മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ 3 വിക്കറ്റിന് തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 8 വിക്കറ്റിന് 147 റണ്‍സടിച്ചപ്പോള്‍ 1 പന്തും 3 വിക്കറ്റും ബാക്കി നിര്‍ത്തി രാജസ്ഥാന്‍ ജയിക്കുകയായിരുന്നു. അവസാന ഓവര്‍വരെ പഞ്ചാബ് പൊരുതിയെങ്കിലും ഷിംറോന്‍ ഹെറ്റ്‌മെയറുടെ (27*) തകര്‍പ്പന്‍ ഫിനിഷിങ് രാജസ്ഥാന് ജയമൊരുക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിങ്‌സിന്റെ തുടക്കം പാളി. ശിഖര്‍ ധവാന്റെ അഭാവത്തില്‍ ജോണി ബെയര്‍സ്‌റ്റോയും അധര്‍വ ടെയ്‌ദെയും ചേര്‍ന്നാണ് പഞ്ചാബിനായി ഓപ്പണ്‍ ചെയ്തത്. പ്രതീക്ഷിച്ച തുടക്കം പഞ്ചാബിന് ലഭിച്ചില്ല. സ്‌കോര്‍ബോര്‍ഡില്‍ 27 റണ്‍സുള്ളപ്പോള്‍ അധര്‍വിനെ പഞ്ചാബിന് നഷ്ടമായി.
12 പന്തില്‍ 2 ബൗണ്ടറി ഉള്‍പ്പെടെ 15 റണ്‍സ് നേടിയ അധര്‍വിനെ ആവേശ് ഖാനാണ് പുറത്താക്കിയത്. പവര്‍പ്ലേയില്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ മിടുക്കുകാട്ടിയതോടെ പഞ്ചാബിന്റെ ബാറ്റ്‌സ്മാന്‍മാര്‍ വിയര്‍ത്തു.
14 പന്ത് നേരിട്ട് 1 ബൗണ്ടറി ഉള്‍പ്പെടെ 10 റണ്‍സ് നേടിയ പ്രഭ്‌സിംറാനെ യുസ് വേന്ദ്ര ചഹാല്‍ മടക്കി. ദ്രുവ് ജുറേലിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് പ്രഭ്‌സിംറാന്റെ മടക്കം. മോശം ഫോമില്‍ തുടരുന്ന ജോണി ബെയര്‍സ്‌റ്റോയെ കേശവ് മഹാരാജ് മടക്കി അയച്ചു.
19 പന്ത് നേരിട്ട് 1 ഫോറുള്‍പ്പെടെ 15 റണ്‍സാണ് ബെയര്‍സ്റ്റോയുടെ സമ്പാദ്യം. ധവാന്റെ അഭാവത്തില്‍ നായകനായി എത്തിയ സാം കറെന് ബാറ്റിങ്ങില്‍ തിളങ്ങാനായില്ല. 10 പന്ത് നേരിട്ട് 6 റണ്‍സെടുത്ത കറെനെ കേശവ് മഹാരാജാണ് പുറത്താക്കിയത്.
വമ്പനടിക്കാരന്‍ ശശാങ്ക് സിങ്ങിന് മികവ് ആവര്‍ത്തിക്കാനായില്ല. 9 പന്തില്‍ 1 ബൗണ്ടറി ഉള്‍പ്പെടെ 9 റണ്‍സ് നേടിയ ശശാങ്കിനെ കുല്‍ദീപ് സെന്നാണ് പുറത്താക്കിയത്. ലിയാം ലിവിങ്സ്റ്റണെ ഗോള്‍ഡന്‍ ഡെക്കാക്കാന്‍ പഞ്ചാബിന് അവസരം ലഭിച്ചു. എന്നാല്‍ സഞ്ജുവിന് ക്യാച്ച് കൈയിലൊതുക്കാനായില്ല. ജിതേഷ് ശര്‍മ 24 പന്തില്‍ 1 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 29 റണ്‍സ് നേടിയെങ്കിലും അപകടകാരിയാവും മുമ്പ് ആവേശ് ഖാന്‍ പുറത്താക്കി.
ലിയാം ലിവിങ്സ്റ്റണ്‍ 14 പന്തില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 21 റണ്‍സാണ് നേടിയത്. സഞ്ജുവിന്റെ മികച്ച നീക്കം ലിവിങ്സ്റ്റണെ റണ്ണൗട്ടാക്കുകയായിരുന്നു. എന്നാല്‍ അഷുതോഷ് ശര്‍മ നിര്‍ണ്ണായക റണ്‍സ് നേടി. 16 പന്തില്‍ 1 ഫോറും 3 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 31 റണ്‍സാണ് അഷുതോഷ് നേടിയത്.
