കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആദ്യ പാദം പിന്നിട്ടുകൊണ്ടിരിക്കുകയാണ്. ഇത്തവണയും ഇഞ്ചോടിഞ്ച് പോരാട്ടങ്ങളാണ് ടീമുകള്‍ തമ്മില്‍ കാഴ്ചവെക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദാരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടങ്ങിയവരെല്ലാം ആദ്യ പാദത്തില്‍ കരുത്തുകാട്ടിയ ടീമുകളാണ്. ഇത്തവണ വലിയ സാധ്യത കല്‍പ്പിക്കുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്.
സഞ്ജു സാംസണും സംഘവുമാണ് നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളത്. ഇപ്പോഴിതാ ഇത്തവണ രാജസ്ഥാന്‍ കപ്പടിക്കുമെന്ന് വിലയിരുത്തിയിരിക്കുകയാണ് ശശി തരൂര്‍. സഞ്ജു മികച്ച നേതൃത്വ പാഠവമുള്ള താരമാണെന്നാണ് ശശി തരൂര്‍ പറയുന്നത്. ഇത്തവണ രാജസ്ഥാന് വലിയ കിരീട സാധ്യതയുണ്ടെന്നാണ് തരൂര്‍ വിലയിരുത്തുന്നത്. 'ഒരു ടീമിനോട് എനിക്ക് പ്രത്യേക താല്‍പര്യമുണ്ട്. അത് സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ്. 14 വയസ് മുതല്‍ സഞ്ജുവിനെ അറിയാം.
അന്നവന്‍ ക്ലബ്ബ് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയാണ്. അവന്റെ കരിയറില്‍ എല്ലാ സമയത്തും ഞാന്‍ പിന്തുണ നല്‍കിയിട്ടുണ്ട്. ഒരു സമയത്ത് അവന് സ്‌കൂളില്‍ ഹാജറില്ലാത്തതിനാല്‍ പരീക്ഷ എഴുതിപ്പിക്കാന്‍ വരെ ഞാന്‍ ഇടപെട്ടിട്ടുണ്ട്. അവനോടൊപ്പമാണ് ഞാന്‍. അവന്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്ന രീതി വളരെ സന്തോഷം നല്‍കുന്നതാണ്. ഈ സീസണില്‍ കിരീടത്തിലേക്കെത്താനുള്ള എല്ലാ സാധ്യതയും രാജസ്ഥാനുണ്ട്. ഒത്തിണക്കത്തോടെ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സഞ്ജുവിന് കഴിവുണ്ട്.
അതുകൊണ്ടുതന്നെ രാജസ്ഥാന്‍ ഇത്തവണ കിരീടം നേടുമെന്നാണ് വിശ്വസിക്കുന്നത്' എന്നാണ് ശശി തരൂര്‍ പറയുന്നത്. എന്തായാലും രാജസ്ഥാന് മികച്ച തുടക്കമാണ് സീസണില്‍ ലഭിച്ചിരിക്കുന്നത്. ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നര്‍മാരെ സൃഷ്ടിക്കാന്‍ രാജസ്ഥാന് സാധിക്കുന്നു. ജോസ് ബട്‌ലര്‍ പക്വതയോടെ കളിക്കുമ്പോള്‍ യശ്വസി ജയ്‌സ്വാള്‍ ഫോമിലേക്ക് ഇനിയും എത്തിയിട്ടില്ല. ഇത് രാജസ്ഥാനെ അല്‍പ്പം ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

സഞ്ജു സാംസണ്‍ ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. 7 മത്സരത്തില്‍ നിന്ന് 276 റണ്‍സാണ് സഞ്ജു ഈ സീസണില്‍ നേടിയത്. 55.20 ശരാശരിയില്‍ കളിക്കുന്ന സഞ്ജുവിന് 155ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുമുണ്ട്. 3 അര്‍ധ സെഞ്ച്വറികളും സഞ്ജു നേടിയിട്ടുണ്ട്. 27 ഫോറും 11 സിക്‌സും ഈ സീസണില്‍ അദ്ദേഹം നേടിയിട്ടുണ്ട്. വരുന്ന മത്സരങ്ങളിലും ഇതേ മികവ് തുടര്‍ന്നാല്‍ സഞ്ജുവിന് ടി20 ലോകകപ്പിലേക്കും വിളിയെത്തിയേക്കും.
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന താരങ്ങളിലൊരാള്‍ സഞ്ജുവാണ്. എന്നാല്‍ വരുന്ന മത്സരങ്ങളിലും സഞ്ജു ഇതേ പ്രകടനം തുടരേണ്ടതായുണ്ട്. സഞ്ജുവിന് കീഴില്‍ രാജസ്ഥാന് ഒത്തിണക്കത്തോടെ കളിക്കാന്‍ സാധിക്കുന്നു. ഷിംറോന്‍ ഹെറ്റ്‌മെയര്‍ ഫിനിഷര്‍ റോളില്‍ കസറുന്നു. റിയാന്‍ പരാഗ് സ്ഥിരതയോടെ കളിക്കുന്നത് രാജസ്ഥാന് ഇത്തവണ കൂടുതല്‍ കരുത്ത് പകരുന്നുണ്ട്. ആര്‍ അശ്വിന്‍ മെച്ചപ്പെടാനുണ്ട്.
തല്ലുകൊള്ളിയായി മാറുകയാണ് അശ്വിന്‍. അതേ സമയം യുസ് വേന്ദ്ര ചഹാല്‍ സ്പിന്‍ നിരയില്‍ മികവ് കാട്ടുന്നു. ട്രന്റ് ബോള്‍ട്ട് ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടുന്നുണ്ട്. ആവേശ് ഖാന്‍ ഡെത്തോവറിലെ വിശ്വസ്തനായി മാറുന്നു. സന്ദീപ് ശര്‍മ ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തിയാല്‍ രാജസ്ഥാന്‍ കൂടുതല്‍ ശക്തരായി മാറും. ഒത്തിണക്കത്തോടെ കളിക്കുന്ന രാജസ്ഥാന് ഇത്തവണ ഉയര്‍ന്ന കിരീട സാധ്യതയാണുള്ളത്. എന്നാല്‍ രണ്ടാം പാദത്തില്‍ കളി മറക്കുന്ന പതിവ് രാജസ്ഥാനുണ്ട്.
അവസാന സീസണിലേതുപോലെ രണ്ടാം പാദത്തില്‍ തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങി രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്തുപോവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിലവിലെ രാജസ്ഥാന്റെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ കപ്പിലേക്കെത്താനാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയണം.