ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഗംഭീര ബാറ്റിങ് പ്രകടനം കാഴ്ചവെച്ച് കൈയടി നേടുകയാണ് കെകെആര്‍ താരം സുനില്‍ നരെയ്ന്‍. പവര്‍പ്ലേയില്‍ ബാറ്റിങ് വെടിക്കെട്ട് പുറത്തെടുക്കുന്ന നരെയ്ന്‍ എതിര്‍ ടീമിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേയും നരെയ്ന്‍ കസറി. 39 പന്തില്‍ 81 റണ്‍സാണ് നരെയ്ന്‍ നേടിയത്. 6 ഫോറും 7 സിക്‌സും ഉള്‍പ്പെടെയാണ് നരെയ്ന്‍ ഷോ. 207 സ്‌ട്രൈക്ക് റേറ്റിലാണ് നരെയ്ന്‍ കത്തിക്കയറിയത്.
ഈ പ്രകടനത്തോടെ ഈ സീസണില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡിലേക്ക് തലപ്പത്തെത്താന്‍ നരെയ്‌നായി. കൂടാതെ സീസണിലെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തേക്കെത്താനും നരെയ്‌ന് സാധിച്ചു. പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ എതിരാളികളില്‍ നിന്ന് കളി തട്ടിയെടുക്കുന്ന ബാറ്റിങ് പ്രകടനമാണ് നരെയ്ന്‍ കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ തന്റെ ബാറ്റിങ് രഹസ്യം എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നരെയ്ന്‍.
'പവര്‍പ്ലേയില്‍ മികച്ച തുടക്കം ലഭിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പരിശീലക സംഘം എനിക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്. നിങ്ങളുടെ കരുത്ത് മനസിലാക്കി കളിക്കുകയാണ് വേണ്ടത്. അതാണ് മികച്ച ഫലം കാണുക. ഇത്തവണ മികച്ച രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. സ്പിന്നറെന്ന നിലയിലും പ്രതീക്ഷിച്ചപോലെ കാര്യങ്ങള്‍ പോകുന്നു. വരുണ്‍ ചക്രവര്‍ത്തി വിക്കറ്റ് നേടുന്നു. ഇതെന്റെ ജോലിഭാരം കുറച്ച് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ സഹായിക്കുന്നു.
വരുണ്‍ കഠിനമായി അധ്വാനിക്കുന്നവനാണ്. അതുകൊണ്ട് തന്നെ അവന്റെ പ്രകടനം സന്തോഷം നല്‍കുന്നു. വെല്ലുവിളികളൊന്നും പ്രശ്‌നമല്ല. ആണ്‍കുട്ടികള്‍ എപ്പോഴും ഇത്തരം വെല്ലുവിളികളെ നേരിടാന്‍ ആഗ്രഹിക്കുന്നവരാണ്' എന്നാണ് നരെയ്ന്‍ പറഞ്ഞത്. നേരത്തെ ഗൗതം ഗംഭീര്‍ നായകനായിരുന്നപ്പോള്‍ നരെയ്‌നെ ഓപ്പണറാക്കി കളിപ്പിച്ചിരുന്നു. എന്നാല്‍ ഗംഭീര്‍ കെകെആറില്‍ നിന്ന് പടിയിറങ്ങിയതോടെ നരെയ്ന്‍ മധ്യനിരയിലേക്ക് ഒതുക്കപ്പെട്ടു.

ഇതോടെ താരത്തിന്റെ പ്രകടനം ശരാശരിയായി ഒതുങ്ങി. എന്നാല്‍ ഗൗതം ഗംഭീര്‍ ഇപ്പോള്‍ ഉപദേഷ്ടാവായി കെകെആറില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇതോടെ നരെയ്ന്‍ വീണ്ടും ഓപ്പണിങ്ങിലേക്കെത്തി. ഇത്തവണ ഗംഭീര്‍ നല്‍കുന്ന വലിയ പിന്തുണയാണ് നരെയ്‌ന്റെ മികച്ച പ്രകടനത്തിന് കാരണം. വിക്കറ്റ് നഷ്ടമാകുമോയെന്ന ഭയമില്ലാതെ കടന്നാക്രമിക്കുയെന്നതാണ് നരെയ്‌ന്റെ ദൗത്യം. ഇതിനാണ് ഗംഭീര്‍ നിര്‍ദേശവും നല്‍കിയിരിക്കുന്നത്.
അത് ഭംഗിയായി ചെയ്യാന്‍ നരെയ്‌ന് സാധിക്കുന്നുണ്ട്. 11 മത്സരത്തില്‍ നിന്ന് 461 റണ്‍സാണ് അദ്ദേഹം നേടിയത്. 41 ന് മുകളില്‍ ശരാശരിയില്‍ കളിക്കുന്ന നരെയ്‌ന്റെ സ്‌ട്രൈക്ക് റേറ്റ് 183.66 ആണ്. 46 ഫോറും 32 സിക്‌സും നരെയ്ന്‍ നേടി. അനായാസം സിക്‌സര്‍ പറത്താന്‍ പ്രത്യേക കഴിവാണ് നരെയ്‌നുള്ളത്. ഇത്തവണ നരെയ്‌നും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് പവര്‍പ്ലേയില്‍ അടിത്തറ പാകുന്നതാണ് കെകെആറിന്റെ വിജയങ്ങളില്‍ ടീമിന് നിര്‍ണ്ണായകമാവുന്നത്.
ലഖ്‌നൗവിനെ അവരുടെ തട്ടകത്തില്‍ 98 റണ്‍സാണ് കെകെആര്‍ തകര്‍ത്തുവിട്ടത്. ലഖ്‌നൗവിന്റെ തട്ടകത്തിലെ ഉയര്‍ന്ന ടീം ടോട്ടലാണ് കെകെആര്‍ അടിച്ചെടുത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് കെകെആര്‍ 6 വിക്കറ്റിന് 235 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗവിന് 16.1 ഓവറില്‍ 137ല്‍ കൂടാരം കയറേണ്ടി വന്നു. സുനില്‍ നരെയ്ന്‍ ഒരു വിക്കറ്റും നേടി. കളിയിലെ താരമായത് നരെയ്‌നാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും നരെയ്ന്‍ കസറിയതാണ് കെകെആറിന് അനായാസ ജയമൊരുക്കിയത്.
നിലവില്‍ കെകെആര്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. ഇതേ മികവ് വരുന്ന മത്സരങ്ങളിലും തുടര്‍ന്നാല്‍ ഇത്തവണ കപ്പിലേക്കെത്താന്‍ ശേഷിയുള്ള ടീമാണ് കെകെആറെന്ന് പറയാം. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ താരനിരയുള്ള കെകെആര്‍ ഗംഭീറിന്റെ ഉപദേശങ്ങള്‍ക്ക് കീഴില്‍ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്ന് നിസംശയം പറയാം.