ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ 13 മത്സരത്തില്‍ നിന്ന് 15 പോയിന്റോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫ് ടിക്കറ്റെടുത്തു. ഇനി ഒരു സ്ഥാനത്തിനായി സിഎസ്‌കെയും ആര്‍സിബിയും തമ്മില്‍ പോരടിക്കും. ശനിയാഴ്ച ബംഗളൂരുവില്‍ നടക്കുന്ന മത്സരം നോക്കൗട്ടായി മാറും. സിഎസ്‌കെയ്ക്ക് മുന്‍തൂക്കമുണ്ടെങ്കിലും ആര്‍സിബിക്ക് പ്ലേ ഓഫിലെത്താനുള്ള വഴിയും മുന്നിലുണ്ട്.
ഹൈദരാബാദില്‍ ശക്തമായ മഴയാണുണ്ടായിരുന്നത്. ഒരു തവണ മഴ തോര്‍ന്ന് നിന്നതോടെ ഗ്രൗണ്ടിലെ കവര്‍ ഒഴിവാക്കിയെങ്കിലും വീണ്ടും മഴ വില്ലനായി. ശക്തമായ മഴ തുടര്‍ന്നതോടെ മത്സരം ഒഴിവാക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. മത്സരം ഒഴിവായത് ഹൈദരാബാദിന്റെ പ്ലേ ഓഫ് സീറ്റുറപ്പിച്ചപ്പോള്‍ അവസാന മത്സരത്തില്‍ ജയത്തോടെ മടങ്ങാമെന്ന ഗുജറാത്തിന്റെ മോഹത്തിനാണ് തിരിച്ചടിയായത്. ഈ സീസണില്‍ ഹൈദരാബാദില്‍ അഞ്ചില്‍ നാല് മത്സരവും ഹൈദരാബാദ് ജയിച്ചിരുന്നു.
ഹൈദരാബാദ് ഓപ്പണര്‍മാരായ ട്രാവിസ് ഹെഡിന്റേയും അഭിഷേക് ശര്‍മയുടേയും വെടിക്കെട്ട് കാണാമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മഴ ഈ മോഹം തകര്‍ത്തു. ഹൈദരാബാദിന് ഒരു മത്സരം കൂടി പ്ലേ ഓഫിന് മുന്നോടിയായുണ്ട്. പഞ്ചാബ് കിങ്‌സിനെതിരേ ഞായറാഴ്ചയാണ് ഈ മത്സരം. ഹൈദരാബാദില്‍ത്തന്നെയാണ് ഈ മത്സരവും നടക്കേണ്ടത്. ഈ മത്സരത്തിനും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. എന്തായാലും പ്ലേ ഓഫില്‍ സീറ്റുറപ്പിക്കാന്‍ ഹൈദരാബാദിന് സാധിച്ചത് ടീമിനെ സംബന്ധിച്ച് ആശ്വാസമായി.

അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ 10 വിക്കറ്റിന് തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഹൈദരാബാദിന്റെ വരവ്. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ എന്നിവരുടെ ബാറ്റിങ്ങിലാണ് ടീമിന്റെ പ്രതീക്ഷകളേറെയും. ഹെന്‍ റിച്ച് ക്ലാസന്‍ മധ്യനിരയില്‍ പഴയ മികവ് കാട്ടാത്തത് ഹൈദരാബാദിന് തിരിച്ചടിയാണ്. ബൗളിങ് നിരയില്‍ ഭുവനേശ്വര്‍ കുമാറും ടി നടരാജനും മികച്ച പ്രകടനത്തോടെ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തുന്നു. നായകന്‍ പാറ്റ് കമ്മിന്‍സ് ഓള്‍റൗണ്ട് ഷോ നടത്തുന്നുണ്ട്.
കമ്മിന്‍സിന്റെ നായക മികവും ഇത്തവണത്തെ ഹൈദരാബാദിന്റെ ശക്തമായ തിരിച്ചുവരവില്‍ നിര്‍ണ്ണായകമായിട്ടുണ്ട്. അതേ സമയം പ്ലേ ഓഫ് കാണാതെ നേരത്തെ പുറത്തായ ഗുജറാത്ത് ജയത്തോടെ മടങ്ങാനുറച്ചാവും ഹൈദരാബാദിനെതിരേ ഇറങ്ങുന്നത്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാതെ കളിക്കാനിറങ്ങുന്ന ഗുജറാത്തിനെ ഹൈദരാബാദ് ഭയക്കണം. ശുബ്മാന്‍ ഗില്ലും സായ് സുദര്‍ശനും ഫോമിലേക്കുയരാന്‍ ഗുജറാത്തിന് ജയം അസാധ്യമായിരിക്കില്ല.
മധ്യനിരയില്‍ ഡേവിഡ് മില്ലര്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തേണ്ടതായുണ്ട്. റാഷിദ് ഖാന്‍ സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തത് ഇത്തവണ ഗുജറാത്തിനെ കാര്യമായി ബാധിച്ചു. മോഹിത് ശര്‍മക്കും അവസാന സീസണിലെ മികവ് ആവര്‍ത്തിക്കാനായില്ല. നേര്‍ക്കുനേര്‍ കണക്കില്‍ ഗുജറാത്തിനാണ് മുന്‍തൂക്കം. 4 തവണ ഏറ്റുമുട്ടിയപ്പോള്‍ 3ലും ജയിച്ചു. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ജയം ഗുജറാത്തിനായിരുന്നു.