ഹര്‍പ്രീത് ബ്രാര്‍ (3*) പുറത്താവാതെ നിന്നു. രാജസ്ഥാനായി കേശവ് മഹാരാജും ആവേശ് ഖാനും 2 വിക്കറ്റ് പങ്കിട്ടപ്പോള്‍ ട്രന്റ് ബോള്‍ട്ട്, കുല്‍ദീപ് സെന്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടിക്കിറങ്ങിയ രാജസ്ഥാന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. യശ്വസി ജയ്‌സ്വാളും തനുഷ് കോട്ടിയാനും ചേര്‍ന്ന് 56 റണ്‍സ് കൂട്ടുകെട്ടാണ് ഓപ്പണിങ്ങില്‍ സൃഷ്ടിച്ചത്. ബട്‌ലര്‍ക്ക് പകരമെത്തിയ തനുഷ് 31 പന്തില്‍ 3 ബൗണ്ടറി ഉള്‍പ്പെടെ 24 റണ്‍സുമായി മടങ്ങി.
ലിയാം ലിവിങ്സ്റ്റണ്‍ തനുഷിനെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. മികച്ച ഫോമില്‍ കളിച്ച യശ്വസി ജയ്‌സ്വാഴിനെ കഗിസോ റബാഡ മടക്കി. 28 പന്തില്‍ 4 ഫോറുള്‍പ്പെടെ 39 റണ്‍സ് നേടിയാണ് ജയ്‌സ്വാള്‍ മടങ്ങിയത്.
നായകന്‍ സഞ്ജു സാംസണിന് മികവ് കാട്ടാനായില്ല. 14 പന്തില്‍ 1 സിക്‌സും ഫോറും ഉള്‍പ്പെടെ 18 റണ്‍സ് നേടിയ സഞ്ജുവിനെ റബാഡ എല്‍ബിയില്‍ കുടുക്കി. റിയാന്‍ പരാഗ് 18 പന്ത് 1 സിക്‌സും ഫോറുമുള്‍പ്പെടെ 23 റണ്‍സ് നേടിയെങ്കിലും അര്‍ഷ്ദീപിന്റെ പന്തില്‍ മടങ്ങി.
ദ്രുവ് ജുറേലിനെ (11 പന്തില്‍ 6) ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കിയതോടെ പോരാട്ടം മുറുകി. റോവ്മാന്‍ പവല്‍ 5 പന്തില്‍ 2 ബൗണ്ടറി ഉള്‍പ്പെടെ 11 റണ്‍സുമായി മടങ്ങി. സാം കറെനാണ് വിക്കറ്റ്.
കേശവ് മഹാരാജിനേയും (1) കറെന്‍ മടക്കിയതോടെ അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ 10 റണ്‍സ് എന്ന നിലയിലേക്ക് മത്സരമെത്തി. എന്നാല്‍ ഷിംറോന്‍ ഹെറ്റ്‌മെയറിന്റെ (10 പന്തില്‍ 27*) സൂപ്പര്‍ ഫിനിഷിങ് രാജസ്ഥാന് തകര്‍പ്പന്‍ ജയം സമ്മാനിക്കുകയായിരുന്നു.
പ്ലേയിങ് 11: രാജസ്ഥാന്‍ റോയല്‍സ്- ഷിംറോന്‍ ഹെറ്റ്‌മെയര്‍, തനുഷ് കോട്ടിയാന്‍, സഞ്ജു സാംസണ്‍ (c), റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍, റോവ്മാന്‍ പവല്‍, ട്രന്റ് ബോള്‍ട്ട്, കേശവ് മഹാരാജ്, ആവേശ് ഖാന്‍, കുല്‍ദീപ് സെന്‍, യുസ് വേന്ദ്ര ചഹാല്‍
പഞ്ചാബ് കിങ്‌സ്- സാം കറെന്‍ (c), ജോണി ബെയര്‍സ്‌റ്റോ, അധര്‍വ ടെയ്‌ദെ, പ്രഭ്‌സിംറാന്‍ സിങ്, ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (wc), ശശാങ്ക് സിങ്, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാഡ, അര്‍ഷ്ദീപ് സിങ്