അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തോറ്റിരിക്കുകയാണ്. വമ്പന്‍ പോരാട്ടം പ്രതീക്ഷിച്ചിരുന്നെങ്കിലും കെകെആറിന്റെ അനായാസ ജയമാണ് കണ്ടത്. 38 പന്ത് ബാക്കിയാക്കിയാണ് കെകെആര്‍ ഹൈദരാബാദിനെ നാണംകെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഹൈദരാബാദ് 19.3 ഓവറില്‍ 159 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ 13.4 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.
ഹൈദരാബാദിന്റെ അമിത ആക്രമണോത്സകത തോല്‍വിക്ക് കാരണമായെന്നാണ് പരക്കെയുള്ള വിമര്‍ശനം. പിച്ചിന്റെ സാഹചര്യവും മത്സരത്തിന്റെ അവസ്ഥയും നോക്കാതെ എല്ലാവരും കടന്നാക്രമിക്കാന്‍ ശ്രമിച്ചതാണ് ഹൈദരാബാദിന്റെ തോല്‍വിക്ക് കാരണമായത്. പിടിച്ചുനിന്ന് കളിക്കാന്‍ ആരും തയ്യാറായില്ല. വന്നവരെല്ലാം വലിയ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നുവെന്ന് പറയാം. ഹൈദരാബാദിന്റെ തോല്‍വിക്ക് പിന്നാലെ ഈ ശൈലിക്കെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ന്നു.
ഇപ്പോഴിതാ ടീം ഇതേ ശൈലി പിന്തുടരുമെന്നും ആക്രമണോത്സക ശൈലിയില്‍ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ടീമിന്റെ സഹ പരിശീലകനായ സൈമണ്‍ ഹെല്‍മോട്ട്. 'നിങ്ങള്‍ക്കറിയാവുന്നത് പോലെ തന്നെ ഞങ്ങള്‍ ആക്രമണോത്സക ക്രിക്കറ്റാണ് കളിക്കാന്‍ ശ്രമിക്കുന്നത്. ഇന്നത്തെ രാത്രി ഞങ്ങളുടേതായിരുന്നില്ല. അടുത്ത മത്സരത്തിന് മുമ്പ് ഞങ്ങള്‍ക്ക് അല്‍പ്പം സമയം ലഭിക്കുന്നുണ്ട്. ഇതേ ശൈലിയാവും രണ്ടാം ക്വാളിഫയറിലും ടീം തുടരുക.
ദൗര്‍ഭാഗ്യവശാല്‍ കൊല്‍ക്കത്തയ്‌ക്കെതിരേ ഞങ്ങളുടെ ദിവസമായിരുന്നില്ല. അവരുടെ ബൗളിങ് വളരെ മികച്ചതായിരുന്നു. ഈ മൈതാനത്ത് ആദ്യം ബാറ്റ് ചെയ്ത് വലിയ സ്‌കോര്‍ നേടി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഭാഗ്യം ഞങ്ങള്‍ക്കൊപ്പമായിരുന്നില്ല' സൈമണ്‍ പറഞ്ഞു. പവര്‍പ്ലേയ്ക്കുള്ളില്‍ നാല് വിക്കറ്റ് നഷ്ടമായതാണ് ഹൈദരാബാദിനെ തകര്‍ത്തത്. ഇത്തവണത്തെ ഹൈദരാബാദിന്റെ കുതിപ്പിന് കരുത്തായത് ഓപ്പണര്‍മാരുടെ പ്രകടനമായിരുന്നു.

ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും നടത്തിയ പ്രകടനമായിരുന്നു ഹൈദരാബാദിന്റെ കുതിപ്പിന്റെ ഇന്ധനം. എന്നാല്‍ കെകെആറിന് ഇവരെ നേരത്തെ പുറത്താക്കാനായതാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. മിച്ചല്‍ സ്റ്റാര്‍ക്കാണ് ഹൈദരാബാദിന്റെ നടുവൊടിച്ചത്. ലീഗ് ഘട്ടത്തില്‍ മികവ് കാട്ടാതിരുന്ന സ്റ്റാര്‍ക്ക് നിര്‍ണ്ണായക മത്സരത്തില്‍ അവസരത്തിനൊത്തുയര്‍ന്നു. പിച്ചിന്‍ സ്വഭാവം മനസിലാക്കി പന്തെറിയാന്‍ സ്റ്റാര്‍ക്കിന് സാധിച്ചു.
രണ്ടാമത് ബാറ്റ് ചെയ്തപ്പോള്‍ മഞ്ഞിന്റെ ആനുകൂല്യം കെകെആര്‍ ബാറ്റ്‌സ്മാന്‍മാരെ തുണക്കുകയും ചെയ്തു. സ്റ്റാര്‍ക്കിന്റെ ബൗളിങ്ങാണ് ഹൈദരാബാദിനെ തകര്‍ത്തതെന്ന് സൈമണ്‍ പറഞ്ഞു. 'നോക്കൂ അവന്‍ വളരെ മികച്ച ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. പിച്ചിലെ സ്വിങ്ങിനെ സ്റ്റാര്‍ക്ക് മുതലാക്കി. ദീര്‍ഘനാളായി കളിക്കുകയും മികവ് കാട്ടുകയും ചെയ്യുന്ന ബൗളറാണ് സ്റ്റാര്‍ക്ക്. അതുകൊണ്ടാണ് ലേലത്തില്‍ അവന് ഇത്രയും പ്രതിഫലവും ലഭിച്ചത്.
കെകെആര്‍ സംതുലിതമായ നിരയാണ്. സ്ഥിരത കാട്ടാന്‍ ഞങ്ങള്‍ക്കായില്ല. കെകെആര്‍ ടേബിള്‍ ടോപ്പര്‍മാരാണ്. അതുകൊണ്ടുതന്നെ എതിരാളികളെ അല്‍പ്പമൊന്ന് സമ്മര്‍ദ്ദത്തിലാക്കാന്‍ അവര്‍ക്ക് സാധിക്കും. എന്നാല്‍ സര്‍വാധിപത്യമാണ് അവര്‍ കാഴ്ചവെച്ചത്. അടുത്ത മത്സരത്തില്‍ തിരിച്ചുവരാന്‍ ഞങ്ങള്‍ ശക്തമായ പദ്ധതി മെനയും' സൈമണ്‍ കൂട്ടിച്ചേര്‍ത്തു. എലിമിനേറ്ററില്‍ ആര്‍സിബിയും രാജസ്ഥാന്‍ റോയല്‍സുമാണ് ഏറ്റുമുട്ടുന്നത്. ഇതില്‍ ജയിക്കുന്ന ടീമിനെയാണ് ഹൈദരാബാദ് രണ്ടാം ക്വാളിഫയറില്‍ നേരിടുക.
ഹൈദരാബാദിനെ സംബന്ധിച്ച് ടീം കരുത്തിന്റെ പ്രശ്‌നങ്ങളില്ല. ബാറ്റിങ്ങും ബൗളിങ്ങും ശക്തമാണ്. എന്നാല്‍ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാവേണ്ടത് ഹൈദരാബാദിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. അവസാന രണ്ട് മത്സരത്തിലും ഹെഡ് ഡെക്കിനാണ് പുറത്തായത്. അതുകൊണ്ടുതന്നെ രണ്ടാം ക്വാളിഫയറിലും ഹൈദരാബാദിന് സമ്മര്‍ദ്ദമുണ്ട്. അഭിഷേക് ശര്‍മ, ഹെഡ് കൂട്ടുകെട്ടിന് തിളങ്ങാനായാല്‍ വലിയ സ്‌കോറിലേക്കെത്താന്‍ ഹൈദരാബാദിന് സാധിക്കും. അല്ലാത്ത പക്ഷം ടീം പ്രയാസപ്പെടും.