Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: നാണംകെട്ട് ആര്‍സിബി, കെകെആറിന് ഗംഭീര ജയം; നരെയ്‌നും വെങ്കടേഷും മിന്നി

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 10ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 7 വിക്കറ്റിന്റെ അനായാസ ജയമാണ് കെകെആര്‍ നേടിയെടുത്തത്. ആദ്യം ബാറ്റുചെയ്ത ആര്‍സിബി 6 വിക്കറ്റിന് 182 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ 19 പന്തുകളും 7 വിക്കറ്റും ബാക്കിയാക്കി ജയിക്കുകയായിരുന്നു. വെങ്കടേഷ് അയ്യര്‍ (50), സുനില്‍ നരെയ്ന്‍ (47), ശ്രേയസ് അയ്യര്‍ (39*) എന്നിവരുടെ പ്രകടനമാണ് കെകെആറിന് കരുത്തായത്.

ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍ ആദ്യം ബൗളിങ്ങാണ് തിരഞ്ഞെടുത്തത്. തട്ടകത്തില്‍ ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ആര്‍സിബിയുടെ തുടക്കം പിഴച്ചു.

സ്‌കോര്‍ബോര്‍ഡില്‍ 17 റണ്‍സുള്ളപ്പോള്‍ നായകന്‍ ഫഫ് ഡുപ്ലെസിസ് (8) പുറത്തായി. 6 പന്ത് നേരിട്ട് 1 സിക്‌സറാണ് ഡുപ്ലെസിസ് നേടിയത്. ഹര്‍ഷിത് റാണയുടെ സ്ലോ ബോള്‍ കെണിയിലാണ് ഡുപ്ലെസിസ് വീണത്. എന്നാല്‍ ഒരുവശത്ത് വിരാട് കോലിയും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് റണ്‍സുയര്‍ത്തി.

21 പന്ത് നേരിട്ട് 4 ഫോറും 2 സിക്‌സുമുള്‍പ്പെടെ 33 റണ്‍സ് നേടിയ ഗ്രീനിനെ ആന്‍ഡ്രേ റസല്‍ പുറത്താക്കി. മികച്ച സ്‌കോറിലേക്കുയരുകയായിരുന്ന ഗ്രീനിനെ റസല്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. ഗ്ലെന്‍ മാക്‌സ് വെല്‍ ഫോമിലേക്കെത്താനാവാതെ പ്രയാസപ്പെട്ടു. രണ്ട് തവണ ലൈഫ് ലഭിച്ചിട്ടും മാക്‌സ് വെല്ലിനത് മുതലാക്കാനായില്ല. സുനില്‍ നരെയ്‌ന്റെ ഓവറില്‍ രമന്‍ദീപ് സിങ്ങും ഹര്‍ഷിത് റാണയുടെ ഓവറില്‍ സുനില്‍ നരെയ്‌നുമാണ് മാക്‌സ് വെല്ലിനെ വിട്ടുകളഞ്ഞത്.

19 പന്ത് നേരിട്ട് 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 28 റണ്‍സ് നേടിയ മാക്‌സ് വെല്ലിനെ സുനില്‍ നരെയ്‌നാണ് പുറത്താക്കിയത്. മത്സരത്തിലൂടെ 1500 സിക്‌സര്‍ ടീമെന്ന നിലയില്‍ ആര്‍സിബി പൂര്‍ത്തിയാക്കി.

മുംബൈ ഇന്ത്യന്‍സിന് ശേഷം ഐപിഎല്ലില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന ടീമായി ആര്‍സിബി മാറി. 36 പന്തില്‍ അര്‍ധ സെഞ്ച്വറി പിന്നിട്ട കോലി ഒരു ഫ്രാഞ്ചൈസിക്കായി കൂടുതല്‍ സിക്‌സര്‍ നേടുന്ന താരവുമായി. ആര്‍സിബിക്കായി 239 സിക്‌സര്‍ നേടിയ ക്രിസ് ഗെയ്‌ലിന്റെ റെക്കോഡാണ് കോലി മറികടന്നത്.

sunil narine

ആര്‍സിബിക്കായി കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡും കോലി സ്വന്തം പേരിലാക്കി. രജത് പാട്ടീധാര്‍ ഫ്‌ളോപ്പ് ഷോ തുടര്‍ന്നു. 4 പന്തില്‍ 3 റണ്‍സ് നേടിയ രജത്തിനെ റസല്‍ റിങ്കു സിങ്ങിന്റെ കൈയിലെത്തിച്ചു. യുവതാരം അനൂജ് റാവത്തിനും തിളങ്ങാനായില്ല.

