മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിറങ്ങുന്നത് വലിയ മാറ്റത്തോടെയാണ്. ടീമിനെ അഞ്ച് തവണ കിരീടം ചൂടിച്ച രോഹിത് ശര്‍മക്ക് പകരം ഇത്തവണ ഹാര്‍ദിക് പാണ്ഡ്യ മുംബൈയുടെ നായകസ്ഥാനത്തേക്കെത്തിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കപ്പടിപ്പിക്കുകയും അവസാന സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക്. മുംബൈയുടെ നായകനാവുമ്പോഴും ഹാര്‍ദിക്കില്‍ വലിയ പ്രതീക്ഷയാണ്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മക്ക് കീഴില്‍ വളര്‍ന്ന താരമാണ് ഹാര്‍ദിക്. രോഹിത് ശര്‍മയുടെ വലിയ പിന്തുണ ഹാര്‍ദിക്കിന് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹാര്‍ദിക്കിന് കീഴില്‍ രോഹിത്തിന് കളിക്കേണ്ടി വരികയാണ്. നായകസ്ഥാനത്ത് നിന്ന് മാറിയത് രോഹിത് ശര്‍മയെ പ്രതികൂലമായി ബാധിക്കുകയും അദ്ദേഹത്തിന്റെ പ്രകടനം മോശമാവുകയും ചെയ്യുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. ഇപ്പോഴിതാ നായകസ്ഥാനം പോയത് രോഹിത്തിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ടോം മൂഡി.
'രോഹിത് ശര്‍മക്ക് എന്താണ് ചെയ്യാനാവുകയെന്നത് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എത്രത്താളം അപകടകാരിയായ ബാറ്റ്‌സ്മാനാണ് രോഹിത് എന്നത് പല തവണ കണ്ടിട്ടുള്ളതാണ്. നായകസ്ഥാനം നഷ്ടമായത് അവനെ പ്രതികൂലമായി ബാധിക്കില്ല. അവന്റെ മനോഭാവത്തിലും മാറ്റം ഉണ്ടാകില്ല. അവന്റെ സ്വാഭാവിക ക്രിക്കറ്റ് കൂടുതല്‍ ശക്തമായി കളിക്കാനുള്ള അവസരമാണ് ലഭിക്കുകയെന്നാണ് കരുതുന്നത്.
മുംബൈ ടീമും രോഹിത്തിനെപ്പോലൊരു സീനിയര്‍ താരത്തില്‍ നിന്ന് വലിയ പ്രകടനം പ്രതീക്ഷിക്കുന്നു. ഹാര്‍ദിക്കിന് മുന്നിലുള്ള വെല്ലുവിളിയെന്നത് രോഹിത്തിന്റെ പ്രതീക്ഷകളെ നിലനിര്‍ത്തുകയെന്നതും സ്വാതന്ത്ര്യം അനുവദിക്കുകയെന്നതുമാവും. വലിയ സമ്മര്‍ദ്ദങ്ങളില്ലാത്ത ഡ്രസിങ് റൂം ഒരുക്കുകയെന്നതും പ്രധാനപ്പെട്ടതാണ്' ടോം മൂഡി പറഞ്ഞു. രോഹിത് ശര്‍മക്ക് ഇത്തവണ നായകനെന്ന നിലയിലെ ഭാരമില്ല. അതുകൊണ്ടുതന്നെ സ്വാഭാവിക ശൈലിയില്‍ കളിക്കാവുന്നതാണ്.

ഇന്ത്യന്‍ ടീമിനൊപ്പമുള്ള രോഹിത്തിന്റെ സമീപകാല പ്രകടനങ്ങള്‍ വളരെ മികച്ചതാണ്. എന്നാല്‍ ഐപിഎല്ലിലെ രോഹിത്തിന്റെ സമീപകാല പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന രോഹിത് പവര്‍പ്ലേയില്‍ കടന്നാക്രമിക്കുന്നവനാണ്. എന്നാല്‍ ഇപ്പോള്‍ രോഹിത്തിന് പഴയ മികവില്ലെന്നതാണ് വസ്തുത. ഇനി പഴയ മികവിലേക്കെത്തുക രോഹിത്തിനെ സംബന്ധിച്ച് വളരെ കടുപ്പമായിരിക്കും. മുംബൈയുടെ നായകസ്ഥാനം നഷ്ടമായത് രോഹിത്തിനെ ബാധിക്കുമെന്നുറപ്പ്.
രോഹിത്തിന്റെ ഭാര്യ റിധിക രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരേ പരസ്യ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഹാര്‍ദിക്കിനെ കീഴില്‍ കളിക്കുകയെന്നത് രോഹിത്തിനെ സംബന്ധിച്ച് മാനസികമായി ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്. അവസാന സീസണില്‍ ഹാര്‍ദിക് മുംബൈ ടീമിനെ പരിഹസിച്ചിരുന്നു. ആ സമയത്ത് ഹാര്‍ദിക്കിനെതിരേ രോഹിത് രംഗത്തെത്തുകയും ചെയ്തതാണ്. ഇപ്പോള്‍ അതേ ഹാര്‍ദിക്കിന് കീഴില്‍ കളിക്കാന്‍ രോഹിത് നിര്‍ബന്ധിതനാവുകയാണ്.
ജസ്പ്രീത് ബുംറക്ക് ഇത്തവണ മുംബൈയില്‍ നിര്‍ണ്ണായക റോളുണ്ടെന്നാണ് മൂഡി പറയുന്നത്. 'ജസ്പ്രീത് ബുംറ കൂടെയുള്ളത് ഏത് ടീമിനും കരുത്ത് പകരുന്ന കാര്യമാണ്. മുംബൈക്ക് ബുംറയെപ്പോലൊരു താരത്തിന്റെ അഭാവമുണ്ടാകുന്നത് കാര്യമായി ബാധിക്കും. പവര്‍പ്ലേയില്‍ വിക്കറ്റ് നേടുക മാത്രമല്ല ഡെത്തോവറില്‍ മത്സരം അവസാനിപ്പിക്കാനും കഴിവുണ്ട്. ബുംറയുടെ സാന്നിധ്യം ടീമിന്റെ കരുത്തുയര്‍ത്തും' മൂഡി കൂട്ടിച്ചേര്‍ത്തു.
രോഹിത് ശര്‍മ ഈ സീസണോടെ മുംബൈ വിടാനുള്ള സാധ്യതയാണ് കൂടുതല്‍. ഹാര്‍ദിക്കിന് കീഴില്‍ കളിക്കാന്‍ രോഹിത് അധികം താല്‍പര്യം കാട്ടിയേക്കില്ല. മുംബൈ വിടാനൊരുങ്ങുന്ന രോഹിത്തിനായി ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും താല്‍പര്യം അറിയിച്ചിട്ടുണ്ട്. ഈ സീസണിന് ശേഷം മെഗാ താരലേലമാണ് നടക്കാനുള്ളത്. രോഹിത് മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന് തന്നെയാണ് നിലവിലെ സാധ്യതകള്‍ വ്യക്തമാക്കുന്നത്.