ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 54ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ 98 റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 6 വിക്കറ്റിന് 235 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗവിന് 16.1 ഓവറില്‍ 137 റണ്‍സിന് കൂടാരം കയറേണ്ടി വന്നു.
81 റണ്‍സെടുത്ത സുനില്‍ നരെയ്‌നും മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയും ഹര്‍ഷിത് റാണയുമാണ് കെകെആറിന്റെ ജയത്തില്‍ നിര്‍ണ്ണായകമായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കെകെആറിനായി ഫില്‍ സാള്‍ട്ടും സുനില്‍ നരെയ്‌നും തകര്‍ത്തടിച്ചു. ആദ്യം ഫില്‍ സാള്‍ട്ടാണ് വെടിക്കെട്ട് നടത്തിയത്. നരെയ്‌നും ഒപ്പം കൂടിയതോടെ അതിവേഗം റണ്‍സുയര്‍ന്നു.
14 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 32 റണ്‍സ് നേടിയ സാള്‍ട്ടിനെ നവീന്‍ ഉല്‍ ഹഖ് പുറത്താക്കുമ്പോള്‍ 4.2 ഓവറില്‍ 61 റണ്‍സ് കെകെആര്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നു. 228.57 സ്‌ട്രൈക്ക് റേറ്റിലാണ് സാള്‍ട്ട് കടന്നാക്രമിച്ചത്.
കെ എല്‍ രാഹുലിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് സാള്‍ട്ട് പുറത്തായത്. രണ്ടാം വിക്കറ്റില്‍ നരെയ്‌നും അന്‍കൃഷ് രഘുവന്‍ഷിയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. 79 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം നരെയ്ന്‍ മടങ്ങി. 39 പന്തില്‍ 6 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 81 റണ്‍സടിച്ച നരെയ്‌നെ രവി ബിഷ്‌നോയിയാണ് മടക്കിയത്. രണ്ട് തവണ ബിഷ്‌നോയിയുടെ ഓവറില്‍ നരെയ്‌ന് ലൈഫ് ലഭിച്ചെങ്കിലും ഇതേ ഓവറില്‍ത്തന്നെ ബിഷ്‌നോയ് വിക്കറ്റ് നേടി.
സീസണിലെ രണ്ടാം സെഞ്ച്വറി നഷ്ടമായെങ്കിലും സീസണില്‍ കൂടുതല്‍ സിക്‌സെന്ന റെക്കോഡ് നരെയ്ന്‍ സ്വന്തം പേരിലാക്കി. നിലവില്‍ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് നരെയ്ന്‍. നാലാം നമ്പറില്‍ ആന്‍ഡ്രേ റസലെത്തിയെങ്കിലും മികവ് കാട്ടാനായില്ല. 8 പന്തില്‍ ഓരോ സിക്‌സും ഫോറും പറത്തി റസലിനെ നവീന്‍ ഉല്‍ ഹഖാണ് പുറത്താക്കിയത്. രഘുവന്‍ഷി ഒരുവശത്ത് നിലയുറപ്പിച്ചെങ്കിലും വലിയ സ്‌കോറിലേക്കുയരാനായില്ല.
26 പന്തില്‍ 3 ഫോറും 1 സിക്‌സുമടക്കം 32 റണ്‍സാണ് യുവതാരം നേടിയത്. യുദ്ധ്‌വീര്‍ സിങ്ങിന്റെ പന്തില്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് രഘുവന്‍ഷി മടങ്ങിയത്. റിങ്കു സിങ് വീണ്ടും നിരാശപ്പെടുത്തി.
11 പന്തില്‍ 2 ഫോറടക്കം 16 റണ്‍സെടുത്ത റിങ്കുവിനെ നവീന്‍ ഉല്‍ ഹഖാണ് പുറത്താക്കിയത്. ശ്രേയസ് അയ്യര്‍ (15 പന്തില്‍ 23) ചെറിയൊരു കാമിയോ കാഴ്ചവെച്ച് മടങ്ങി. രമന്‍ദീപ് സിങ് 6 പന്തില്‍ 1 ഫോറും 3 സിക്‌സുമടക്കം 25 റണ്‍സുമായി പുറത്താവാതെ നിന്നു.

