അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ റിഷഭ് പന്ത് നിറഞ്ഞാടുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ ഗംഭീര പ്രകടനത്തോടെ റിഷഭ് കൈയടി നേടിയിരിക്കുകയാണ്. ഡേവിഡ് മില്ലറെ പുറത്താക്കാന്‍ റിഷഭ് പന്തെടുത്ത ക്യാച്ച് ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഇഷാന്ത് ശര്‍മയുടെ പന്തില്‍ മില്ലര്‍ എഡ്ജായപ്പോള്‍ ഇടത്തോട്ട് തകര്‍പ്പന്‍ ഡൈവിങ്ങിലൂടെ ഒറ്റ കൈയില്‍ റിഷഭ് പന്ത് കൈയിലാക്കി.
ഗുജറാത്ത് നിരയിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് മില്ലറെന്നിരിക്കെ മത്സരത്തിന്റെ ഗതി മാറ്റുന്ന ക്യാച്ചാണ് റിഷഭ് നേടിയത്. ഇതിന് ശേഷം രണ്ട് തകര്‍പ്പന്‍ സ്റ്റംപിങ്ങും റിഷഭ് നടത്തി. അഭിനവ് മനോഹറിനെ ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ പന്തില്‍ റിഷഭ് സ്റ്റംപ് ചെയ്ത് പുറത്താക്കി. അധികം വൈകാതെ ഇംപാക്ട് പ്ലയറായി എത്തിയ ഷാരൂഖ് ഖാനേയും റിഷഭ് പന്ത് സ്റ്റംപ് ചെയ്തു. സ്റ്റബ്‌സിന്റെ വൈഡ് പന്തിലാണ് റിഷഭിന്റെ തകര്‍പ്പന്‍ സ്റ്റംപിങ്.
ബാറ്റുകൊണ്ട് മികച്ച ഫോമിലുള്ള റിഷഭ് വിക്കറ്റിന് പിന്നിലും കസറുന്നതോടെ ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം മറ്റാരും മോഹിക്കേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജു സാംസണും ഇഷാന്‍ കിഷനും കെ എല്‍ രാഹുലുമെല്ലാം ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനം സ്വപ്‌നം കാണുന്നവരാണ്. എന്നാല്‍ ഇവരെയെല്ലാം പിന്നിലേക്കാക്കി റിഷഭിന്റെ ഗംഭീര പ്രകടനമാണ് ഐപിഎല്ലില്‍ കാണുന്നത്.
നായകനെന്ന നിലയിലും റിഷഭ് കസറുകയാണ്. ഗുജറാത്തിന്റെ തട്ടകത്തില്‍ ടോസ് നേടിയപ്പോള്‍ ബൗളിങ് തിരഞ്ഞെടുത്ത റിഷഭിന്റെ തീരുമാനം നിര്‍ണ്ണായകമായി. ആദ്യത്തെ ഏഴ് ഓവറില്‍ പേസര്‍മാരെ മാത്രം ഉപയോഗിച്ച് പിച്ചിന്റെ ആനുകൂല്യം കൃത്യമായി മുതലാക്കാന്‍ റിഷഭിനായി. കൃത്യമായ ഫീല്‍ഡിങ് വിന്യാസത്തിലൂടെ ഗുജറാത്തിനെ വിറപ്പിക്കാനും റിഷഭിന് സാധിച്ചു. അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നീ രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ ഡല്‍ഹിക്കൊപ്പമുണ്ട്.

ഇവരുള്ളപ്പോള്‍ത്തന്നെ സ്റ്റബ്‌സിനെ ഉപയോഗിക്കാനുള്ള റിഷഭിന്റെ തീരുമാനം നിര്‍ണ്ണായകമായി. പ്രധാനപ്പെട്ട രണ്ട് വിക്കറ്റുകളാണ് സ്റ്റബ്‌സ് വീഴ്ത്തിയത്. നായകനെന്ന നിലയില്‍ ആദ്യ മത്സരങ്ങളില്‍ പ്രതീക്ഷിച്ച നിലവാരം റിഷഭ് കാട്ടിയിരുന്നില്ല. എന്നാല്‍ ശക്തമായ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ റിഷഭിനെ ഇന്ത്യ വൈസ് ക്യാപ്റ്റനാക്കണമെന്നാണ് ആരാധക പക്ഷം. ഹാര്‍ദിക് പാണ്ഡ്യയുടെ ടി20 ലോകകപ്പ് ടീമിലെ ഇടം ഇതുവരെ ഉറപ്പായിട്ടില്ല.
താരം പന്തെറിഞ്ഞ് മിടുക്കുകാട്ടാത്ത പക്ഷം ലോകകപ്പ് ടീമില്‍ ഉള്‍പ്പെടില്ല. അങ്ങനെ വന്നാല്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തിന് റിഷഭിന് അര്‍ഹതയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും റിഷഭ് കസറുകയാണ്. വരുന്ന മത്സരങ്ങളിലും ഇതേ മികവ് തുടരാന്‍ റിഷഭിന് സാധിക്കട്ടേയെന്നാണ് ആരാധകര്‍ പറയുന്നത്. ഇതുവരെയുള്ള പ്രകടനത്തില്‍ നിന്ന് റിഷഭ് ലോകകപ്പിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഉറപ്പിച്ചെന്ന് പറയാം.
ഇന്ത്യക്കാവശ്യം മധ്യനിരയില്‍ കളിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെയാണ്. ഇതിന് ഏറ്റവും അനുയോജ്യന്‍ റിഷഭാണ്. സഞ്ജു സാംസണ്‍ നായകനെന്ന നിലയില്‍ മിടുക്കുകാട്ടുമ്പോഴും ബാറ്റ്‌സ്മാനെന്ന നിലയില്‍ സ്ഥിരത കാട്ടാനാവുന്നില്ല. കൂടാതെ ടോപ് ഓഡറിലാണ് സഞ്ജു സാംസണ്‍ തിളങ്ങുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യ റിഷഭിനെ ഒന്നാം നമ്പര്‍ കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തുമെന്നുറപ്പാണ്.
മറ്റുള്ളവര്‍ക്ക് റിഷഭിനൊപ്പം ഓടിയെത്തുക പ്രയാസമാണ്. ബാക്കപ്പായി ടീമിലിടം പിടിക്കാനാവുമോയെന്നാണ് ഇനിയുള്ള വിക്കറ്റ് കീപ്പര്‍മാര്‍ ശ്രമിക്കേണ്ടത്. സഞ്ജുവിനെ രണ്ടാം കീപ്പറായി പരിഗണിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.