For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹാട്രിക്ക് തോല്‍വി, ടീമംഗങ്ങള്‍ക്കു എന്ത് ഉപദേശം നല്‍കും? തുറന്നു പറഞ്ഞ് സഞ്ജു

17ാമത് ഐപിഎല്‍ സീസണ്‍ ഗംഭീരമായി തുടങ്ങിയ ശേഷം രാജസ്ഥാന്‍ റോയല്‍സിനു ഇപ്പോള്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. സീസണിന്റെ ആദ്യകുതിയിലെ മികവ് രണ്ടാംപകുതിയില്‍ റോയല്‍സിനു പുറത്തെടുക്കാനായിട്ടില്ലെന്നു കാണാം. കഴിഞ്ഞ ദിവസം ഹാട്രിക്ക് പരാജയമാണ് സഞ്ജു സാംസണിനും സംഘത്തിനും നേരിട്ടത്. ഒരൊറ്റ വിജയം മാത്രമകലെ പ്ലേഓഫ് ടിക്കറ്റുണ്ടായിട്ടും അതു നേടിയെടുക്കാന്‍ റോയല്‍സിനു സാധിക്കുന്നില്ല.

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു അഞ്ചു വിക്കറ്റിന്റെ പരാജയമാണ് റോയല്‍സിനു നേരിട്ടത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സഞ്ജുവിന്റെ തീരുമാനവും തുടര്‍ന്നു ബാറ്റിങ് നിരയുടെ മോശം പ്രകടനവും റോയല്‍സിനു തിരിച്ചടിയാവുകയായിരുന്നു. ടീമിനു തുടരെ തിരിച്ചടികള്‍ നേരിട്ടു കൊണ്ടിരിക്കെ റോയല്‍സിന്റെ ഡ്രസിങ് റൂമില്‍ ടീമംഗങ്ങള്‍ക്കു താന്‍ നല്‍കാന്‍ പോവുന്ന സന്ദേശം എന്താണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു. സിഎസ്‌കെയുമായുള്ള തോല്‍വിക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

SANJU SAMSON

സിഎസ്‌കെയ്‌ക്കെതിരേ ബാറ്റിങ് തിരഞ്ഞെടുത്തപ്പോള്‍ 170നടുത്ത് റണ്‍സ് താന്‍ പ്രതീക്ഷിച്ചിരുന്നതായും പക്ഷെ അതിനു കഴിഞ്ഞില്ലെന്നും സഞ്ജു വ്യക്തമാക്കി. ഈയൊരു ഘട്ടത്തില്‍ പ്ലേഓഫ് യോഗ്യതയെക്കുറിച്ച് ചിന്തിക്കുന്നതെല്ലാം വളരെ സാധാരണമാണ്. ഞങ്ങള്‍ക്കു നിയന്ത്രിക്കാന്‍ പറ്റുന്ന കാര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ഇപ്പോഴുള്ള അതേ പ്രക്രിയ തുടര്‍ന്നു പോവണമെന്നായിരിക്കും ഞാന്‍ ടീമംഗങ്ങളോടു ഉപദേശിക്കുക. അടുത്ത മല്‍സരത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട ടീമാവാമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സഞ്ജു വിശദമാക്കി.

വിക്കറ്റ് സ്ലോയാണെന്നുള്ള സന്ദേശമാണ് പവര്‍പ്ലേയ്ക്കു ശേഷം ലഭിച്ചതെന്നു ഞാന്‍ കരുതുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ചതു പോലെയുള്ള ബൗണ്‍സുമുണ്ടായില്ല. ഞാന്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്ന സമയത്തു പ്രതീക്ഷിച്ചിരുന്ന ടീം ടോട്ടല്‍ 170ന് അടുത്തായിരുന്നു. പക്ഷെ ഞങ്ങള്‍ക്കു 20-25 റണ്‍സ് കുറവായിരുന്നു. ഞങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു. അവര്‍ക്കു (സിഎസ്‌കെ) സാഹചര്യങ്ങളെക്കുറിച്ച് അറിയാം. വളരെ സ്മാര്‍ട്ടായി ബൗള്‍ ചെയ്യുകയും ചെയ്തു. സിമര്‍ജീത്ത് (സിങ്) വളരെ നന്നായിട്ട് ബൗള്‍ ചെയ്തുവെന്നും റോയല്‍സ് നായകന്‍ നിരീക്ഷിച്ചു.

എവേ മല്‍സരങ്ങളില്‍ എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്കു ഉറപ്പില്ല. ഈ വേദിയില്‍ ആദ്യം ബാറ്റ് ചെയ്യുന്നതായിരിക്കും നല്ലതെന്നാണ് കരുതിയത്. ഈ വിക്കറ്റുകളില്‍ ചേസ് ചെയ്യേണ്ട ഒരു സ്‌കോറിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ സിഎസ്‌കെയ്ക്കു കൂടുതല്‍ മെച്ചപ്പെട്ട ധാരണയുണ്ടാവും. രണ്ടാമിന്നിങ്‌സില്‍ പിച്ച് സ്ലോയാവുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. പക്ഷെ ഇതു മെച്ചപ്പെടുകയാണ് ചെയ്തത്. ഇവിടെ രാത്രി മല്‍സരങ്ങളില്‍ കളിക്കുമ്പോള്‍ മഞ്ഞുവീഴ്ചയുണ്ടാവുമെന്നതിനാല്‍ റണ്‍ചേസ് തന്നെയാണ് മികച്ച ഓപ്ഷന്‍ എന്നതില്‍ സംശയമില്ല.

ROYALS

ഇന്ത്യയില്‍ വേനല്‍ക്കാലം കൂടുതല്‍ ചൂടേറി കൊണ്ടിരിക്കുകയാണ്. ഇതു വിക്കറ്റിന്റെ ചൂട് വര്‍ധിപ്പിക്കുകയും ചെയ്തു. വിക്കറ്റ് സ്ലോയാവുമെന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്. സിഎസ്‌കെയും വളരെ നന്നായിട്ട് തന്നെ ബാറ്റ് ചെയ്തു. മല്‍സരം 18ാമത്തെ ഓവര്‍ വരെ പോയതു പരിഗണിക്കുമ്പോള്‍ ബാറ്റിങ്ങിനു വിക്കറ്റ് കടുപ്പമായിരുന്നുവെന്നാണ് വ്യക്തമാവുന്നതെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

അതേസമയം, ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത റോയല്‍സിനു അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് സ്‌കോര്‍ ചെയ്യാനായത്. പുറത്താവാതെ 47 റണ്‍സെടുത്ത റിയാന്‍ പരാഗിന്റെ ഇന്നിങ്‌സാണ് അവര്‍ക്കു രക്ഷയായത്. മൂന്നു വിക്കറ്റെടുത്ത സിമര്‍ജീത്താണ് റോയല്‍സിനെ ഒതുക്കിയത്. മറുപടിയില്‍ 18.2 ഓവറില്‍ അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തില്‍ സിഎസ്‌കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച നായകന്‍ റുതുരാജ് ഗെയ്ക്വാദ് 42 റണ്‍സുമായി പുറത്താവാതെ നിന്നു. ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹമാണ്. രചിന്‍ രവീന്ദ്ര 27ഉം ഡാരില്‍ മിച്ചെല്‍ 22ഉം റണ്‍സെടുത്തു.

Story first published: Monday, May 13, 2024, 7:45 [IST]
Other articles published on May 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+