വെങ്കടിടേഷ് അയ്യര്‍ 1 റണ്‍സോടെ ക്രീസില്‍ നിന്നു. ഇതോടെ 20 ഓവറില്‍ 6ന് 235 എന്ന വമ്പന്‍ ടോട്ടലിലേക്ക് കെകെആറെത്തി. നവീന്‍ മൂന്നും യാഷും ബിഷ്‌നോയിയും യുദ്ധ് വീറും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. മറുപടിക്കിറങ്ങിയ ലഖ്‌നൗവിന് തുടക്കം മുതല്‍ പിഴച്ചു. ഓപ്പണര്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ (9) മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. പതിയെ തുടങ്ങി കടന്നാക്രമിക്കാനായിരുന്നു കെ എല്‍ രാഹുലിന്റെ പദ്ധതി. എന്നാല്‍ ഇത് പാളി.
21 പന്തില്‍ 25 റണ്‍സെടുത്ത രാഹുലിനെ ഹര്‍ഷിത് റാണ മടക്കി. ദീപക് ഹൂഡ പ്രതീക്ഷ നല്‍കിയാണ് തുടങ്ങിയത്. 3 പന്തില്‍ 5 റണ്‍സെടുത്ത ഹൂഡയെ വരുണ്‍ ചക്രവര്‍ത്തി എല്‍ബിയില്‍ കുടുക്കി.
വമ്പനടിക്കാരന്‍ മാര്‍ക്കസ് സ്റ്റോയിണിസിനെ (21 പന്തില്‍ 36) ആന്‍ഡ്രേ റസല്‍ പുറത്താക്കിയത് നിര്‍ണ്ണായകമായി. 4 ഫോറും 2 സിക്‌സുമാണ് സ്‌റ്റോയിണിസ് നേടിയത്. അപകടകാരിയായ നിക്കോളാസ് പുരാനെ (10) ആന്‍ഡ്രേ റസല്‍ മടക്കി. ഇതോടെ 101ന് 5 എന്ന നിലയിലേക്ക് ലഖ്‌നൗ തകര്‍ന്നു.
ആയുഷ് ബദോനി (15) നരെയ്‌ന് മുന്നില്‍ വീണപ്പോള്‍ ആഷ്ടന്‍ ടര്‍ണറെ (16) വരുണ്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി. ക്രുണാല്‍ പാണ്ഡ്യ(5) ഹര്‍ഷിത് റാണക്ക് മുന്നില്‍ വീണതോടെ കെകെആര്‍ ജയമുറപ്പിച്ചു. യുദ്ധ് വീര്‍ സിങ്ങിനെ (7) വരുണ്‍ പുറത്താക്കി.
രവി ബിഷ്‌നോയിയെ (2) പുറത്താക്കി ഹര്‍ഷിത് റാണ ലഖ്‌നൗവിന്റെ പോരാട്ടം അവസാനിപ്പിച്ചു. കെകെആറിനായി ഹര്‍ഷിത് റാണയും വരുണ്‍ ചക്രവര്‍ത്തിയും 3 വിക്കറ്റ് പങ്കിട്ടപ്പോള്‍ റസല്‍ 2 വിക്കറ്റും സ്റ്റാര്‍ക്കും നരെയ്‌നും ഓരോ വിക്കറ്റും വീഴ്ത്തി.
പ്ലേയിങ് 11-കെകെആര്‍- ഫില്‍ സാള്‍ട്ട് (wc), സുനില്‍ നരെയ്ന്‍, അങ്കിത് രഘുവന്‍ഷി, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍, റിങ്കു സിങ്, ആന്‍ഡ്രേ റസല്‍, രമന്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി
ലഖ്‌നൗ: കെ എല്‍ രാഹുല്‍ (wc, c), മാര്‍ക്കസ് സ്റ്റോയിണിസ്, ദീപക് ഹൂഡ, നിക്കോളാസ് പുരാന്‍, ആഷ്ടന്‍ ടര്‍ണര്‍, ആയുഷ് ബദോനി, ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്‌നോയ്, നവീന്‍ ഉല്‍ ഹഖ്, മൊഹ്‌സിന്‍ ഖാന്‍, യാഷ് ടാക്കൂര്‍