ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിന് മുന്നോടിയായി മെഗാ ലേലം ഉണ്ടായിരിക്കുമെന്ന് ഇതിനോടകം ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി അറിയേണ്ടത് ആരെയൊക്കെയാവും ടീമുകള്‍ നിലനിര്‍ത്തുകയെന്നതാണ്. പല ടീമുകളിലും വലിയ അഴിച്ചുപണികള്‍ വരുന്ന സീസണില്‍ ഉണ്ടായേക്കും. രാജസ്ഥാന്‍ റോയല്‍സ് മലയാളി ആരാധകരെ സംബന്ധിച്ച് ഇഷ്ട ടീമുകളിലൊന്നാണ്. അതിന് കാരണം മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാന്റെ നായകന്‍ എന്നതാണ്.
ഈ സീസണിന് ശേഷം രാജസ്ഥാനില്‍ വലിയ അഴിച്ചുപണി ഉറപ്പാണ്. ഇത്തവണത്തെ പ്രകടനം വിലയിരുത്തിയാവും ആരെയൊക്കെ നിലനിര്‍ത്തണം, ഒഴിവാക്കണം എന്ന് തീരുമാനിക്കുക. ഇപ്പോഴിതാ രാജസ്ഥാന്‍ ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ എന്നിവരിലൊരാളെ മാത്രമെ അടുത്ത സീസണില്‍ നിലനിര്‍ത്തുകയുള്ളൂവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ആരെയാവും രാജസ്ഥാന്‍ ഒഴിവാക്കുകയെന്ന ചോദ്യമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
രാജസ്ഥാന്റെ നായകനാണ് സഞ്ജു. മലയാളി താരത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഫൈനലിലടക്കം കളിക്കാന്‍ രാജസ്ഥാനായി. എന്നാല്‍ കപ്പിലേക്കെത്താന്‍ ഭാഗ്യമുണ്ടായില്ല. എന്നാല്‍ ഇതിന് ശേഷം പ്ലേ ഓഫിലേക്കെത്താനുള്ള ഭാഗ്യം രാജസ്ഥാനുണ്ടായിട്ടില്ല. അവസാന സീസണില്‍ അഞ്ചാം സ്ഥാനക്കാരായിരുന്നു രാജസ്ഥാന്‍. മികച്ച തുടക്കം ലഭിക്കുകയും ആദ്യ പാദത്തില്‍ കസറുകയും ചെയ്ത രാജസ്ഥാന്‍ രണ്ടാം പാദത്തില്‍ കളി മറക്കുകയായിരുന്നു.
ഇത്തവണ രാജസ്ഥാന് കിരീടത്തിലേക്കെത്താനാവാത്ത പക്ഷം സഞ്ജുവിന് കാര്യങ്ങള്‍ പ്രയാസമായിരിക്കും. സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കാന്‍ മടിക്കുന്നതിന്റെ കാരണം അദ്ദേഹത്തിന്റെ ആരാധക പിന്തുണയാണ്. ഇന്ത്യന്‍ ടീമില്‍ സഞ്ജു സജീവമല്ലെങ്കിലും വലിയ ആരാധക പിന്തുണ താരത്തിനുണ്ട്. അതുകൊണ്ടുതന്നെ സഞ്ജു ആരാധകര്‍ രാജസ്ഥാനെയും പിന്തുണക്കുന്നു. സഞ്ജുവിനെ ഒഴിവാക്കിയാല്‍ രാജസ്ഥാന്‍ ആരാധകരുടെ എണ്ണത്തിലും കുറവുണ്ടായേക്കും.

ജോസ് ബട്‌ലറെ രാജസ്ഥാന്‍ നായകസ്ഥാനത്തേക്കെത്തിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ബട്‌ലര്‍ ടി20 ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ്. ബാറ്റിങ് പ്രകടനം സഞ്ജുവിനെക്കാള്‍ മികച്ചതുമാണ്. എന്നാല്‍ സഞ്ജുവിന്റെ അത്ര ആരാധക പിന്തുണ സഞ്ജുവിനില്ല. ഇക്കാരണത്താല്‍ത്തന്നെ ബട്‌ലറെ നായകസ്ഥാനത്തേക്കെത്തിക്കുന്നതില്‍ രാജസ്ഥാന്‍ രണ്ടുവട്ടം ചിന്തിച്ചേക്കും. അവസാന സീസണില്‍ ബട്‌ലര്‍ നിരാശപ്പെടുത്തിയിരുന്നു.
