ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. ശക്തമായ പടയൊരുക്കം ടീമുകള്‍ ആരംഭിച്ച് കഴിഞ്ഞു. ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാംപും സജീവമായിരിക്കുകയാണ്. നായകന്‍ സഞ്ജു സാംസണ്‍ രാജസ്ഥാനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും രാജസ്ഥാന്‍ തങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് വൈറലായിട്ടുണ്ട്. നെറ്റ്‌സില്‍ സഞ്ജു തല്ലിത്തകര്‍ക്കുകയാണ്.
സ്പിന്നര്‍മാരെ തുടര്‍ച്ചയായി സിക്‌സര്‍ പറത്തുകയും റിവേഴ്‌സ് സ്വീപ് ഷോട്ടുകള്‍ പരിശീലിക്കുകയുമാണ് സഞ്ജു ചെയ്തിരിക്കുന്നത്. വരുന്ന സീസണ്‍ സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അവസാന സീസണില്‍ നന്നായി തുടങ്ങാന്‍ രാജസ്ഥാനായിരുന്നു. എന്നാല്‍ അവസാന മത്സരങ്ങളില്‍ കാലിടറിയതോടെ രാജസ്ഥാന്‍ അഞ്ചാം സ്ഥാനക്കാരായി ഒതുങ്ങുകയായിരുന്നു. ഇതോടെ ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും അവസാനിച്ചു.
ഇത്തവണ രാജസ്ഥാന്‍ പ്ലേ ഓഫില്‍ കടന്നില്ലെങ്കില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി തെറിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. അതുകൊണ്ടുതന്നെ സഞ്ജുവിന് അഭിമാന പോരാട്ടമാണ് വരുന്ന സീസണ്‍. നെറ്റ്‌സില്‍ മിന്നുന്ന സഞ്ജുവിന് മത്സരത്തിലും ഇതേ മികവ് ആവര്‍ത്തിക്കേണ്ടതായുണ്ട്. ഐപിഎല്ലിന് ശേഷം ടി20 ലോകകപ്പ് വരാന്‍ പോവുകയാണ്. സഞ്ജുവിന് ടി20 ലോകകപ്പ് ടീമില്‍ പ്രതീക്ഷിക്കാനാവില്ല. എന്നാല്‍ ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനം നടത്തിയാല്‍ സഞ്ജു പരിഗണിക്കപ്പെട്ടേക്കും.
ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമാണ് സഞ്ജു. എന്നാല്‍ റണ്‍വേട്ടക്കാരില്‍ ആദ്യ അഞ്ചിലേക്കെത്തുന്ന തരത്തില്‍ മികവ് കാട്ടാന്‍ സഞ്ജുവിനായിട്ടില്ല. 17ാം സീസണില്‍ ഈ നേട്ടത്തിലെത്താന്‍ സഞ്ജുവിനാകുമോയെന്നതാണ് അറിയേണ്ടത്. ബിസിസിഐയുടെ പുതിയ വാര്‍ഷിക കരാറില്‍ സഞ്ജു സാംസണ്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ തിളങ്ങിയാല്‍ ലോകകപ്പിലേക്കെത്താനുള്ള സുവര്‍ണ്ണാവസരം സഞ്ജുവിന് മുന്നിലുണ്ട്.

രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന താരങ്ങള്‍ ഉടന്‍ തന്നെ രാജസ്ഥാന്‍ റോയല്‍സ് ക്യാംപിലേക്കെത്തുമെന്നാണ് വിവരം. ജോസ് ബട്‌ലര്‍ അടുത്ത ആഴ്ച ക്യാംപിലേക്കെത്തിയേക്കും. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര 11നാണ് അവസാനിക്കുന്നത്. ഇതിന് ശേഷം യശ്വസി ജയ്‌സ്വാളും ആര്‍ അശ്വിനും രാജസ്ഥാന്റെ ക്യാംപിലേക്കെത്തിയേക്കും. ട്രന്റ് ബോള്‍ട്ട് ടൂര്‍ണമെന്റിന് തൊട്ടടുത്തായെ രാജസ്ഥാന്‍ ക്യാംപിലേക്കെത്തുകയുള്ളൂവെന്നാണ് വിവരം.
യുസ്‌വേന്ദ്ര ചഹാല്‍ ഉടന്‍ തന്നെ ടീമിനൊപ്പം ചേരും. ഇത്തവണ രാജസ്ഥാന്‍ കരുത്തരുടെ നിരയാണ്. ജോസ് ബട്‌ലര്‍-യശ്വസി ജയ്‌സ്വാള്‍ ഓപ്പണിങ് കൂട്ടുകെട്ടിലാണ് രാജസ്ഥാന്റെ എല്ലാ പ്രതീക്ഷികളും. ജയ്‌സ്വാളിന്റെ സമീപകാല പ്രകടനങ്ങള്‍ ഗംഭീരമാണെന്നത് രാജസ്ഥാന്റെ പ്രതീക്ഷകള്‍ സജീവമാക്കുന്നു. എന്നാല്‍ ജോസ് ബട്‌ലര്‍ ഇത്തവണ കൂടുതല്‍ മികവ് കാട്ടേണ്ടതായുണ്ട്. സ്പിന്‍ കരുത്തില്‍ രാജസ്ഥാന്‍ എല്ലാവരേയും ഞെട്ടിക്കും.
ആര്‍ അശ്വിനും ചഹാലും തകര്‍പ്പന്‍ ഫോമില്‍ പന്തെറിയുന്നു. എന്നാല്‍ രാജസ്ഥാനെ പ്രതികൂലമായി ബാധിക്കുന്ന കാര്യം മികച്ച പേസ് ഓള്‍റൗണ്ടറുടെ അഭാവമാണ്. ജേസന്‍ ഹോള്‍ഡറെ ഒഴിവാക്കിയ രാജസ്ഥാന് ആ സ്ഥാനത്തേക്ക് മികച്ചൊരു താരത്തെ കൊണ്ടുവരാനായിട്ടില്ല. മധ്യനിരയില്‍ റോവ്മാന്‍ പവല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവരെ വിദേശ താരങ്ങളില്‍ നിന്ന് പരിഗണിക്കാം. റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍ എന്നിവര്‍ സമീപകാലത്തായി ശ്രദ്ധേയ പ്രകടനം നടത്തുന്ന യുവതാരങ്ങളാണ്.
ഇതും രാജസ്ഥാന്റെ കിരീട സാധ്യത ഉയര്‍ത്തുന്നു. പേസ് നിരയില്‍ ട്രന്റ് ബോള്‍ട്ടിനൊപ്പം നില്‍ക്കുന്ന ഒരു ബൗളറുടെ അഭാവം രാജസ്ഥാനുണ്ട്. ആവേശ് ഖാന്‍, കുല്‍ദീപ് സെന്‍, നവദീപ് സൈനി, പ്രസിദ്ധ് കൃഷ്ണ എന്നിവരെല്ലാം തല്ലുകൊള്ളികളാണ്. സന്ദീപ് ശര്‍മ ന്യൂബോളില്‍ മികവ് കാട്ടി വിറപ്പിക്കാന്‍ ശേഷിയുള്ളവനാണ്. എന്തായാലും ഇത്തവണ ശക്തമായ പോരാട്ടം കാഴ്ചവെക്കാമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാന്‍. ടീമിനത് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.