അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ എലിമിനേറ്ററില്‍ ആര്‍സിബിക്കെതിരേ നിരാശപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ആര്‍സിബി മുന്നോട്ട് വെച്ച 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാനായി 13 പന്തില്‍ 17 റണ്‍സാണ് സഞ്ജു നേടിയത്. കരണ്‍ ശര്‍മയും ദിനേഷ് കാര്‍ത്തികും ചേര്‍ന്നൊരുക്കിയ ചതിയില്‍ രാജസ്ഥാന്‍ നായകന്‍ കൃത്യമായി വീഴുകയായിരുന്നു. കരണ്‍ ശര്‍മ രണ്ട് പന്ത് ഡോട്ട്‌ബോളാക്കി.
മൂന്നാം പന്ത് സഞ്ജു ആക്രമിക്കുമെന്ന് ഉറപ്പായതിനാല്‍ വൈഡ് പന്തെറിയാന്‍ കാര്‍ത്തിക് നിര്‍ദേശിക്കുകയായിരുന്നു. ടേണ്‍ ചെയ്ത് പുറത്തേക്ക് പോയ പന്തിനെ ക്രീസില്‍ നിന്ന് കയറിക്കളിച്ച സഞ്ജുവിന് പിഴച്ചു. പുറത്തേക്ക് പോയ പന്ത് സഞ്ജുവിന് നോക്കി നില്‍ക്കാനെ സാധിച്ചുള്ളൂ. ഈ പന്ത് പിടിച്ചെടുത്ത് ദിനേഷ് കാര്‍ത്തിക് സ്റ്റംപ് ചെയ്തപ്പോള്‍ സഞ്ജു ക്രീസിന് ഏറെ വെളിയിലായിരുന്നു. ഇതോടെ നിരാശയോടെ സഞ്ജുവിന് മടങ്ങേണ്ടി വന്നു.
വിക്കറ്റ് നഷ്ടമായതില്‍ കടുത്ത നിരാശയോടെയാണ് സഞ്ജു മടങ്ങിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി സഞ്ജു ബാറ്റ് വലിച്ചെറിഞ്ഞാണ് കളം വിട്ടത്. പ്രധാനപ്പെട്ട മത്സരത്തില്‍ നായകനെന്ന നിലയില്‍ സഞ്ജു മുന്നില്‍ നിന്ന് നയിക്കേണ്ടതായിരുന്നു. ഒരുവശത്ത് സഞ്ജു വിക്കറ്റ് കാത്ത് മറ്റ് താരങ്ങളെ ആക്രമിക്കാന്‍ വിടണമായിരുന്നു. എന്നാല്‍ സഞ്ജു സ്വയം കടന്നാക്രമണത്തിന് മുതിര്‍ന്നതോടെ വിക്കറ്റ് നഷ്ടമാവുകയായിരുന്നു.
നിര്‍ണ്ണായക മത്സരത്തില്‍ സഞ്ജു ഉത്തരവാദിത്തം കാട്ടിയില്ല. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട സഞ്ജുവില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്തം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും പഴയ പിഴവ് ആവര്‍ത്തിച്ച് സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. ജയ്‌സ്വാള്‍ പുറത്തായതിനാല്‍ യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി സഞ്ജു ക്രീസില്‍ വേണമായിരുന്നു. എന്നാല്‍ ഇതിന് സാധിക്കാതെ പോയി എന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

ഈ സീസണില്‍ സഞ്ജു മികച്ച ഫോമിലാണ് കളിച്ചത്. ചരിത്രത്തിലാദ്യമായി ഈ സീസണിലാണ് സഞ്ജു ആദ്യമായി 500 റണ്‍സ് ഒരു സീസണില്‍ നേടിയത്. അവസാന നാല് മത്സരവും തോറ്റ ക്ഷീണത്തിലിറങ്ങിയ രാജസ്ഥാന്‍ നായകന് സമ്മര്‍ദ്ദത്തെ അതിജീവിക്കാനായില്ലെന്ന് പറയാം. എന്നാല്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി മികച്ചതായിരുന്നു. ആര്‍സിബിയെ 172 എന്ന സ്‌കോറിലേക്കൊതുക്കിയത് സഞ്ജുവിന്റെ നായക മികവാണ്.
പവര്‍പ്ലേയ്ക്കുള്ളില്‍ ട്രന്റ് ബോള്‍ട്ടിന് മൂന്ന് ഓവര്‍ നല്‍കാനുള്ള സഞ്ജുവിന്റെ തീരുമാനം നിര്‍ണ്ണായകമായി. ഇതാണ് ഫഫ് ഡുപ്ലെസിസിന്റെ വിക്കറ്റിലേക്കെത്തിച്ചതും ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചതും. ആവേശ് ഖാനെ മധ്യ ഓവറുകളില്‍ നന്നായി ഉപയോഗിച്ച് വിക്കറ്റ് നേടിയെടുക്കാന്‍ സഞ്ജുവിനായി. അശ്വിനെ ഉപയോഗിച്ചതും ഫീല്‍ഡൊരുക്കിയതും സഞ്ജുവിന്റെ നായക മികവിനെ എടുത്തു കാട്ടുന്നതാണ്. എന്നാല്‍ ബാറ്റിങ്ങില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ സഞ്ജുവിന് സാധിക്കാതെ പോയി.
ടി20 ലോകകപ്പില്‍ പ്ലേയിങ് 11ല്‍ അവസരം ലഭിക്കാന്‍ സഞ്ജുവിന് മികച്ച പ്രകടനം നടത്തേണ്ടതായുണ്ടായിരുന്നു. ജോസ് ബട്‌ലര്‍ മടങ്ങിയതോടെ രാജസ്ഥാന്‍ ബാറ്റിങ് നിരയില്‍ സീനിയര്‍ താരങ്ങളുടെ അഭാവമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിക്കറ്റ് കാത്ത് കളിക്കാനുള്ള പദ്ധതിയായിരുന്നു സഞ്ജു നടത്തേണ്ടിയിരുന്നത്. പക്ഷെ സഞ്ജുവിന് ഇത് സാധിക്കാതെ പോയത് മധ്യനിരയെ ബാധിച്ചു. ദ്രുവ് ജുറേല്‍ റണ്ണൗട്ടായാണ് മടങ്ങിയത്. വിരാട് കോലിയുടെ ത്രോയിലാണ് ഈ വിക്കറ്റ് നഷ്ടമായത്.
രാജസ്ഥാനെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ടത് സഞ്ജുവിന്റെ വിക്കറ്റാണ്. ഇത് നന്നായി അറിയാവുന്ന സഞ്ജു സ്വയം സാഹസം കാട്ടി വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം ഡഗൗട്ടില്‍ നിരാശയോടെ ആരോടും സംസാരിക്കാതെ ഇരിക്കുന്ന സഞ്ജുവിനെയാണ് കണ്ടത്. എന്തായാലും സഞ്ജുവിന്റെ പ്രകടനം നായകനെന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ നിരാശപ്പെടുത്തിയെന്ന് തന്നെ പറയാം.