തില്‍ 2 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 46 റണ്‍സെടുത്ത അഭിഷേക് ശര്‍മയെ പുറത്താക്കി കുല്‍ദീപ് യാദവാണ് ഡല്‍ഹിക്ക് ആദ്യ ആശ്വാസം നല്‍കിയത്.
അക്ഷര്‍ പട്ടേലിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് അഭിഷേക് പുറത്തായത്. ഇതേ ഓവറില്‍ എയ്ഡന്‍ മാര്‍ക്രത്തെ (3 പന്തില്‍ 1) കുല്‍ദീപ് മടക്കി. ഒരുവശത്ത് ട്രാവിസ് ഹെഡ് അടി തുടര്‍ന്നു. 32 പന്തില്‍ 11 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 89 റണ്‍സ് നേടിയ ഹെഡിനെയും കുല്‍ദീപ് പുറത്താക്കി.
ഹെന്‍ റിച്ച് ക്ലാസന് വെടിക്കെട്ട് ആവര്‍ത്തിക്കാനായില്ല. 2 സിക്‌സര്‍ പറത്തി താരം പ്രതീക്ഷ നല്‍കിയെങ്കിലും 8 പന്തില്‍ 15 റണ്‍സില്‍ മടങ്ങി. അക്ഷര്‍ പട്ടേല്‍ ക്ലാസനെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. നിതീഷ് കുമാര്‍ റെഡ്ഡി ഭേദപ്പെട്ട പ്രകടനം നടത്തി.
27 പന്തില്‍ 2 ഫോറും സിക്‌സും ഉള്‍പ്പെടെ 37 റണ്‍സാണ് താരം നേടിയത്. കുല്‍ദീപാണ് നിതീഷിനേയും മടക്കിയത്. അബ്ദുല്‍ സമദിനെ (8 പന്തില്‍ 13) മുകേഷ് കുമാര്‍ പുറത്താക്കിയപ്പോള്‍ പാറ്റ് കമ്മിന്‍സ് (1) റണ്ണൗട്ടായി.

ഷഹബാസ് അഹമ്മദ് പുറത്താവാതെ നിന്നു. 29 പന്തില്‍ 2 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 59 റണ്‍സാണ് താരം നേടിയത്. കുല്‍ദീപ് യാദവ് 4 വിക്കറ്റും മുകേഷ് കുമാര്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ ഡല്‍ഹിയുടെ തുടക്കം പിഴച്ചു.
ആദ്യ ഓവര്‍ എറിയാനെത്തിയ വാഷിങ്ടണ്‍ സുന്ദറിന്റെ ആദ്യ 4 പന്തുകളും ബൗണ്ടറി പായിച്ച പൃഥ്വി ഷാ അഞ്ചാം പന്തില്‍ പുറത്തായി. ഡേവിഡ് വാര്‍ണറെ (1) ഭുവനേശ്വര്‍ കുമാറും പുറത്താക്കി.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ജാക്ക് ഫ്രാസര്‍ മഗ്യൂര്‍ക്കും അഭിഷേക് പോറലും പൊരുതി. 15 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ ജാക്ക് 18 പന്തില്‍ 5 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 65 റണ്‍സുമായി മടങ്ങി.
മായങ്ക് മാര്‍ക്കണ്ഡെയ്ക്കാണ് വിക്കറ്റ്. പോറല്‍ 22 പന്തില്‍ 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 42 റണ്‍സെടുത്ത് പുറത്തായി. മാര്‍ക്കണ്ഡെയെ ക്രീസില്‍ നിന്ന് കയറിക്കളിക്കാന്‍ പോറല്‍ ശ്രമിച്ചപ്പോള്‍ ഹെന്റിച്ച് ക്ലാസന്‍ സ്റ്റംപ് ചെയ്യുകയായിരുന്നു. ട്രിസ്റ്റന്‍ സ്റ്റബ്‌സിന് കാര്യമായൊന്നും ചെയ്യാനായില്ല.
11 പന്തില്‍ 10 റണ്‍സെടുത്ത സ്റ്റ്ബ്‌സിനെ നിതീഷ് കുമാര്‍ റെഡ്ഡിയാണ് മടക്കിയത്. ലളിത് യാദവിനെ (7) ടി നടരാജന്‍ ക്ലീന്‍ബൗള്‍ഡാക്കി. അക്ഷര്‍ പട്ടേലിനേയും (6) ആന്റിച്ച് നോക്കിയേയും (0) കുല്‍ദീപ് യാദവിനേയും (0) നടരാജന്‍ പുറത്താക്കി. റിഷഭ് പന്തിനെ (44) പുറത്താക്കി നിതീഷ് കുമാര്‍ ഡല്‍ഹിയുടെ ചെറുത്ത് നില്‍പ്പ് 199 റണ്‍സില്‍ അവസാനിപ്പിച്ചു.
പ്ലേയിങ് 11: സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ (wc), അബ്ദുല്‍ സമദ്, നിതീഷ് റെഡ്ഡി, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (c), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡെ, ടി നടരാജന്‍
ഡല്‍ഹി ക്യാപിറ്റല്‍സ്- ഡേവിഡ് വാര്‍ണര്‍, ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്ക്, അഭിഷേക് പോറല്‍, റിഷഭ് പന്ത് (c, wc), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്ഷര്‍ പട്ടേല്‍, ലളിത് യാദവ്, കുല്‍ദീപ് യാദവ്, ആന്‍ റിച്ച് നോക്കിയേ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