ഒരു ലൈഫ് ലഭിച്ചിട്ടും താരമത് മുതലാക്കിയില്ല. 3 പന്തില്‍ 3 റണ്‍സ് നേടിയ അനൂജിനെ ഹര്‍ഷിത് റാണ വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടിന്റെ കൈയിലെത്തിച്ചു. എന്നാല്‍ അവസാന ഓവറുകളില്‍ ദിനേഷ് കാര്‍ത്തിക് കടന്നാക്രമിച്ചു.

8 പന്തില്‍ 20 റണ്‍സോടെ കാര്‍ത്തിക് പുറത്താവാതെ നിന്നു. 3 സിക്‌സാണ് കാര്‍ത്തിക് നേടിയത്. കോലി 59 പന്ത് നേരിട്ട് നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 83 റണ്‍സാണ് അടിച്ചെടുത്തത്. ഇതോടെ 6ന് 182 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കും കെകെആറെത്തി.

ആന്‍ഡ്രേ റസല്‍, ഹര്‍ഷിത് റാണ എന്നിവര്‍ കെകെആറിനായി 2 വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ സുനില്‍ നരെയ്ന്‍ 1 വിക്കറ്റും നേടി. മിച്ചല്‍ സ്റ്റാര്‍ക്ക് 4 ഓവറില്‍ 47 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടാനായില്ല.

മറുപടിക്കിറങ്ങിയ കെകെആറിന് ഗംഭീര തുടക്കമാണ് സുനില്‍ നരെയ്‌നും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് നല്‍കിയത്. നരെയ്ന്‍ കത്തിക്കയറിയതോടെ അതിവേഗം റണ്‍സുയര്‍ന്നു. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമാവാതെ 85 റണ്‍സാണ് കെകെആര്‍ അടിച്ചെടുത്തത്. ഏഴാം ഓവറില്‍ സ്പിന്നറെ കൊണ്ടുവന്ന ആര്‍സിബിയുടെ തന്ത്രം ഫലം കണ്ടു. 22 പന്തില്‍ 2 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 47 റണ്‍സ് നേടിയ സുനില്‍ നരെയ്‌നെ മായങ്ക് ഡഗാര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു.

അധികം വൈകാതെ ഫില്‍ സാല്‍ട്ടിനെ (30) വിജയകുമാര്‍ വൈശാഖ് പുറത്താക്കി. 20 പന്തില്‍ 2 വീതം സിക്‌സും ഫോറുമാണ് താരം നേടിയത്. മൂന്നാം വിക്കറ്റിലൊത്തുചേര്‍ന്ന വെങ്കടേഷ് അയ്യരും ശ്രേയസ് അയ്യരും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു.

30 പന്തില്‍ 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 50 റണ്‍സ് നേടിയ വെങ്കടേഷ് അയ്യരെ യഷ് ദയാല്‍ പുറത്താക്കുമ്പോള്‍ 3ന് 167 എന്ന വിജയത്തിന് തൊട്ടടുത്തേക്ക് കെകെആര്‍ എത്തിയിരുന്നു.

ശ്രേയസ് അയ്യരും (39*) റിങ്കു സിങ്ങും (5*) ചേര്‍ന്ന് കൂടുതല്‍ അപകടമില്ലാതെ കെകെആറിനെ വിജയത്തിലേക്കെത്തിച്ചു. ശ്രേയസ് 24 പന്തില്‍ 2 വീതം സിക്‌സും ഫോറും പറത്തി. ഇതോടെ 16.5 ഓവറില്‍ ഏഴ് വിക്കറ്റ് ബാക്കിയാക്കി കെകെആര്‍ വിജയം നേടി.

പ്ലേയിങ് 11: ആര്‍സിബി- ഫഫ് ഡുപ്ലെസിസ് (c), വിരാട് കോലി, രജത് പാട്ടീധാര്‍, ഗ്ലെന്‍ മാക്‌സ് വെല്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക്, അനൂജ് റാവത്ത് (wc), അല്‍സാരി ജോസഫ്, മായങ്ക് ദഗാര്‍, മുഹമ്മദ് സിറാജ്, യഷ് ദയാല്‍

കെകെആര്‍- ഫില്‍ സാള്‍ട്ട് (wc), വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (c), റിങ്കു സിങ്, സുനില്‍ നരെയ്ന്‍, ആന്‍ഡ്രേ റസല്‍, രമന്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്ക്, അനുകുല്‍ റോയ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി

Story first published: Friday, March 29, 2024, 15:58 [IST]
Other articles published on Mar 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+