ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 48ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് പരാജയപ്പെട്ടിരിക്കുകയാണ്. നാല് വിക്കറ്റിനാണ് കരുത്തരായ മുംബൈയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 7 വിക്കറ്റിന് 144 റണ്‍സാണ് നേടാനായത്. മറുപടിക്കിറങ്ങിയ ലഖ്‌നൗ 4 പന്തും 4 വിക്കറ്റും ബാക്കിയാക്കിയാണ് വിജയം നേടിയെടുത്തത്. ജയത്തോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യത പരുങ്ങലിലായിരിക്കുകയാണ്.
മത്സരത്തില്‍ ലഖ്‌നൗ ജയിച്ചെങ്കിലും മുംബൈയെ ജയിപ്പിക്കാന്‍ അംപയര്‍ ശ്രമം നടത്തിയെന്ന ആരോപണം ഇപ്പോള്‍ ശക്തമാവുകയാണ്. ഇഷാന്‍ കിഷന്‍ ആയുഷ് ബദോനിയെ പുറത്താക്കിയ റണ്ണൗട്ടാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. 19ാം ഓവറിലെ 1ാം പന്തിലാണ് സംഭവം. ആയുഷ് ബദോനി രണ്ടാം റണ്‍സിന് ശ്രമിച്ചപ്പോള്‍ ബൗണ്ടറി ലൈനില്‍ നിന്ന് ഫീല്‍ഡറുടെ ത്രോ നേരിട്ട് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈയിലേക്ക്. എന്നാല്‍ ഇഷാന്‍ ആദ്യം റണ്ണൗട്ടാക്കിയില്ല.
രണ്ടാം ശ്രമത്തിലാണ് ഇഷാന് സ്റ്റംപില്‍ പന്ത് കൊള്ളിക്കാനായത്. ഈ സമയത്ത് ഡൈവ് ചെയ്ത ബദോനി ക്രീസിലേക്കെത്തിയിരുന്നു. എന്നാല്‍ തേര്‍ഡ് അംപയറുടെ പരിശോധനയില്‍ ബാറ്റ് ക്രീസില്‍ മുട്ടിയിട്ടില്ല. ക്രീസിന് മുകളിലാണ് ബാറ്റുള്ളത്. എന്നാല്‍ സൂഷ്മമായി പരിശോധിച്ചാല്‍ ബാറ്റ് ക്രീസിലുണ്ടായിരുന്നുവെന്ന് വ്യക്തമാകുമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ അംപയര്‍ തിടുക്കപ്പെട്ട് ഇത് നോട്ടൗട്ട് വിളിക്കുകയായിരുന്നു.
തേര്‍ഡ് അംപയര്‍ മുംബൈക്ക് അനുകൂലമായാണ് തീരുമാനമെടുത്തതെന്നും മൂംബൈയെ ജയിപ്പിക്കാനുള്ള നീക്കമായിരുന്നു ഇതെന്നുമാണ് ആരാധകര്‍ ആരോപിക്കുന്നത്. ലഖ്‌നൗവിനെ തോല്‍പ്പിക്കാന്‍ അംപയര്‍ പരമാവധി ശ്രമിച്ചുവെന്നും മോശം അംപയറിങ് ഐപിഎല്ലിന്റെ നിറം കെടുത്തുകയാണെന്നുമാണ് ആരാധകര്‍ ആരോപിക്കുന്നത്. മുംബൈയുടെ മത്സരങ്ങളിലെല്ലാം അംപയറുടെ ഇത്തരം വിചിത്ര തീരുമാനങ്ങള്‍ കാണാന്‍ സാധിക്കും.

മുംബൈ ഇന്ത്യന്‍സ് അല്ല ഇത് അംപയര്‍ ഇന്ത്യന്‍സാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ബദോനിയുടെ വിക്കറ്റ് വീണതോടെ മത്സരത്തിലേക്ക് മുംബൈ തിരിച്ചുവരുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ നിക്കോളാസ് പുരാനും ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്ന് ലഖ്‌നൗവിനെ വിജയത്തിലേക്കെത്തിച്ചു. മുംബൈയെ അംപയര്‍ ജയിപ്പിക്കാന്‍ നോക്കിയിട്ടും ടീമിന് ജയിക്കാനായില്ല. ഇത്തവണത്തെ മുംബൈയുടെ മോശം പ്രകടനത്തിന് കാരണം ഇത്തരത്തില്‍ കള്ളത്തരങ്ങള്‍ കാട്ടിയതാണെന്നാണ് ആരാധകര്‍ പറയുന്നത്.
എന്തായാലും റണ്ണൗട്ട് വിവാദം പുകയുകയാണ്. മത്സരത്തില്‍ അംപയര്‍ വിളിച്ച പല വൈഡുകളും സംശയമുണ്ടാക്കുന്നതായിരുന്നു. ഈ സീസണില്‍ അംപയറുടെ മോശം തീരുമാനം ഇതാദ്യമായല്ല വിവാദം സൃഷ്ടിക്കുന്നത്. ഇതിന് മുമ്പുള്ള മത്സരങ്ങളിലും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരങ്ങളിലും അംപയര്‍ അനുകൂലമായ തീരുമാനങ്ങള്‍ എടുത്തിരുന്നതായുള്ള ആക്ഷേപങ്ങള്‍ ശക്തമാണ്.
ലഖ്‌നൗവിനോട് മുംബൈ തോല്‍ക്കാനുള്ള കാരണം മോശം ബാറ്റിങ് പ്രകടനമാണെന്ന് പറയാം. ബൗളിങ് നിര പരമാവധി പൊരുതി നോക്കിയെങ്കിലും പ്രതിരോധിക്കാന്‍ ആവശ്യമായ റണ്‍സ് ഇല്ലായിരുന്നുവെന്നതാണ് വസ്തുത. 144 എന്നത് ലഖ്‌നൗവില്‍ അത്ര മികച്ച സ്‌കോറായിരുന്നില്ല. രോഹിത് ശര്‍മ (4), സൂര്യകുമാര്‍ യാദവ് (10), തിലക് വര്‍മ (7) എന്നിവര്‍ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ചു. പവര്‍പ്ലേ മുതലാക്കാന്‍ മുംബൈക്ക് സാധിക്കുന്നില്ല.
തിലക് വര്‍മക്കും സ്ഥിരതയില്ല. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് വലിയ പ്രകടനം ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നിരാശപ്പെടുത്തുകയാണെന്നതാണ് വസ്തുത. ലഖ്‌നൗവിനെതിരായ തോല്‍വിയോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകളും ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ഒമ്പതാം സ്ഥാനത്തുള്ള മുംബൈക്ക് ശേഷിക്കുന്ന 4 മത്സരങ്ങള്‍ ജയിച്ചാലും പ്ലേ ഓഫിലേക്കെത്താനാവില്ലെന്ന് പറയാം. ഹാര്‍ദിക്കിന് കീഴില്‍ മുംബൈ പ്രതീക്ഷിച്ച നിലവാരം കാട്ടിയില്ലെന്നതാണ് വസ്തുത.