ഇത്തവണത്തെ സീസണിലെ സഞ്ജുവിന്റേയും ബട്‌ലറുടേയും പ്രകടനം നിര്‍ണ്ണായകമാവും. മറ്റ് ചില പ്രധാന മാറ്റങ്ങള്‍ക്കും രാജസ്ഥാന്‍ തയ്യാറെടുക്കുകയാണ്. ആര്‍ അശ്വിനെ രാജസ്ഥാന്‍ ഒഴിവാക്കിയേക്കുമെന്നാണ് സൂചന. സ്പിന്‍ ഓള്‍റൗണ്ടറായ അശ്വിന്‍ രാജസ്ഥാനായി ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. എന്നാല്‍ അശ്വിനെ കൈവിടാന്‍ രാജസ്ഥാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് സൂചന. യശ്വസി ജയ്‌സ്വാളിനെ രാജസ്ഥാന്‍ നിലനിര്‍ത്തുമെന്നുറപ്പാണ്.
വെടിക്കെട്ട് ഓപ്പണറായ ജയ്‌സ്വാള്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ്. ഇന്ത്യയുടെ അടുത്ത സൂപ്പര്‍ ഹീറോയായി വളരുന്ന ജയ്‌സ്വാളിനെ രാജസ്ഥാന്‍ നിലനിര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. ജയ്‌സ്വാളിനെ ഒഴിവാക്കിയാല്‍ തിരികെ ടീമിലേക്കെത്തിക്കുക പ്രയാസമാവും. ലേലത്തിലേക്ക് എത്തിപ്പെട്ടാല്‍ ജയ്‌സ്വാളിന് കോടികള്‍ പ്രതിഫലം നല്‍കേണ്ടി വരും. മിക്ക ടീമുകളും ജയ്‌സ്വാളിനായി രംഗത്തെത്താനാണ് സാധ്യത.
അതുകൊണ്ടുതന്നെ ഇതിനുള്ള അവസരം രാജസ്ഥാന്‍ ഒരുക്കിയേക്കില്ല. ദ്രുവ് ജുറേലിനെയും രാജസ്ഥാന്‍ നിലനിര്‍ത്തുമെന്നാണ് വിവരം. യുസ് വേന്ദ്ര ചഹാലിനെ വിട്ടുകളയില്ലെന്നും സൂചനകളുണ്ട്. ആര്‍സിബി ഒഴിവാക്കിയ ചഹാല്‍ രാജസ്ഥാനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ചഹാലിനെ രാജസ്ഥാന്‍ നിലനിര്‍ത്താനാണ് സാധ്യത കൂടുതല്‍. ഷിംറോന്‍ ഹെറ്റ്‌മെയറെ രാജസ്ഥാന്‍ ഒഴിവാക്കാനാണ് സാധ്യത.
പേസ് നിരയില്‍ ട്രന്റ് ബോള്‍ട്ടിനെ നിലനിര്‍ത്താനാണ് സാധ്യത. ന്യൂബോളില്‍ കസറുന്ന ട്രന്റ് ബോള്‍ട്ടിനൊപ്പം നില്‍ക്കുന്ന മറ്റ് ബൗളര്‍മാരുടെ അഭാവം രാജസ്ഥാനുണ്ട്. ഇത്തവണ മികച്ച താരനിര രാജസ്ഥാനുണ്ട്. എന്നാല്‍ പേസ് ഓള്‍റൗണ്ടറുടെ അഭാവം നിഴലിച്ച് നില്‍ക്കുന്നു. എങ്കിലും ഭാഗ്യം തുണച്ചാല്‍ ഇത്തവണ കപ്പിലേക്കെത്താനുള്ള കരുത്ത് രാജസ്ഥാനുണ്ടാവും.