ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുമ്പ് എല്ലാവരേയും ഞെട്ടിച്ച വാര്‍ത്തകളിലൊന്ന് ഹാര്‍ദിക് പാണ്ഡ്യയുടെ കൂടുമാറ്റമായിരുന്നു. അരങ്ങേറ്റ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കപ്പിലേക്കെത്തിക്കുകയും രണ്ടാം സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക് പാണ്ഡ്യ. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് 17ാം സീസണിന് മുമ്പ് ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചുപോയത്. ഈ സീസണില്‍ ശുബ്മാന്‍ ഗില്ലിന് കീഴിലാണ് ഗുജറാത്ത് ടൈറ്റന്‍സിറങ്ങുന്നത്.
ഇപ്പോഴിതാ ഹാര്‍ദിക് ബൗളര്‍മാര്‍ക്ക് ശല്യക്കാരനാണെന്നും ടീം വിട്ടത് നന്നായെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്ത്. ഹാര്‍ദിക് ബൗളര്‍മാര്‍ക്ക് എപ്പോഴും നിര്‍ദേശങ്ങള്‍ നല്‍കി പ്രയാസപ്പെടുത്തിയിരുന്നു. എന്നാല്‍ ശുബ്മാന്‍ ഗില്‍ ഇങ്ങനെ ചെയ്യാതിരിക്കുന്നത് ബൗളര്‍മാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമെന്നാണ് ശ്രീശാന്ത് പറയുന്നത്. 'ബൗളര്‍മാരോട് എവിടെ പന്തെറിയണമെന്ന് പറയാന്‍ ഹാര്‍ദിക് ഗുജറാത്തിനൊപ്പമില്ല.
ചില സമയങ്ങളില്‍ നായകന്മാര്‍ ഇത്തരമൊരു സ്വാതന്ത്രം ബൗളര്‍മാര്‍ക്ക് നല്‍കേണ്ടതായുണ്ട്. ഇത്തവണ ശുബ്മാന്‍ ഗില്ലാണ് നായകന്‍. ആശിഷ് നെഹ്‌റ ഇത്തവണ ബൗളര്‍മാര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കാന്‍ പറഞ്ഞിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. യുവ നായകനെന്ന നിലയില്‍ ബൗളര്‍മാര്‍ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായുണ്ട്' ശ്രീശാന്ത് പറയുന്നു. ഹാര്‍ദിക് മത്സരത്തില്‍ എല്ലാ മേഖലയിലും തന്റെ ഇടപെടല്‍ നടത്താറുള്ള താരമാണ്.
പ്രത്യേകിച്ച് പന്തെറിയുന്ന സമയങ്ങളില്‍. ബൗളര്‍മാരോട് കൃത്യമായി നിര്‍ദേശം ഹാര്‍ദിക് നല്‍കാറുണ്ട്. ബൗളര്‍മാരെ ശകാരിക്കാനും ഹാര്‍ദിക് മടി കാട്ടാറില്ല. എന്നാല്‍ ഇപ്പോള്‍ ശുബ്മാന്‍ ഗില്ലാണ് ഗുജറാത്തിനെ നയിക്കുന്നത്. യുവതാരമായ ശുബ്മാന്‍ ബൗളര്‍മാരുടെ മികവ് വിശ്വസിക്കുന്നു. അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കി സ്വാതന്ത്ര്യത്തോടെ പന്തെറിയാന്‍ ശുബ്മാന്‍ അവസരമൊരുക്കുന്നു. എന്നാല്‍ ഹാര്‍ദിക്കിന്റെ കാലത്ത് ഈ അവസരമില്ലായിരുന്നുവെന്നാണ് ശ്രീശാന്ത് പറയുന്നത്.

ഹാര്‍ദിക് ടീം വിട്ടത് ഗുജറാത്തിനെ സംബന്ധിച്ച് നികത്താനാവാത്ത വിടവാണ്. നായക മികവ് ഗുജറാത്തിനെ കാര്യമായി ബാധിക്കുന്നില്ല. എന്നാല്‍ ഓള്‍റൗണ്ടറെന്ന നിലയിലെ ഹാര്‍ദിക്കിന്റെ മികവ് തീര്‍ച്ചയായും ഗുജറാത്തിനെ പിന്നോട്ടടിക്കുന്ന കാര്യമാണ്. ഹാര്‍ദിക് പാണ്ഡ്യ ഉള്ളപ്പോള്‍ പന്തെറിയാനും ബാറ്റ്‌സ്മാനെന്ന നിലയിലും ടീമിന് ഉപകാരപ്പെട്ടിരുന്നു. ഇത്തവണ അസ്മത്തുല്ല ഒമര്‍സായിയൊണ് ഈ സ്ഥാനത്തേക്കായി ഗുജറാത്ത് കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍ ഹാര്‍ദിക്കിന്റെ ഇംപാക്ട് സൃഷ്ടിക്കാന്‍ താരത്തിനാവുന്നില്ല. മുഹമ്മദ് ഷമി പരിക്കിനെത്തുടര്‍ന്ന് 17ാം സീസണില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇതും ഗുജറാത്തിനെ പിന്നോട്ടടിക്കുന്ന കാര്യമാണ്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ആറ് റണ്‍സിന് തോല്‍പ്പിക്കാന്‍ ഗുജറാത്തിനായി. എന്നാല്‍ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് 63 റണ്‍സിന് തോല്‍ക്കേണ്ടി വന്നു. ഇത്തവണ ടീമിന്റെ ബാറ്റിങ് നിര പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരുന്നില്ല.
നായക റോളിലേക്കെത്തിയ ശേഷം ശുബ്മാന്‍ ഗില്ലിന് പഴയ മിടുക്ക് ബാറ്റിങ്ങില്‍ കാട്ടാനാവുന്നില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്തി വൃദ്ധിമാന്‍ സാഹ തുടങ്ങുമെങ്കിലും ഇതിനെ വലിയ സ്‌കോറാക്കി മാറ്റാന്‍ അദ്ദേഹത്തിനാവുന്നില്ല. വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, ഒമര്‍സായ് എന്നിവര്‍ക്കൊന്നും അവസരത്തിനൊത്ത് ഉയരാന്‍ സാധിക്കുന്നില്ല. സായ് സുദര്‍ശന്റെ മെല്ലെപ്പോക്ക് ബാറ്റിങ്ങും തലവേദനയാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല.
ബൗളിങ് നിരക്കും പഴയ മൂര്‍ച്ചയില്ലെന്നതാണ് വസ്തുത. ഷമിയുടെ അഭാവം ഗുജറാത്ത് ബൗളിങ്ങില്‍ പ്രകടം. ഉമേഷ് യാദവ് സീനിയര്‍ പേസറാണെങ്കിലും തല്ലുകൊള്ളിയാണ്. ഒമര്‍സായിയേയും വിശ്വസിക്കാനാവില്ല. റാഷിദ് ഖാന്റെ ഫോം പ്രശ്‌നമാണ്. മോഹിത് ശര്‍മയും സ്‌പെന്‍സര്‍ ജോണ്‍സണും മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നു. ബാറ്റിങ് നിരയും ബൗളിങ് നിരയും മെച്ചപ്പെടാത്ത പക്ഷം അവസാന സീസണുകളിലെ മികവ് ആവര്‍ത്തിക്കുക ഗുജറാത്തിന് കടുപ്പമായിരിക്കും.